വെള്ളത്തിൽ കൈകാലിട്ടടിച്ച മൂന്ന് യുവാക്കൾക്ക് രക്ഷകനായെത്തി; ഒടുവിൽ മരണം ആ രക്ഷകനുമായി നടന്നകന്നു...

വിധിക്ക് മുന്നില്‍ പകച്ച് മഹാപ്രളയത്തിന് ഇരയായ ഒരു കുടുംബം. മഹാപ്രളയത്തിൽ മുങ്ങിത്താന്ന മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് മരണം ജലീലിനെ കൊണ്ടുപോയത്. എല്ലാവരെയും സഹായിക്കുന്ന മനസ്സായിരുന്നു അബ്ദുല്‍ ജലീലിന്റേത്. അപകടത്തിലേക്കു നയിച്ചതും ആ നല്ല മനസ്സാണ്.വിവാഹ പ്രായമെത്തിയ രണ്ടു പെൺമക്കളടക്കം മൂന്നു മക്കളെയും നെഞ്ചോടു ചേർത്തുപിടിച്ചു ദുഃഖം മറക്കാൻ പാടുപെടുകയാണ് അബ്ദുൽ ജലീലിന്റെ ഭാര്യ റസിയ. വാപ്പയില്ലാത്ത ലോകമാണ് ഇനി മുന്നിലുള്ളതെന്ന് വിശ്വസിക്കാനാകാതെ മൂന്നുമക്കളും.
ഇടപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു രണ്ടര ലക്ഷത്തോളം രൂപ വായ്പയെടുത്തു വാങ്ങിയ ഓട്ടോ ടാക്‌സി ഓടിച്ചാണ് അബ്ദുല്‍ ജലീല്‍ കുടുംബം പുലര്‍ത്തിയിരുന്നത്. വായ്പാത്തുക തിരിച്ചടയ്ക്കാന്‍ എന്തു ചെയ്യുമെന്നു റസിയയ്ക്കറിയില്ല. മൂത്ത മകള്‍ അന്‍വറ താജ് സമീപത്തെ സ്വകാര്യ കമ്പനിയില്‍ അപ്രന്റീസ് ട്രെയിനിയാണ്. മറ്റൊരു മകള്‍ അന്‍വറ തസ്‌നി പ്ലസ് ടു വിദ്യാര്‍ഥിയാണ്. മകന്‍ അമീന്‍ തൗഫീക് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മറ്റു വരുമാന മാര്‍ഗമില്ല.
16നു രാത്രി പ്രളയജലം മുട്ടാര്‍പുഴയില്‍ നിന്ന് ഇടപ്പള്ളി തോട്ടിലേക്കു ഇരച്ചു കയറിയപ്പോള്‍ തോടിനു സമീപമുള്ള ജലീലിന്റെ വീട്ടിലേക്കും വെള്ളം കയറി. ഭാര്യയെയും മക്കളെയും സുരക്ഷിതമായി രാത്രിതന്നെ ബന്ധുവീട്ടിലാക്കി. 17നു രാവിലെ വീട്ടിലെ സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്താക്കി മടങ്ങുമ്പോഴാണ് ഇന്ദിരാജി പാലത്തിനു സമീപം വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന മൂന്ന് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു കൈകാലിട്ടടിക്കുന്നതു ജലീലിന്റെ ശ്രദ്ധയില്‍പെട്ടത്.
ഒട്ടും സമയം കളയാതെ യുവാക്കളെ രക്ഷപ്പെടുത്താന്‍ ജലീല്‍ തോട്ടിലേക്കു ചാടുകയായിരുന്നു. യുവാക്കളെ രക്ഷപ്പെടുത്തിയ ശേഷം തിരികെ നീന്തിയ ജലീല്‍ കൈകാലുകള്‍ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. കരയില്‍ നിന്നവര്‍ കയറി നിന്ന് രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ പിറ്റേന്നു രാത്രിയാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















