കൈകാലുകൾ ചലിപ്പിക്കാനാകാത്തത് അനസ്‌തേഷ്യയുടെ ശക്തികൊണ്ടാണെന്ന് കരുതി സ്വന്തം അവസ്ഥയെക്കുറിച്ച് അറിയാതെ ആശുപത്രി കിടക്കയിൽ ഹനാൻ; എഴുന്നേറ്റ് നടക്കാൻ പോലും മാസങ്ങളെടുക്കുമെന്ന് ഡോക്ടർമാർ: ആശുപത്രി വിട്ടാൽ കൊച്ചി മാടവനയിലെ ഒറ്റമുറി വീട്ടില്‍ തനിച്ചാകുന്ന ഹനാനെ ആര് പരിചരിക്കും? ആശങ്ക തുടരുന്നു...

കോഴിക്കോട് ജുവലറി ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങും വഴി ഇന്നലെ രാവിലെ കൊടുങ്ങല്ലൂര്‍ വെച്ച് ഉണ്ടായ അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാന്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ മാസങ്ങളെടുക്കുമെന്ന് റിപ്പോർട്ടുകൾ. ഇടിയുടെ ആഘാതത്തില്‍ 12-ാമത്തെ എല്ലിന് പൊട്ടലുണ്ടായി. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ എല്ലിന്റെ പൊട്ടല്‍ ശരിയാക്കിയിട്ടുണ്ട്.
കൃത്യമായ ചികിത്സയിലൂടെയും ഫിസിയോതെറാപ്പികളിലൂടെയും മാത്രമേ ഹനാന് സാധാരണനിലയിലേക്ക് തിരിച്ചെത്താനാകൂ. സ്വന്തം അവസ്ഥയെക്കുറിച്ച് ഹനാന് ഇപ്പോഴും അറിയില്ല. അനസ്‌തേഷ്യയുടെ ശക്തികൊണ്ടാണ് കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കാത്തതെന്നാണ് ഹനാൻ കരുതുന്നത്.
ഹനാന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ഹോസ്പിറ്റലില്‍ നിന്നും വിട്ടുകഴിഞ്ഞാല്‍ കൂടെ നില്‍ക്കാനെ ശുശ്രൂഷിക്കാനോ ആരും തന്നെ ഹനാനില്ല എന്നുള്ളത് ദയനീയാവസ്ഥയാണ്. ഹനാന്‍ പഠിക്കുന്ന തൊടുപുഴയിലെ അല്‍-അസര്‍ കോളേജ് അധികൃതര്‍ ഫിസിയോതെറാപ്പിയുള്‍പ്പടെയുള്ള ചികിത്സകള്‍ ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണ്. അല്‍-അസര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഒരു ലക്ഷം ഇതിനോടകം അടിയന്തര ശസ്ത്രക്രിയയ്ക്കായി നല്‍കിക്കഴിഞ്ഞു. രണ്ടരലക്ഷം രൂപയോളമായി ഹനാന്റെ ശസ്ത്രക്രിയ ചെലവ്.
ഈ അവസ്ഥയില്‍ ഹനാനെ നോക്കാന്‍ ആരുമില്ലെന്നുള്ളതാണ് ദയനീയമായ അവസ്ഥ. കൊച്ചി മാടവനയിലെ ഒറ്റമുറി വീട്ടില്‍ തനിച്ചാണ് ഹനാന്റെ താമസം. അച്ഛന്‍ ഉപേക്ഷിച്ചു പോയ ഹനാന് പിന്നെ ആകെയുള്ളത് രോഗിയായ അമ്മയാണ്. യൂണിഫോമില്‍ മീന്‍ വിറ്റതിലൂടെയാണ് ഹനാന് മാധ്യമശ്രദ്ധനേടുന്നത്. ഈ വാര്‍ത്തയെത്തുടര്‍ന്ന് സിനിമയിലേക്കും ഹനാന് ക്ഷണം ലഭിച്ചിരുന്നതാണ്.
സർക്കാർ മാത്രമാണ് ഹനാന് സഹായവുമായുള്ളത്. അപകട വാർത്തയറിഞ്ഞയുടനെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. എന്നാൽ മറ്റാരുടെയും പിന്തുണ ഇവർക്ക് കിട്ടുന്നില്ല.
https://www.facebook.com/Malayalivartha























