സി പി എമ്മിനെ മുട്ടുകുത്തിക്കാൻ കുഞ്ഞികൃഷ്ണന്റെ പുസ്തകം ! ഇറങ്ങിയാൽ കത്തിക്കും ജീവനും ഭീഷണി കണ്ണൂരിൽ കലാപം

‘ഊണു കഴിഞ്ഞ് ഏമ്പക്കം വിട്ടിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരൻ എന്നാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞിക്കൃഷ്ണനെതിരെ പയ്യന്നൂരിൽ പതിച്ച പോസ്റ്റുകൾ. ആ പോസ്റ്ററുകൾ അവസാനിക്കുന്നത് രക്തസാക്ഷികൾ സിന്ദാബാദ് എന്ന വിപ്ലവ മുദ്രാവാക്യത്തിലാണ് . രക്തസാക്ഷി ഫണ്ട് തിരിമറിച്ചുവെന്ന് ആരോപിച്ച് കുഞ്ഞിക്കൃഷ്ണൻ സിപിഎമ്മിലെ ചില നേതാക്കളെ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. ഇതേ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം സി പി എമ്മിന്റെ അന്ത്യം കുറിക്കും. അതിനാൽ പുസ്തകം ഇറങ്ങിയാൽ കത്തിക്കാനാണ് നീക്കം.
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരുന്നു അദ്ദേഹം. പാർട്ടി വഴിയിലൂടെ തന്നെയാണ് തന്റെ പരാതിയുമായി കുഞ്ഞിക്കൃഷ്ണൻ നടന്നത്. ഒടുവിൽ പരാതി തള്ളി പരാതിക്കാരനെ ശാസിക്കുകയും ചെയ്യതോടെയാണ് കുഞ്ഞികൃഷ്ണൻ തിരുത്താൻ ശ്രമിച്ചത്.എന്നാൽ പാർട്ടി കുഞ്ഞികൃഷ്ണനെ തിരുത്തി.
‘രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തുമെന്ന് പയ്യന്നൂരിൽ പാർട്ടി പ്രവർത്തകർ ഒരിക്കലും വിശ്വസിക്കില്ല’. കുഞ്ഞിക്കൃഷ്ണൻ തുറന്നു പറയാൻ തയ്യാറായതും അതു കൊണ്ടാണ്. ധനരാജ് ഫണ്ട് ക്രമക്കേട് അടക്കം പയ്യന്നൂരിലെ പാർട്ടി ഫണ്ട് ക്രമക്കേടും പുറത്തു കൊണ്ടു വന്നത് മലയാള മനോരമയാണ്.
‘സിപിഎമ്മിൽ അസംതൃപ്തർ ഏറി വരികയാണ്. ഇതേ നില തുടർന്നാൽ കേരളത്തിലെ പാർട്ടിക്ക് ബംഗാളിലെ പാർട്ടിയുടെ സ്ഥിതി വരും.’ ഇതു പറയുന്നതു സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞിക്കൃഷ്ണനാണ്. കുഞ്ഞിക്കൃഷ്ണന്റെ വീർപ്പുമുട്ടൽ പയ്യന്നൂരിലെ പാർട്ടി സഖാക്കൾ വർഷങ്ങളായി നേരിട്ട് അനുഭവിക്കുന്നതാണ്. അതു കുഞ്ഞിക്കൃഷ്ണനിലൂടെ പുറത്തുവന്നുവെന്ന്
മാത്രം. 10 വർഷത്തോളമായി പയ്യന്നൂരിൽ പുകയുന്നതാണു ചില പാർട്ടി നേതാക്കളുടെ ഭൂമാഫിയ ബന്ധവും വൻകിട പണക്കാരുമായുള്ള ഇടപാടുകളും ഗുണ്ടാബന്ധവുമൊക്കെ. അതിനു മുൻപ്, ഇങ്ങനെയായിരുന്നില്ല പയ്യന്നൂരിലെ പാർട്ടി. ടി.പുരുഷുവിന്റെ നേതൃത്വത്തിൽ ബ്ലേഡ് മാഫിയക്കെതിരെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ നടത്തിയ വീറുറ്റ പോരാട്ടത്തിലൂടെ ശ്രദ്ധേയമായ നാടാണത്. ടി.പുരുഷു പിന്നീടു പാർട്ടിക്കു പുറത്തായെന്നതു ചരിത്രം. ആർക്കെതിരെയാണോ അന്നു സമരം നടന്നത്, അവരുമായി പിന്നീടു ചില പ്രധാന നേതാക്കൾ ചങ്ങാത്തം കൂടുന്നതും പയ്യന്നൂരിനു നോക്കി നിൽക്കേണ്ടി വന്നു.
കുഞ്ഞിക്കൃഷ്ണനെ പാർട്ടി ‘വർഗശത്രുവാക്കും. പക്ഷേ, പുസ്തകത്തിലെ കണക്കുകൾക്കു പാർട്ടി മറുപടി പറയേണ്ടി വരും. പയ്യന്നൂരിൽ മാത്രമല്ല, പുറത്തും കുഞ്ഞിക്കൃഷ്ണന്റെ വാക്കുകളെ പ്രതിരോധിക്കാനും പാർട്ടി അൽപം വിയർക്കും. കാരണം, പാർട്ടിക്കെതിരെ തിരിഞ്ഞ മറ്റു നേതാക്കളെ പോലെയല്ല കുഞ്ഞിക്കൃഷ്ണൻ. ഏതെങ്കിലും പാർട്ടിയിലേക്കു പോകുന്നില്ല. സ്ഥാനമാനങ്ങളും ലക്ഷ്യമില്ല. 50 വർഷത്തിലധികം നീണ്ട പൊതുപ്രവർത്തനത്തിനൊടുവിൽ, കറ പുരളാത്ത പാർട്ടിക്കുപ്പായമിട്ടു തന്നെയാണു കുഞ്ഞിക്കൃഷ്ണൻ പാർട്ടിക്കു പുറത്തേക്കു നടക്കുന്നത്. ഇതാണ് സാഹചര്യമെന്നിരിക്കെ പാർട്ടിക്ക് കുറെ വിയർപ്പ് ഒഴുക്കേണ്ടി വരും.
പാർട്ടി പറയുന്നതു കേട്ട്, പാർട്ടിക്കു വേണ്ടി പണിയെടുത്തയാളായിരുന്നു അദ്ദേഹം. അർഹതയുണ്ടായിട്ടും പഞ്ചായത്ത് വാർഡിലേക്കു പോലും മത്സരിച്ചില്ല. കണക്കിൽ കണിശക്കാരൻ. മറ്റൊരു പാർട്ടിയിലേക്കു പോകാനോ അതിലൂടെ സ്ഥാനം നേടാനോ വേണ്ടിയല്ല കുഞ്ഞിക്കൃഷ്ണൻ പാർട്ടിയിലെ ചില നേതാക്കൾക്കെതിരെ തുറന്നടിച്ചത്. നേതൃത്വത്തെ അണികൾ തിരുത്താനാണ്. തന്റെ തുറന്നു പറച്ചിലിൽ ഒരു ചുക്കും സംഭവിക്കില്ലെന്നു കുഞ്ഞിക്കൃഷ്ണൻ തന്നെ പറയുന്നുണ്ട്.
ഇപ്പോൾ ഇതൊക്കെ വെളിപ്പെടുത്തിയതെന്തിനെന്നും കുഞ്ഞിക്കൃഷ്ണൻ പറയുന്നു: ‘പാർട്ടിക്ക് എല്ലായ്പ്പോഴും ഓരോ പരിപാടിയുണ്ട്. തിരയടങ്ങിയിട്ടു തോണിയിറക്കാൻ പറ്റില്ല. ഇപ്പോൾ പറഞ്ഞിട്ടില്ലെങ്കിൽ പിന്നീട് പറയാൻ കഴിഞ്ഞില്ലെന്നു വരും.’ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ കുഞ്ഞിക്കൃഷ്ണൻ ഇഫക്ട് ഉണ്ടാകും. അതിനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്.
കുഞ്ഞിക്കൃഷ്ണന്റെ പരാതിയെ അടിസ്ഥാനമാക്കി, പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിലെ തിരിമറിയും പണം നഷ്ടപ്പെട്ടതും മലയാള മനോരമയാണു പുറത്തു കൊണ്ടുവന്നത്. 2022 ഫെബ്രുവരിയിലും മേയിലും കൃത്യമായ കണക്കുകളിലൂടെ ക്രമക്കേട് പുറത്തു വന്നു. പല പ്രവർത്തകർക്കും അത് അവിശ്വസനീയമായിരുന്നു. ഏതു ഫണ്ടിൽ തിരിമറി നടന്നാലും രക്തസാക്ഷി ഫണ്ടിൽ തിരിമറി നടക്കില്ലെന്നായിരുന്നു പ്രവർത്തകരുടെ വിശ്വാസം. അതാണു പയ്യന്നൂരിൽ ഇല്ലാതായത്.
പാർട്ടിയെ എന്നും ജീവശ്വാസമായി കരുതുന്ന സിപിഎം പ്രവർത്തകർക്കു രക്തസാക്ഷികൾ വീരനായകരാണ്. രക്തസാക്ഷികളുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ എന്നും പാർട്ടി ശ്രദ്ധിച്ചിട്ടുമുണ്ട്. ധനരാജിനെ ആരാധനയോടെ കണ്ട പ്രവർത്തകരുള്ള പയ്യന്നൂരിലാണു ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നു 35 ലക്ഷം രൂപ കാണാതെ പോയതായി കുഞ്ഞിക്കൃഷ്ണൻ കണ്ടെത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടി 6 രസീതു ബുക്കുകൾ അധികവും അനധികൃതവുമായി അച്ചടിച്ചുവെന്ന ഗുരുതരമായ കണ്ടെത്തലുമുണ്ടായി. പാർട്ടി ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിനു വേണ്ടി ആദ്യഘട്ടത്തിൽ, സഹകരണ ജീവനക്കാരിൽ നിന്നു പിരിച്ചെടുത്ത 70 ലക്ഷം രൂപ കണക്കിൽ കാണാനില്ലെന്ന കണ്ടെത്തലും പാർട്ടി പ്രവർത്തകരുടെ മനസ്സാക്ഷിയെ വേട്ടയാടുന്നതാണ്.
ഒരു കോടിയിലധികം രൂപ പിരിച്ചെടുത്ത ധനരാജ് ഫണ്ടിൽ, ധനരാജിന്റെ കുടുംബത്തിനു വീടു വച്ചു നൽകിയതിനടക്കം ചെലവായതു കിഴിച്ചാൽ, 46 ലക്ഷം രൂപ ബാക്കി വേണമെന്നാണു കുഞ്ഞിക്കൃഷ്ണന്റെ കണ്ടെത്തൽ. അപ്പോഴും ധനരാജിന്റെ പേരിലുണ്ടായിരുന്ന 9.80 ലക്ഷം രൂപയുടെ കടം വർഷങ്ങളോളം വീട്ടാതെ കിടന്നു. ഫണ്ട് ക്രമക്കേട് വാർത്ത വന്നതിനു ശേഷമാണു പാർട്ടി ഈ കടം വീട്ടിയത്. ധനരാജ് രക്തസാക്ഷി ഫണ്ടിലടക്കം 3 പാർട്ടി ഫണ്ടുകളിൽ ക്രമക്കേട് നടന്നുവെന്നു തെളിവുകൾ സഹിതമാണു വി.കുഞ്ഞിക്കൃഷ്ണൻ ജില്ലാകമ്മിറ്റിക്കു പരാതി നൽകിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടി 6 രസീതു ബുക്കുകൾ അധികവും അനധികൃതവുമായി അച്ചടിച്ചുവെന്ന ഗുരുതരമായ കണ്ടെത്തലുമുണ്ടായി. പാർട്ടി ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിനു വേണ്ടി ആദ്യഘട്ടത്തിൽ, സഹകരണ ജീവനക്കാരിൽ നിന്നു പിരിച്ചെടുത്ത 70 ലക്ഷം രൂപ കണക്കിൽ കാണാനില്ലെന്ന കണ്ടെത്തലും പാർട്ടി പ്രവർത്തകരുടെ മനസ്സാക്ഷിയെ വേട്ടയാടുന്നതാണ്. ഈ ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരമില്ലാത്തതും ചോദ്യമുയർന്നപ്പോൾ മൂടി വയ്ക്കാൻ കുറ്റാരോപിതർ ശ്രമിച്ചതും വ്യാജരേഖ ചമച്ചതും പ്രവർത്തകരുടെ സംശയം വർധിപ്പിക്കുന്നു. ഈ കണക്കുകളെല്ലാം മൂടിവയ്ക്കുന്ന തരത്തിലാണു ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണക്കുകളെന്നും വി.കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു.
കുറ്റാരോപിതർക്കൊപ്പം താനും നടപടിക്കു വിധേയമായപ്പോഴും തിരിമറിക്കണക്കുകൾ പുറത്തു പറയാതെ, പാർട്ടിക്കൊപ്പം നിൽക്കുകയാണു കുഞ്ഞിക്കൃഷ്ണൻ ചെയ്തത്. തന്റെ പരാതിയെ പറ്റി വന്ന വാർത്തകൾ നിഷേധിച്ചില്ലെങ്കിലും കണക്കുകളൊന്നും പുറത്തുവിടാതെ അദ്ദേഹം പാർട്ടിയുടെ അച്ചടക്കം പാലിച്ചു. തന്റെ കണക്കുകളെയും കണ്ടെത്തലുകളെയും ജില്ലാ കമ്മിറ്റി തള്ളുന്നതും കുറ്റാരോപിതരെ പഴയ സ്ഥാനങ്ങളിൽ തിരിച്ചെത്തിക്കുന്നതും നിശ്ശബ്ദനായി നോക്കി നിന്നു. പക്ഷേ, പയ്യന്നൂരിലെ ചില നേതാക്കളുടെ പ്രവർത്തനശൈലി തുടരുകയായിരുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള പയ്യന്നൂരിലെ ഒരു സഹകരണ ബാങ്ക് വാങ്ങിയ ഭൂമിയുടെ വില സംബന്ധിച്ച് പയ്യന്നൂരിൽ വിവാദമുയർന്നു. സെന്റിനു 3.75 ലക്ഷം രൂപ വിലവരുന്ന ഭൂമി, സെന്റിനു 18 ലക്ഷം രൂപ കൊടുത്തു വാങ്ങിയതിനു പിറകിൽ ചില പാർട്ടി നേതാക്കളുടെ ഭൂമാഫിയ ബന്ധമാണെന്നായിരുന്നു വിവാദം.
ഇക്കാര്യം വി.കുഞ്ഞിക്കൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചു. പാർട്ടി അന്വേഷണ കമ്മിഷനെ വച്ചു. തെളിവു നൽകാൻ കുഞ്ഞിക്കൃഷ്ണനു സാധിച്ചില്ലെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. ഇ.പി.ജയരാജൻ – ജാവഡേക്കർ കൂടിക്കാഴ്ചയുടെ പേരിൽ മറ്റൊരു പരാതിയും കുഞ്ഞിക്കൃഷ്ണൻ ജില്ലാ കമ്മിറ്റിക്കു നൽകിയിരുന്നു. രണ്ടിലും തെളിവു നൽകാൻ കുഞ്ഞിക്കൃഷ്ണനു സാധിക്കാത്തതിനാൽ പാർട്ടിക്കകത്ത് അദ്ദേഹത്തെ ശാസിക്കാനായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പാർട്ടിക്കകത്തു പരാതി പറഞ്ഞതിന്റെ പേരിൽ, നടപടിക്കു വിധേയനാകുന്ന ഏക ജില്ലാ കമ്മിറ്റി അംഗവും വി.കുഞ്ഞിക്കൃഷ്ണനായിരിക്കാം.
സിപിഎം വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനെത്തിയ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെ സ്വീകരിച്ചാനയിക്കുമ്പോൾ, റോഡരികിൽ പ്രവർത്തകർക്കിടയിൽ നിന്നു കൈ ഉയർത്തി അഭിവാദ്യം ചെയ്ത മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ ഒന്നു നോക്കുകപോലും ചെയ്യാതെ മുന്നോട്ടു നീങ്ങി വിജയരാഘവൻ. മാത്രമല്ല, ഈ ശാസനയുടെ വാർത്ത ചില മാധ്യമങ്ങളിൽ വന്നത്, പാർട്ടി ഫണ്ട് തിരിമറിയെന്ന് അടിസ്ഥാനരഹിതമായ പരാതി ഉന്നയിച്ചതിനു കുഞ്ഞികൃഷ്ണനു ശാസന എന്ന രീതിയിലാണ്. പാർട്ടിയിലെ ചിലർ തന്നെ വേട്ടയാടുകയാണെന്ന് കുഞ്ഞിക്കൃഷ്ണൻ തിരിച്ചറിഞ്ഞു. മൗനം വെടിഞ്ഞ്, ചിലതൊക്കെ പുറത്തു പറയേണ്ട സമയമായിയെന്ന് അദ്ദേഹം തീരുമാനിച്ചത് അപ്പോഴാണ്. സമാനമനസ്കരുമായി ആലോചിച്ച്, അദ്ദേഹം ക്രമക്കേടുകളുടെ കണക്കുകളും തുടർന്നുണ്ടായ സംഭവങ്ങളും എഴുതി: നേതൃത്വത്തെ അണികൾ തിരുത്തണം. ആ പുസ്തകം അടുത്തു തന്നെ പുറത്തിറങ്ങും. 3 പാർട്ടി ഫണ്ടുകളിൽ നടന്ന തിരിമറികളുടെ യഥാർഥ കണക്കുകൾ സഹിതം.
2021-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികപ്രശ്‌നങ്ങൾ 2026-ലെ തിരഞ്ഞെടുപ്പിനുശേഷം ഉന്നയിച്ചിട്ട് പ്രയോജനമില്ലെന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുൻപെങ്കിലും പറയണമെന്ന് തീരുമാനിച്ചത്. അഞ്ചുവർഷമായി പാർട്ടിക്കകത്ത് നിരന്തരമായി പ്രശ്‌നം ഉയർത്തുന്നുണ്ട്. ഇനി ജനങ്ങളോട് തുറന്നുപറയുകയല്ലാതെ മാർഗമില്ല.
രക്തസാക്ഷിഫണ്ട് വകമാറ്റുക മാത്രമല്ല, അപഹരിക്കുകയും ചെയ്തു. രക്തസാക്ഷിഫണ്ടും ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണഫണ്ടും അന്യോന്യം വകമാറ്റിയുള്ള കണക്കാണ് ഉത്തരവാദപ്പെട്ടവർ അവതരിപ്പിച്ചത്.
ധനരാജ് ഫണ്ടും കെട്ടിടനിർമാണ ഫണ്ടും ചേർന്ന് 91 ലക്ഷംരൂപ പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടപ്പെട്ടതിന് പുറമേ 40 ലക്ഷം വകമാറ്റിയതും ചേർത്താണിത്. 35 ലക്ഷം വകമാറ്റിയത് പിന്നീട് ജില്ലാ കമ്മിറ്റി പരിശോധിച്ചാണ് 40 ലക്ഷം ആക്കിയത്. വീട് നിർമാണം നടക്കുമ്പോൾ കെ.പി. മധുവാണ് ഏരിയാ സെക്രട്ടറി. കണക്കിൽ 34.25 ലക്ഷം ചെലവായെന്നാണ് രേഖപ്പെടുത്തിയത്. ഒറ്റനില ചെറിയ വീടിന്റെ കുറേ കാര്യങ്ങൾ ശ്രമദാനമായി സഖാക്കൾ ചെയ്തിട്ടുണ്ട്. 29.25 ലക്ഷത്തിന്റെ ചെക്ക് കോൺട്രാക്ടറുടെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്. അഞ്ചുലക്ഷത്തിന്റേത് പാർട്ടി ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി സെക്രട്ടറി പിൻവലിച്ചിട്ടുണ്ട്. അത് ഏരിയാകമ്മിറ്റിയുടെ കണക്കിലില്ല്ല. മറ്റൊരു രണ്ടുലക്ഷം രൂപയുടെ ചെലവ് കണക്കിലുണ്ട്. ഏതിനത്തിനുവേണ്ടിയെന്ന് ഓർമ്മയില്ലെന്നാണ് പറഞ്ഞത്. ഈ ചെക്ക് പരിശോധിച്ചപ്പോൾ ഏരിയാ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയാണ് പിൻവലിച്ചതെന്ന് ബോധ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫണ്ട് രസീത് മുഴുവൻ തിരിച്ച് കിട്ടിയിട്ടില്ല. അതുകൊണ്ട് എത്ര നഷ്ടപ്പെട്ടു എന്നുപറയാൻ കഴിയില്ല. റിയൽ എസ്റ്റേറ്റുകാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഫണ്ട് കൊടുത്ത ഒരാൾ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനാണ് പണം കൈമാറിയതെന്ന് സമ്മതിച്ചിട്ടുണ്ട്. സ്വദേശത്തുനിന്നും വിദശത്തുനിന്നും ഫണ്ട് പിരിച്ചിട്ടുണ്ട്.
ആറ് രസീത് ബുക്കാണ് ഏരിയാ കമ്മിറ്റി അച്ചടിച്ചത്. ആദ്യ ഓഡിറ്റിന് രണ്ട് ബുക്കുകളാണ് ഹാജരാക്കിയത്. നാലെണ്ണം പിന്നീട് ഹാജരാക്കി. അപ്പോൾതന്നെ വ്യാജമാണെന്ന് മനസ്സിലായി. യഥാർഥത്തിലുള്ള ഒന്നും രണ്ടും രസീത് ബുക്ക് ഉപയോഗിച്ചത് സ്ഥാനാർഥി ടി.ഐ. മധുസൂദനനാണ്. അത് നഷ്ടപ്പെട്ടുപോയെന്നാണ് പറഞ്ഞത്. വ്യാജരസീത് അച്ചടിക്കുകയും 28 പേരിൽനിന്ന് പിരിച്ചത് 20 ആയി കണക്ക് കാണിക്കുകയും ചെയ്തു. വ്യാജമായി അടിച്ച ആറ് രസീത് ബുക്കുകൾ ഇതുവരെ വെളിച്ചംകണ്ടിട്ടില്ല. അതിൽ മുറിച്ച 18-ാം നമ്പർ രസീത് ഞാൻ കണ്ടിരുന്നു. ഒരുലക്ഷം രൂപയാണ് ചേർത്തത്. രണ്ടുലക്ഷംവരെ നൽകിയവരുണ്ട്.
ധനാപഹരണം നടന്നുവെന്ന് അംഗീകരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല. ജില്ലാ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. നിരവധി വർഷത്തെ പ്രവർത്തനത്തിന്റെ ഫലമായി രൂപം കൊള്ളുന്നൊരു നേതാവിന്റെ പേരിൽ അച്ചടക്കനടപടി സ്വീകരിക്കുന്നത് ഗൗരവമായി ആലോചിച്ചശേഷമേ പാടുള്ളൂ എന്നാണ് പിണറായി വിജയൻ മറുപടി പറഞ്ഞത്. അതംഗീകരിച്ചാൽ ആർക്കുമെതിരേ നടപടിയെടുക്കാനാകില്ല.
ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയശേഷം എട്ടുമാസം പൂർണമായും വിട്ടുനിന്നിരുന്നു. സമ്മർദത്തിന് വഴങ്ങിയാണ് തിരിച്ചുവന്നത്. പിന്നീടാണ് ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ ചില വിഷയങ്ങൾ ഉന്നയിച്ചപ്പോൾ ശാസിച്ചു. അതിനുശേഷം എട്ടുമാസമായി കമ്മിറ്റികളിൽ പങ്കെടുക്കാറില്ല. സൈബർ ആക്രമണം നടക്കുന്നുണ്ട്.
തനിക്കെതിരായ പോസ്റ്ററുകളിൽ ഫണ്ട് വകമാറ്റിയതിനെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ല. നേരിട്ട് ബോധ്യപ്പെട്ട കാര്യത്തിൽ കള്ളം പറയുന്ന, കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിനേതൃത്വത്തിന്റേത്. അതുൾക്കൊള്ളാനാകില്ല.
ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇതോടെ സിപിഎം നേതൃത്വത്തിനും ടി.ഐ മധുസൂദനൻ എംഎൽഎയ്ക്കുമെതിരേ ഗുരുതര ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച കുഞ്ഞിക്കൃഷ്ണനെതിരേ പാർട്ടി നടപടിക്ക് സാധ്യതയേറി. പാർട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും മുൻ ജില്ലാ സെക്രട്ടറി എം.വി ജയരാജനും അറിയിച്ചിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണൻ അടക്കുള്ളവർക്കെതിരെ ആക്ഷേപം ഉന്നയിച്ച് സിപിഎം ഫണ്ട് തട്ടിപ്പ് നടത്തുന്ന പാർട്ടിയാണെന്ന് കുഞ്ഞിക്കൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് എം.വി.ജയരാജൻ പറഞ്ഞു. അതേസമയം കണക്കുകൾ അതരിപ്പിക്കുന്നതിൽ ചില വീഴ്ചകൾ പറ്റിയിട്ടുണ്ടെന്നും അതിൽ അന്വേഷണം നടത്തി നടപടികൾ ഇതിനോടകം സ്വീകരിച്ചതാണെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണന്റെ നടപടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രസ്താവനയിലൂടെ അറിയിച്ചു. ഉന്നയിച്ച ആക്ഷേപങ്ങൾ പാർട്ടി തള്ളികളയുന്നു. ആരോപണങ്ങൾ പാർട്ടി മുമ്പ് അന്വേഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ ബഹുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിച്ച് എതിരാളികൾക്ക് കടന്നാക്രമിക്കാൻ ആയുധം നൽകുന്ന കുഞ്ഞികൃഷ്ണന്റെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണെന്നും രാഗേഷ് വ്യക്തമാക്കിയിരുന്നു.
അതേസമയം വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ചേർന്നു. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും യോഗം നടക്കുക. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തിയതിന്, ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി. കുഞ്ഞികൃഷ്ണനെതിരേ കടുത്ത അച്ചടക്ക നടപടി ഉണ്ടായേക്കും എന്നാണ് സൂചന.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായും പാർട്ടിക്കുള്ളിൽനിന്ന് വർഷങ്ങളായി നടത്തിയ തിരുത്തൽ ശ്രമം വിജയിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ജനങ്ങളെ കാര്യങ്ങൾ അറിയിക്കാൻ തയ്യാറായതെന്നാണ് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത്. 2022-ൽ ഏരിയാ സെക്രട്ടറി ആയിരുന്നപ്പോൾ അദ്ദേഹം ഈയാരോപണങ്ങൾ പാർട്ടിയിൽ ഉന്നയിച്ചിരുന്നു. കമ്മിഷൻ അന്വേഷിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. മാസങ്ങൾക്കുശേഷം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി.ഇപ്പോൾ ഇതാ അദ്ദേഹം പുറത്തേക്ക് പോകുന്നു. മലബാർ സി പി എമ്മിനെ ഞ്ഞെട്ടിച്ച്.
https://www.facebook.com/Malayalivartha























