പ്രളയക്കെടുതി; നഷ്ടപരിഹാരം നല്‍കാന്‍ കൃത്യമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ തോന്നിയപോലെ പ്രവര്‍ത്തിക്കരുത്. പ്രളയത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ കൃത്യമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ ആരെന്ന് പരിശോധിക്കാന്‍ വിദഗ്ധ ഉപദേശം തേടണം. കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപയെന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് മുന്‍ഗണനാക്രമവും നാശനഷ്ടത്തിന്റെ തോതും പരിഗണിച്ചായിരിക്കണം.സുതാര്യവും ശാസ്ത്രീയവുമായി ആകണം എല്ലാക്കാര്യങ്ങളും വിലയിരുത്തേണ്ടത്. ആവശ്യമെങ്കില്‍ വിദഗ്‌ധോപദേശം തേടാന്‍ സര്‍ക്കാര്‍ മടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് വിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടായത്. നഷ്ടപരിഹാരം നിര്‍ണയിക്കുമ്പോള്‍ മുന്‍ഗണനാക്രമവും നാശനഷ്ടത്തിന്റെ തോതും കണക്കിലെടുക്കണം. ഇക്കാര്യത്തില്‍ വേണമെങ്കില്‍ സാറ്റലൈറ്റ് ചിത്രങ്ങളും ഉപയോഗപ്പെടുത്താമെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡം എന്തെന്ന് ഈ മാസം 19ന് മുമ്പായി കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























