ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകും; അന്വേഷണപുരോഗതി വിലയിരുത്തിയശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്ന് ഉന്നതതല യോഗം; ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകും. അടുത്തയാഴ്ച വീണ്ടും യോഗം ചേര്‍ന്ന് അന്വേഷണപുരോഗതി വിലയിരുത്തിയശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്ന് ഉന്നതതല യോഗത്തില്‍ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെ നിര്‍ദേശം നല്‍കി.
കൊച്ചിയില്‍ നടന്ന യോഗത്തില്‍ അറസ്റ്റ് അനിവാര്യമാണെന്നും ഇതിനു മുന്നോടിയായി ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തണമെന്നും അന്വേഷണസംഘം െഎ.ജിയെ അറിയിച്ചു. എന്നാല്‍, മൊഴികളിലെ വൈരുധ്യം പൂര്‍ണമായി ഇല്ലാതാക്കാനായിട്ടില്ലെന്ന നിലപാട് ഐ.ജി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി 15 ഇന ആക്ഷന്‍ പ്ലാന്‍ തയാറാക്കി.
ഇത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനുശേഷം ഐ.ജിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ബിഷപ്പിനെ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ധാരണ. സംസ്ഥാന പൊലീസ് മേധാവിയും തിരക്കിട്ട് കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയതായാണ് സൂചന. രാഷ്ട്രീയ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നാണ് വിവരം.
മൊഴികളിലടക്കമുള്ള വൈരുധ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും ഒരാഴ്ചക്കുശേഷം ചേരുന്ന യോഗത്തില്‍ തുടര്‍നടപടികളില്‍ തീരുമാനമെടുക്കുമെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കൊച്ചിയില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചയുമായി നടന്ന ഉന്നതതല യോഗത്തില്‍ അന്വേഷണ പുരോഗതി ഐ.ജി വിജയ് സാഖറെ വിലയിരുത്തി. ബിഷപ് ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്ത സാഹചര്യത്തില്‍ പിഴവുകളൊന്നും പാടില്ലെന്ന നിലപാടാണത്രേ ഐ.ജി സ്വീകരിച്ചത്. കേസ് സുപ്രീംകോടതിക്ക് മുന്നിലേക്കാവും ആദ്യം എത്തുകയെന്നും ഇത് കണക്കിലെടുത്ത് മുഴുവന്‍ തെളിവുകളും ശേഖരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചതായാണ് വിവരം.
അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദമില്ലെന്ന് ഡിവൈ.എസ്.പി കെ. സുഭാഷ് യോഗ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha























