പ്രളയത്തെ തുടര്‍ന്ന് ഏറ്റവും അധികം റേഷന്‍ കടകള്‍ നശിച്ചുപോയ കുട്ടനാട് താലൂക്കില്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍കട, പ്രളയത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക അദാലത്ത് ക്യാമ്പുകള്‍ തുടങ്ങി ഉടനടി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി

പ്രളയത്തെ തുടര്‍ന്ന് റേഷന്‍ കടകള്‍ നശിച്ചുപോയ കുട്ടനാട് താലൂക്കില്‍ റേഷന്‍ വിതരണം സുഗമമായി നടത്തുവാന്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിച്ചു. രൂക്ഷമായ പ്രളയദുരിതമുണ്ടായപ്പോഴും ഭക്ഷ്യ വകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍ കൊണ്ട് സംസ്ഥാനത്തെ 88% ഉപഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം നടത്താന്‍ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മുന്‍ഗണനമുന്‍ഗണനേതര പരിഗണന കൂടാതെ 5 കിലോ വീതം സൗജന്യ റേഷന്‍ നല്‍കുവാനും നടപടികള്‍ സ്വീകരിച്ചു. കുട്ടനാട്ടില്‍ ഒഴികെയുള്ള പ്രളയ ബാധിത പ്രദേശങ്ങളില്‍ എല്ലായിടത്തും റേഷന്‍ വിതരണം കാര്യക്ഷമമായി നടന്നു. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പകരം റേഷന്‍ കാര്‍ഡ് നല്‍കുവാനും റേഷന്‍ കടയില്‍ വെള്ളം കയറി അരി നഷ്ടപ്പെട്ടവര്‍ക്ക് പകരം അരി നല്‍കുവാനും സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 950 റേഷന്‍ കടകള്‍ ആണ് പ്രളയം ബാധിച്ച് സാധനങ്ങള്‍ നശിച്ചുപോയവ. ഉദ്ദേശം 6.62 കോടി രൂപയുടെ സാധനങ്ങളാണ് നശിച്ചു പോയതായി പ്രാഥമിക വിലയിരുത്തല്‍. ഇതിനുപുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ വക റേഷന്‍ ഗോഡൗണുകളില്‍ വെള്ളം കയറി 6 കോടി രൂപയോളം നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
കുട്ടനാട്ടിലെ പ്രത്യേക പശ്ചാത്തലം പരിഗണിച്ച് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുവാന്‍ മൊബൈല്‍ മാവേലി സ്‌റ്റോറുകളുടെ സേവനം ആരംഭിച്ചിട്ടുണ്ട്. പ്രളയത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക അദാലത്ത് ക്യാമ്പുകള്‍ തുടങ്ങി ഉടനടി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടിയും ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു
https://www.facebook.com/Malayalivartha























