പ്രളയദുരന്തത്തിനിരയായവര്‍ക്ക് ഒറ്റത്തവണ ആശ്വാസധനമായി പ്രഖ്യാപിച്ച 10,000 രൂപയുടെ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ നിര്‍ദ്ദേശം

പ്രളയദുരന്തത്തിനിരയായവര്‍ക്ക് ഒറ്റത്തവണ ആശ്വാസധനമായി പ്രഖ്യാപിച്ച 10,000 രൂപയുടെ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. എന്നാല്‍, തുക ലഭ്യമാക്കേണ്ടവരുടെ അന്തിമപട്ടിക ഇനിയും തയ്യാറായിട്ടില്ല. അതിനാല്‍ വിതരണം നീളുമെന്ന ആശങ്ക യോഗത്തില്‍ മന്ത്രിമാര്‍ പ്രകടിപ്പിച്ചു. പലരുടെയും ബാങ്ക് പാസ് ബുക്കുകളും മറ്റും പ്രളയത്തില്‍ ഒഴുകിപ്പോയതും ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും തുക വിതരണത്തിന് തടസം സൃഷ്ടിക്കുന്നതായി റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും വിശദീകരിച്ചു.
അര്‍ഹരെ ഉള്‍പ്പെടുത്തേണ്ട സോഫ്റ്റ്‌വെയറിലും നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഉള്‍പ്പെടുത്താനാവൂ. ഇതും തടസം സൃഷ്ടിക്കുന്നു. യോഗം മുമ്പാകെയെത്തിയ പട്ടികയനുസരിച്ച് 10,000 രൂപയ്ക്ക് അര്‍ഹതയുള്ളത് 4.25 ലക്ഷം കുടുംബങ്ങള്‍ക്കാണ്. നേരത്തേ റവന്യൂ വകുപ്പ് നല്‍കിയ പട്ടികയില്‍ 6.6 ലക്ഷം കുടുംബവും തദ്ദേശഭരണ വകുപ്പ് നല്‍കിയ പട്ടികയില്‍ 5.7 ലക്ഷം കുടുംബവുമായിരുന്നു അര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇന്നലെവരെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് തുക വിതരണം ചെയ്യാനായത്.
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. വിവിധ ഏജന്‍സികള്‍ നല്‍കിയ ദുരിതാശ്വാസ സാധനങ്ങളില്‍ റെയില്‍വേ ഗോഡൗണിലും വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നവ ഏറ്റെടുത്തു വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡം യോഗം അംഗീകരിച്ചു. വിതരണം പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളെയും ചുമതലപ്പെടുത്തും. വീടുകളില്‍ ബാക്കിയുള്ള അജൈവ മാലിന്യങ്ങള്‍ വോളന്റിയര്‍മാരെ അയച്ച് ശേഖരിക്കും.
160 പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിച്ചുവയ്ക്കാനുള്ള സ്ഥലം ലഭിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ 12,900 വീടുകളേ ഇനി വൃത്തിയാക്കാനുള്ളു. സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയാക്കാനായെന്നും യോഗം വിലയിരുത്തി.കുട്ടനാട്ടില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാന്‍ കൂടുതല്‍ പമ്പു സെറ്റുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.
"
https://www.facebook.com/Malayalivartha























