ശബരിമല വനിതാ പ്രവേശനം: ആര്‍.എസ്.എസും സി.പി.എമ്മും നടത്തിയ കള്ളക്കളിയാണ് നിര്‍ഭാഗ്യകരമായ വിധിയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

ശബരിമല വനിതാ പ്രവേശനത്തില്‍ ആര്‍.എസ്.എസിനും സി.പി.എമ്മിനും ഒരേ നിലപാടാണെന്നും ഇവര്‍ സുപ്രീം കോടതിയില്‍ നടത്തിയ കള്ളക്കളിയാണ് ഇന്ന് ഈ നിര്‍ഭാഗ്യകരമായ വിധിയിലേയ്ക്ക് എത്തിച്ചതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം പാടില്ലെന്നും, കേരളത്തിലെ എല്ലാ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ മാനിക്കേണ്ടതും സംരക്ഷിക്കേണ്ടതുമാണെന്ന് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ആ നിലപാട് തിരുത്തിയതാണ് ഇത്തരത്തിലുള്ള ഒരു വിധിക്ക് കാരണം.
ഈ പ്രളയകാലത്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെല്ലാം നിറുത്തിവച്ചാണ് യുവതി പ്രവേശനത്തിന് മുന്‍കൈ എടുക്കുന്നത്. ആര്‍.എസ്.എസ്സും ബി.ജെ.പിക്കും കേരളത്തിലെ അയ്യപ്പ ഭക്തരോരോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഈ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്താന്‍ തയ്യാറാവണം. നരേന്ദ്രമോദി സര്‍ക്കാര്‍ ഏക സിവില്‍കോഡ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്ക് പോകാനുള്ള കുറുക്കുവഴിയായിട്ടാണ് ഈ വിധിയെ കാണുന്നത്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ്. സി.പി.എമ്മുമായി കൈകോര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഇപ്പോഴുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ ദേവസ്വംബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനോട് പുനപരിശോധന ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിധി വന്ന ദിവസം സ്വാഗതം ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























