ശബരിമലയില്‍ സ്ത്രീകള്‍ക്ക് സന്ദര്‍ശനം ഒരുക്കണമെന്ന് പി.രാമവര്‍മ്മ രാജ 2009ല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു, വനിതകള്‍ ഭക്തന്മാരുടെ നിഷ്ഠകളെ ഭംഗിക്കുമെന്ന് പറയുകയാണെങ്കില്‍ തീര്‍ഥാടനത്തിനെത്തുന്ന കോടിക്കണക്കിന് ഭക്തന്മാരെ അനാദരിക്കുന്നതിന് തുല്യമാണെന്നും രാമവര്‍മ്മ രാജ പറയുന്നു

സഹോദരീ സ്ഥാനത്ത് മാളികപ്പുറത്തിനെ പ്രതിഷ്ഠിച്ച മണികണ്ഠന് സ്ത്രീ സാമിപ്യം ദേവീസാന്നിധ്യം തന്നെയാണെന്നും ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും സന്ദര്‍ശിക്കാന്‍ സജ്ജീകരണങ്ങള്‍ ഉണ്ടാകണമെന്നും പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധിയായ പി.രാമവര്‍മ രാജ. 2009ല്‍ മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിച്ച വൈറ്റ്‌ലൈന്‍ വാര്‍ത്ത എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കിയത്. ശബരിമല വിധി സംബന്ധിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ വിധി നടപ്പാക്കണ്ടെന്നല്ല, പ്രളയത്തില്‍ ശബരിമലയില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായതിനാല്‍ നടപ്പാക്കാന്‍ ഒരു വര്‍ഷം കൂടി കാത്തിരുന്ന് കൂടെ എന്നാണ് രാമവര്‍മ രാജ പ്രതികരിച്ചത്.
വനിതകള്‍ ഭക്തന്മാരുടെ നിഷ്ഠകളെ ഭംഗിക്കുമെന്ന് പറയുകയാണെങ്കില്‍ തീര്‍ഥാടനത്തിനെത്തുന്ന കോടിക്കണക്കിന് ഭക്തന്മാരെ അനാദരിക്കുന്നതിന് തുല്യമാണെന്നും രാമവര്‍മ്മ വൈറ്റ്‌ലൈന്‍ വാര്‍ത്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്. ഇനി അതിന് സാധ്യമല്ല. സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച ദക്ഷിണ കോവിലകത്തെ പുതിയ നിര്‍വാഹക സമിതിയെ ഏല്‍പ്പിച്ചു. താനൊരു കമ്മ്യൂണിസ്റ്റാണെന്ന് രാമവര്‍മ രാജ അഭിമുഖത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ താങ്കള്‍ അവിശ്വാസിയാണോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഭാഗ്യം ഞാനേത് ഗ്രൂപ്പിലാണെന്ന് താങ്കള്‍ ചോദിച്ചില്ലല്ലോ എന്നാണ് മറുപടി നല്‍കിയത്.
എല്ലാ കാര്യത്തിലും നമ്മമാത്രം കാണാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്നും മുഖ്യമന്ത്രി തങ്ങളെ ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും മാതൃഭൂമിയിലെ ചര്‍ച്ചയില്‍ പി. രാമവര്‍മ രാജ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ല, വിധി നടപ്പാക്കുന്ന കാര്യം പറയാനാണ് സര്‍ക്കാര്‍ വിളിപ്പിക്കുന്നതെന്ന് മനസിലാക്കിയ കൊട്ടാരം അധികൃതര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല വിവാദം സംബന്ധിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടിക്കീഴില്‍ അണിനിരക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഇന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ വ്യക്തമാക്കി.

https://www.facebook.com/Malayalivartha





















