വിശ്വാസികള്‍ ഇളകിയതോടെ സര്‍ക്കാരിനും മനമിളകി; ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ മണ്ണിളകുമെന്ന് മനസിലാക്കിയ ഇടതുമുന്നണി തന്ത്രം മാറ്റുന്നു; സുപ്രീം കോടതി വിധി ഭാഗികമായി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; യുവതികള്‍ക്കു പതിനെട്ടാംപടി വിലക്കി ഓര്‍ഡിനന്‍സ് നീക്കം

ശബരിമല വിഷയം ലോംഗ് മാര്‍ച്ചോടെ കത്തുമ്പോള്‍ പുതിയ തന്ത്രം മെനഞ്ഞ് സര്‍ക്കാര്‍. വിശ്വാസികളുടെ വികാരം തണുപ്പിക്കാന്‍ ഇടപെടണമെന്ന് ഇടതുമുന്നണിയും പറഞ്ഞു കഴിഞ്ഞു. ഇതോടെ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ഭാഗികമായി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഒരുങ്ങുകയാണ്. 10 50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കു പതിനെട്ടാംപടിയില്‍ മാത്രം വിലക്കേര്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണു നീക്കം. ഇതിന്റെ നിയമസാധുത പരിശോധിച്ച്, ഓര്‍ഡിനന്‍സിന്റെ കരട് തയ്യാറാക്കാന്‍ നിയമവകുപ്പിനു നിര്‍ദേശം നല്‍കി.
ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍, അടുത്ത നിയമസഭാസമ്മേളനത്തിന്റെ ആദ്യദിവസം മുതല്‍ ആറാഴ്ചയ്ക്കകം നിയമമാക്കണം. യുവതികള്‍ പതിനെട്ടാംപടി കയറുന്നതു തടഞ്ഞാല്‍ വിശ്വാസികളുടെ പ്രതിഷേധം ഒട്ടൊക്കെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കിയെന്ന് അവകാശപ്പെടുകയുമാകാം. കോടതിയലക്ഷ്യം ആരോപിച്ചോ പോലീസ് സംരക്ഷണമാവശ്യപ്പെട്ടോ ഭാവിയില്‍ ആരെങ്കിലും ഹൈക്കോടതിയെ സമീപിക്കുന്നതും ഒഴിവാക്കാം.
ഓര്‍ഡിനന്‍സിനെ കോടതിയില്‍ ചോദ്യംചെയ്യാനാകിയല്ലെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. പതിനെട്ടാംപടി കയറാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ സുപ്രീം കോടതി പ്രത്യേകനിര്‍ദേശം പുറപ്പെടുവിക്കാത്തതും സര്‍ക്കാരിനു പ്രതീക്ഷയേകുന്നു. 41 ദിവസം വ്രതമെടുത്ത് എത്തുന്നവര്‍ക്കേ പതിനെട്ടാംപടി കയറാന്‍ അര്‍ഹതയുള്ളൂവെന്നു സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നുംനിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, യുവതികളെ പതിനെട്ടാംപടി കയറ്റരുതെന്നല്ല, ശബരിമല കയറ്റരുതെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. പുരുഷതീര്‍ഥാടകരെല്ലാം 41 ദിവസം വ്രതമെടുത്താണു പതിനെട്ടാംപടി കയറുന്നതെന്ന് ഉറപ്പാക്കാന്‍ സംവിധാനമൊന്നുമില്ല. അതിനാല്‍, സ്ത്രീകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഈ വാദം സുപ്രീം കോടതി കണക്കിലെടുക്കുമോയെന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha





















