എല്ലാം ഒരു തെരഞ്ഞെടുപ്പ് കാലം പോലെ... ശബരിമല ലോംഗ് മാര്‍ച്ച് തലസ്ഥാനത്തേയ്ക്കടുക്കുമ്പോള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കാന്‍ സി.പി.എം ആഹ്വാനം; എല്ലാ ജില്ലകളിലും പ്രവര്‍ത്തക സമിതിയും ജനറല്‍ ബോഡിയും വിളിച്ചുകൂട്ടും; റിപ്പോര്‍ട്ടിംഗിന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ നേരിട്ടെത്തും

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ലോംഗ് മാര്‍ച്ച് തലസ്ഥാനത്തേയ്ക്കടുക്കുമ്പോള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കാന്‍ സി.പി.എം. വിശ്വാസത്തെ തീവ്ര വൈകാരിക പ്രശ്‌നമാക്കി ഹൈന്ദവസംഘടനകള്‍ തെരുവ് സമരത്തിലേക്ക് ഇറങ്ങിയതോടെ, സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് ജനങ്ങളെയും അണികളെയും ബോദ്ധ്യപ്പെടുത്താന്‍ പാര്‍ട്ടി സംവിധാനത്തെയാകെ സടകുടഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായയത്.
ഇതിന്റെ ഭാഗമായി ഞായറാഴ്ച എല്ലാ ജില്ലകളിലും പ്രവര്‍ത്തക യോഗങ്ങള്‍ നടത്തും. ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വരെ ഈ യോഗങ്ങളില്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ റിപ്പോര്‍ട്ടിംഗ് നടത്തും. തിരുവനന്തപുരം ജില്ലയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആയിരിക്കും റിപ്പോര്‍ട്ടിംഗ് നടത്തുന്നത്.
തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം എല്ലാ ജില്ലകളിലും ഏരിയകള്‍ കേന്ദ്രീകരിച്ച് ജനറല്‍ബോഡി യോഗങ്ങള്‍ വിളിക്കും. വര്‍ഗ, ബഹുജന സംഘടനകളെ അണിനിരത്തിയുള്ള വിപുലമായ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും. യോഗങ്ങളുടെയും പ്രചാരണ പരിപാടികളുടെയും കൃത്യമായ രൂപരേഖ ഇന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കും.
ശബരിമല വിഷയത്തില്‍ എതിര്‍പക്ഷം സമരോത്സുകമായതോടെ പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കേണ്ടെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്. പാര്‍ട്ടി നിലപാട് ഉയര്‍ത്തിക്കാട്ടി തന്നെ വിപുലവും ഊര്‍ജ്ജിതവുമായ പ്രചാരണം നടത്തണം. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. വിശ്വാസത്തിനോ വിശ്വാസി സമൂഹത്തിനോ പാര്‍ട്ടിയോ സര്‍ക്കാരോ എതിരല്ല. വിധിയുടെ പേരില്‍ ശബരിമലയിലേക്ക് സ്ത്രീകളെ അയയ്ക്കാനും സര്‍ക്കാരോ പാര്‍ട്ടിയോ പോകുന്നില്ല. എന്നാല്‍, സംഘപരിവാറും യു.ഡി.എഫും രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത്. ഇരട്ടത്താപ്പാണ് ഇവരുടേത്. ഇരുകക്ഷികളുടെയും കേന്ദ്രനേതൃത്വങ്ങള്‍ വിധിയെ സ്വാഗതം ചെയ്തു. തുടക്കത്തില്‍ സംസ്ഥാന നേതാക്കളും സ്വാഗതം ചെയ്തു. ഇപ്പോള്‍ എതിര്‍ക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന് വിശ്വാസിസമൂഹം തിരിച്ചറിയണം. പന്തളം രാജകുടുംബം രാഷ്ട്രീയസമരങ്ങളെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് മതേതര സമൂഹം യഥാര്‍ത്ഥ സ്ഥിതി തിരിച്ചറിയുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. ശക്തമായ പ്രചാരണത്തിലൂടെ വര്‍ഗീയധ്രുവീകരണ നീക്കങ്ങളെ ചെറുത്ത് മതേതരസമൂഹത്തിന്റെ വിശ്വാസം പൂര്‍ണമായി നേടാമെന്നാണ് കണക്കുകൂട്ടുന്നത്. പാര്‍ട്ടിയുടെ പുതിയ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകണം. അതിനാല്‍ ആര്‍.എസ്.എസിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ പ്രചരണം നടത്തണം.
https://www.facebook.com/Malayalivartha























