ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നല്‍കിയ വിവാദ അനുമതി റദ്ദാക്കിയ ഉത്തരവ് പുറത്തിറങ്ങി

ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നല്‍കിയ വിവാദ അനുമതി റദ്ദാക്കിയ ഉത്തരവ് പുറത്തിറങ്ങി. നവ കേരള നിര്‍മാണത്തിനായി ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് അടിസ്ഥാന രഹിതമായ വിവാദങ്ങള്‍ അനുഗുണമല്ലാത്ത സാഹചര്യങ്ങള്‍ ഉടലെടുക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് അനുമതി പിന്‍വലിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. ബ്രൂവറികള്‍ക്കും ബോട്‌ലിങ് കോമ്പൗണ്ടിങ് ആന്റ് ബ്ലെന്‍ഡിങ് യൂനിറ്റുകള്‍ക്കും അനുമതിക്കു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ തയാറാക്കുന്ന സമിതി ഈ മാസം 31നകം റിപ്പോര്‍ട്ട് നല്‍കണം.
മദ്യ ഉല്‍പാദനശാലകള്‍ ആരംഭിക്കാനുള്ള അനുമതിയില്‍ വ്യാപക അഴിമതിയും ക്രമക്കേടും നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് വിവാദത്തിന് തിരികൊളുത്തിയത്. ചട്ടവിരുദ്ധമായും പരിശോധനയും മന്ത്രിസഭതീരുമാനവും ഇല്ലാതെയുമാണ് അനുമതിയെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ നടപടി പൂര്‍ണമായും ശരിയാണെങ്കിലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട പുനര്‍നിര്‍മാണ ഘട്ടത്തില്‍ പരസ്പരം പോരടിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് അനുമതി റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു.
പുതിയ യൂണിറ്റുകള്‍ അനുവദിക്കാനുള്ള നിലപാട് തുടരും. ഒന്നിച്ചുനില്‍ക്കേണ്ട ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ ആശയക്കുഴപ്പം പാടില്ല. അതുകൊണ്ട് റദ്ദാക്കുന്നു. പ്രതിപക്ഷ ആരോപണം ശരിവെക്കലല്ല, നാടിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ചെറിയ വിട്ടുവീഴ്ചയാണിത് എന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha























