ശബരിമലയിൽ അക്രമം നടത്തുന്നത് ഭക്തരല്ല, സംസ്ഥാന സർക്കാർ ! ; ദേവസ്വം ബോര്‍ഡും ഭക്തര്‍ക്കൊപ്പമല്ല നിലനില്‍ക്കുന്നത്; യുവതിപ്രവേശനത്തിൽ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമല യുവതിപ്രവേശനത്തിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറുമ്പോൾ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അക്രമം ഉണ്ടാക്കിയത് ഭക്തന്മാരല്ലെന്നും സര്‍ക്കാരാണ് അക്രമം ഉണ്ടാക്കുന്നതെന്ന ഗുരുതര ആരോപണവുമായാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ ഇത്ര ദിവസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തന്നെ വിധി നടപ്പിലാക്കണമെന്ന വാശിയെന്നും പ്രയാര്‍ ചോദിച്ചു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തര്‍ക്കൊപ്പമല്ല നിലനില്‍ക്കുന്നത്. താന്‍ പ്രതിനിദാനം ചെയ്യുന്ന ശബരിമല സംരക്ഷണ സമിതി ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും ഇനി നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
" നിലയ്ക്കലില്‍ അക്രമം ഉണ്ടാക്കിയത് ഭക്തന്മാര്‍ മാത്രമാണെന്ന് കരുതുന്നില്ല. നിലയ്ക്കലില്‍ അക്രമം ഉണ്ടാക്കുന്നത് ഗവണ്‍മെന്‍റാണ്. ജഡ്ജ്മെന്റില്‍ ഇത്ര ദിവസത്തിനുള്ളില്‍ വിധി നടപ്പിലാക്കണമെന്ന് പറഞ്ഞിട്ടില്ല. ധൃതിപിടിച്ച് കോടതി വിധി നടപ്പാക്കാന്‍ ഗവണ്‍മെന്റ് വാശിപിടിക്കുകയാണ്. നാളത്തെ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഒരു പ്രതീക്ഷയുമില്ല"- പ്രയാര്‍ ഗോപാലകൃഷ്ണന്‍.
https://www.facebook.com/Malayalivartha























