പൊലീസ് വേഷം, ചിഹ്നങ്ങള്‍, ആയുധം, ഷീല്‍ഡ് എന്നിവ അവിശ്വാസികള്‍ക്ക് നല്‍കി മലകയറാന്‍ സര്‍ക്കാരും ഐ.ജി ശ്രീജിത്തും ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്നെന്ന് കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ശബരിമല ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഐ.പി.സി സെക്ഷന്‍ 43 അനുസരിച്ച് പൊലീസ് വേഷം, ചിഹ്നങ്ങള്‍, ആയുധം, ഷീല്‍ഡ് എന്നിവ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല. എന്നാല്‍ ആചാരലംഘനത്തിന് അവ കൈമാറിയത് തെറ്റാണ്. ഐ.ജി ശ്രീജിത് നിയമം ലംഘിച്ചെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അതിന് ഗൂഢാലോചന നടത്തി. പൊലീസിന്റെ എഫ്.ബി പേജില്‍ പറയുന്നത് ഇരുമുടിക്കെട്ടുമായി മലകയറുന്നവര്‍ക്ക് സുരക്ഷയൊരുക്കുമെന്നാണ്. എന്നാല്‍ രഹ്നഫാത്തിമയും കവിതയും ഇരുമുടിക്കെട്ടുമായാണോ മലകയറിയത്. പൊലീസിന്റെ വേഷവും ഷീല്‍ഡും ഇവര്‍ക്ക് ആരാണ് നല്‍കിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രി ഇതേക്കുറിച്ച് അഭിപ്രായം പറയണം. പൊലീസ് വേഷം കണ്ടവര്‍ക്ക് കയറി നിരങ്ങാനുള്ളതല്ല. സുപ്രീംകോടതി റിവ്യൂപെറ്റീഷന്‍ പരിഗണിക്കും മുമ്പ് യുവതീപ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. അതിന്റെ തിരക്കഥയാണ് നടക്കുന്നത്. ഭക്തരെയും ഹൈന്ദവ വിശ്വാസികളെയും മന:പൂര്‍വം പ്രകോപിപ്പിക്കുന്നു. രഹ്നാഫാത്തിമയുടെ പശ്ചാത്തലം അന്വേഷിക്കണം. കേരളത്തില്‍ മറ്റ് മതവിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ അന്യമതസ്ഥര്‍ ഇടപെട്ടിട്ടുണ്ടോ ? രഹ്നാഫാത്തിമയ്ക്ക് ശബരിമലയില്‍ എന്താണ് കാര്യമെന്നും സുരേന്ദ്രന്‍ ചോദിച്ചു.
പൂങ്കാവനത്തിന്റെ പരിശുദ്ധി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകും. അതീവഗുരുതരമായ തെറ്റാണ് സംഭവിച്ചത്. മ്‌ളേച്ഛമായ നിലപാടാണ് ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. മലകയറാന്‍ ഒരു യുവതിയേയും നിര്‍ബന്ധിക്കില്ലെന്ന് പറഞ്ഞ സര്‍ക്കാരും ദേവസ്വംമന്ത്രിയും പൊലീസ് ഷീല്‍ഡും ഡ്രസും കൊടുത്ത് അവിശ്വാസികളെ മലകയറാന്‍ അനുവദിച്ചതെന്തിനും ഇതിന് കനത്തവില നല്‍കേണ്ടിവരുമെന്നും കെ.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha






















