കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ യുവതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂത്ത മകള്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ ശ്വേതയും (25) ലിവ്ഇന്‍ പങ്കാളിയായ കെന്നത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ശ്വേതയെ പുതുച്ചേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വീട്ടില്‍ സ്വാതന്ത്ര്യം ലഭിക്കാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ മൊഴി.
'അമ്മ ഞങ്ങള്‍ക്ക് ഒരു സ്വാതന്ത്ര്യവും നല്‍കിയിട്ടില്ല. ഹൈസ്‌കൂള്‍ കാലം മുതല്‍ എഞ്ചിനീയറിംഗ് ബിരുദം നേടുന്നതുവരെ ഒരു തടവുകാരിയെപ്പോലെയാണ് ജീവിച്ചത്. എന്റെ കൂട്ടുകാരും സഹപാഠികളും എന്നെ കളിയാക്കുകയും അവസ്ഥ കണ്ട് സഹതപിക്കുകയും ചെയ്യുമായിരുന്നു. മാതാപിതാക്കളും സഹോദരിയുമുണ്ടായിട്ടും അനാഥയെപ്പോലെയാണ് ജീവിച്ചത്. അമ്മയുടെ കര്‍ശന മനോഭാവമാണ് മനസില്‍ വെറുപ്പ് നിറയാന്‍ കാരണമായത്' എന്നാണ് ശ്വേത പൊലീസിന് മൊഴി നല്‍കിയത്. മൂന്നുപേര്‍ക്കുംനേരെ കത്തിവീശിയത് താനാണെന്നും ശ്വേത പൊലീസിനോട് വെളിപ്പെടുത്തി. അതേസമയം, സംഭവത്തിലെ മറ്റൊരു പ്രതിയായ കെന്നത്ത് ഇപ്പോഴും ഒളിവിലാണ്.
കെആര്‍ പുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സീഗെഹള്ളിയിലെ ധമാനിക് ലേഔട്ടിലുള്ള സായ് ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞദിവസം ശ്വേതയും കെന്നത്തും വീട്ടില്‍ എത്തിയിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായിരുന്ന മുത്തുലക്ഷ്മിയുമായി ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ ശ്വേതയും കെന്നത്തും ചേര്‍ന്ന് മുത്തുലക്ഷ്മിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സോമസുന്ദറും സുപ്രിയയും മടങ്ങിയെത്തുന്നതിനുമുന്‍പ് പ്രതികള്‍ രക്തക്കറ കഴുകിക്കളഞ്ഞു. തുടര്‍ന്ന് വീട്ടില്‍ തിരികെയെത്തിയ അവരെയും സമാനമായ രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























