ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ അറസ്റ്റ് തുടരുന്നു, സ്ത്രീകളടക്കം 2061 പേര്‍ അറസ്റ്റില്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ അറസ്റ്റ് തുടരുന്നു. വ്യാഴാഴ്ച രാത്രി 651 പേര്‍കൂടി പിടിയിലായതോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 2061 പേര്‍ അറസ്റ്റിലായി. 452 കേസുകളിലായാണ് അറസ്റ്റ്. ഇതില്‍ 1500പേര്‍ക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്. പരിശോധനയും അറസ്റ്റും തുടരുമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഹൈക്കോടതി നിരീക്ഷണമുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തിയെന്നാണ് അറിയുന്നത്. വ്യാഴാഴ്ച രാത്രിയിലും പുലര്‍ച്ചെയുമായി നടത്തിയ റെയ്ഡിലാണ് 651പേര്‍ പിടിയിലായത്. നിരീക്ഷണ കാമറകളിലും മറ്റും ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റിലായ സ്ത്രീകളടക്കമുള്ളവരുടെ വിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, മണ്ഡലകാലത്ത് യുവതികളെത്തിയാല്‍ പൊലീസ് സുരക്ഷയൊരുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആവര്‍ത്തിച്ചു. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ബസുകളും പൊലീസ് വാഹനങ്ങളും തകര്‍ത്ത കേസില്‍ പിടിയിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ 13 ലക്ഷം രൂപവരെ കെട്ടിവെക്കേണ്ടിവരും. 10,000 രൂപ മുതലുള്ള തുകയാണ് കെട്ടിവെക്കേണ്ടത്.
https://www.facebook.com/Malayalivartha























