ഉഗ്ര സ്‌ഫോടന ശബ്ദത്തോടെയുള്ള പൊട്ടിത്തെറികേട്ട് വാടകവീട്ടില്‍ കഴിഞ്ഞിരുന്ന രാജമ്മയും മകളും ഉണര്‍ന്നപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ച; കത്തിയമര്‍ന്ന ആശ്രമത്തില്‍ നിന്ന് സ്വാമിയെയും, ക്ലാരമ്മയെയും ജീവനോടെ കിട്ടിയത് അയല്‍വാസികളുടെ സമയോചിതമായ ഇടപെടലിലൂടെ...

പുലര്‍ച്ചെ വലിയ സ്‌ഫോടനശബ്ദം കേട്ടാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് സമീപം വാടകവീട്ടില്‍ കഴിയുന്ന രാജമ്മയും മകള്‍ അനുഷയും ഉണര്‍ന്നത്. ആദ്യം വിചാരിച്ചത് സമീപത്തെ ദേവീ ക്ഷേത്രത്തില്‍ വെടിവഴിപാട് നടത്തുന്ന ശബ്ദമായിരിക്കുമെന്നാണ്. സമയം നോക്കിയപ്പോള്‍ രാത്രി രണ്ടര കഴിഞ്ഞു. ആ സമയം വെടിവഴിപാട് നടക്കാറില്ലല്ലോ എന്ന് ചിന്തിച്ചപ്പോള്‍ എന്തൊക്കെയൊ ബഹളം വീണ്ടും കേള്‍ക്കുന്നു.
ആ നിമിഷം തന്നെ മകള്‍ സനൂഷയുടെ ഫോണിലേയ്ക്ക് ആശ്രമത്തിന് തീയിട്ടുവെന്നും മുന്‍ഭാഗം കത്തിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ച് ആശ്രമത്തിനു സമീപത്ത് തന്നെയുള്ള മറ്റൊരു യുവതിയുടെ ഫോണ്‍വിളി എത്തിയത്. സ്വാമിയെ അവിടെ കാണുന്നില്ലെന്നും പറഞ്ഞു. പിന്നെ രാജമ്മ ഒന്നും ചിന്തിച്ചില്ല. ആശ്രമം ലക്ഷ്യമാക്കി ഇരുട്ടിലൂടെ ഓടി. ആശ്രമത്തിന്റെ പിന്നിലെ ഗേറ്റിലൂടെ ഉള്ളില്‍ കടന്ന് രണ്ടാംനിലയിലേക്ക് കയറി.
ഈ സമയം മുറ്റത്തെ വാഹനങ്ങള്‍ നിന്നു കത്തുകയാണ്. രണ്ടാംനിലയിലും പുക നിറഞ്ഞിരുന്നു. ശ്വാസംമുട്ടല്‍ അവഗണിച്ച് സ്വാമി ഉറങ്ങുന്ന വാതിലില്‍ മുട്ടി നിലവിളിച്ചു. രാവിലെ തിരുവല്ലയ്ക്ക് പോകേണ്ടതിനാല്‍ ഡ്രൈവര്‍ വന്ന് വിളിക്കുന്നതാണെന്നാണ് സ്വാമി വിചാരിച്ചത്. വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ആശ്രമത്തിന് മുന്‍ഭാഗം തീഗോളമായി മാറിയിരിക്കുന്നത് സ്വാമി കാണുന്നത്. മറ്റൊരു മുറിയില്‍ 81 വയസ്സായ ക്ലാരമ്മ എന്ന അന്തേവാസിയും ഉറങ്ങിയിരുന്നു. അവരെ വിളിച്ചുണര്‍ത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്വാമി എഴുന്നേല്‍ക്കുന്നതിന് മുമ്പുതന്നെ അഗ്‌നിശമന സേനാംഗങ്ങളും എത്തി. അരമണിക്കൂറിലേറെ ശ്രമിച്ചാണ് തീയണച്ചത്. അയല്‍വാസികളുടെയും പൊലീസിന്റെയും ജാഗ്രത ഉണ്ടായിരുന്നില്ലെങ്കില്‍ സ്വാമിയും ആശ്രമവാസിയായ ക്ലാരമ്മയും ബാക്കിയുണ്ടാകുമായിരുന്നില്ല.
https://www.facebook.com/Malayalivartha
























