ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പി.കെ ശശിക്കെതിരായ ലൈംഗികാതിക്രമം ചര്‍ച്ച ചെയ്യേണ്ടെന്ന് എം.സ്വരാജ്, സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ പറയുന്ന പാര്‍ട്ടിയും താങ്കളും എന്തടിസ്ഥാനത്തിലാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് വനിതാ പ്രതിനിധികള്‍

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം. സ്വരാജിനെതിരെ അതിരൂക്ഷവിമര്‍ശനം. പി.കെ ശശി എം.എല്‍.എ ജില്ലയിലെ വനിതാ നേതാവിന് നേരെ നടത്തിയ ലൈംഗികാതിക്രമം സമ്മേളനം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സ്വരാജ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പരാതിക്കാരി ഉള്‍പ്പെടെ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു സെക്രട്ടറിയുടെ ആജ്ഞ. എം.എല്‍.എയ്‌ക്കെതിരായ പരാതി പാര്‍ട്ടി അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ ഡി.വൈ.എഫ്.ഐ ചര്‍ച്ച ചെയ്യേണ്ടെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ചര്‍ച്ച തുടങ്ങിയതോടെ പ്രതിനിധികള്‍ സ്വരാജിനും പി.കെ ശശിക്കും എതിരെ അവര്‍ തിരിയുകയായിരുന്നു.
സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പാര്‍ട്ടിയും എം.എല്‍.എയും അതേക്കുറിച്ച് സംസാരിക്കരുതെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വനിതാ പ്രതിനിധികള്‍ ചോദിച്ചു. ജില്ലാ സമ്മേളന വേദിയില്‍ എന്താണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സംസ്ഥാന നേതൃത്വമല്ല തീരുമാനിക്കേണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ വിമര്‍ശനം അതിര് കടന്നതോടെ പ്രസീഡിയം ഇടപെട്ട് അംഗങ്ങളെ വിലക്കി. അതും പ്രതിഷേധത്തിനിടയാക്കി. അതേസമയം പി.കെ ശശിക്കെതിരായ പരാതി സംബന്ധിച്ച് ജില്ലാ നേതൃത്വം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. തങ്ങള്‍ക്ക് പരാതി കിട്ടിയിട്ടില്ലെന്നും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുന്നുണ്ട് തുടങ്ങിയ ന്യായീകരണങ്ങളാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്.
വിമര്‍ശനങ്ങള്‍ക്ക് ജില്ലാ, സംസ്ഥാന നേതൃത്വം മറുപടി നല്‍കും. ജില്ലാ നേതാവിന് നേരെ ഉണ്ടായ അതിക്രമം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നും അതിനാല്‍ നിലവിലെ സെക്രട്ടറിയേയും പ്രസിഡന്റിനേയും മാറ്റണമെന്ന് വിവിധ ബ്‌ളോക്കുകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇവരെ തണുപ്പിക്കാന്‍ പ്രായപരിധി ചൂണ്ടാക്കാട്ടി പുതിയ നേതൃത്വത്തെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മറുഭാഗത്ത് ഇപ്പോഴുള്ള നേതൃത്വം ഒരുതവണ കൂടി തുടരാനുള്ള സമവായ ചര്‍ച്ചകളും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























