നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിനു നേരെ ഇന്ത്യയുടെ മിന്നലാക്രമണം; പഴയ സര്‍ജിക്കല്‍ അറ്റാക്ക് ഓര്‍മ്മപ്പെടുത്തി സൈന്യം കുതിക്കുമ്പോള്‍ അപ്രതീക്ഷിതമായ അറ്റാക്കില്‍ പാകിസ്ഥാന്‍ വിറച്ചു

ഏറെ അഭിനന്ദിക്കപ്പെട്ടതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ 2016 ലെ സര്‍ജിക്കല്‍ അറ്റാക്ക്. അതേ ഓര്‍മ്മിപ്പിക്കപ്പെടുത്തും വിധം ഇന്ത്യന്‍ സൈന്യത്തിന്റെ മറ്റൊരു പ്രഹരം. നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിനു നേരെയാണ് ഇന്ത്യയുടെ മിന്നലാക്രമണം നടന്നത്. ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 3 ഭീകരക്യാംപുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഉറിയിലെ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായിട്ടായിരുന്നു 2016 സെപ്റ്റംബറില്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം നടത്തിയത്. ഭീകരരുടെ 7 താവളങ്ങള്‍ക്കു നേരെയാണ് അന്ന് ആക്രമണം നടത്തിയത്.
കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാംപിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയാണ് ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ സൈനിക നടപടി. പാക്ക് അധിനിവേശ കശ്മീരില്‍ നിയന്ത്രണ രേഖയില്‍നിന്ന് 1820 കിലോമീറ്റര്‍ ദൂരെയാണ് ഹജിറ സൈനിക കേന്ദ്രം. പീരങ്കികള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ പാക്ക് സൈന്യത്തിനു സാവകാശം ലഭിച്ചില്ല.
മേഖലയില്‍നിന്ന് വെടിയൊച്ച കേട്ടതായും പുക ഉയരുന്നതു കണ്ടതായും അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ പറഞ്ഞു. ഇതിന്റെ വിഡിയോ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. രജൗറിയില്‍ ഭീകര സംഘവുമായുള്ള ഏറ്റുമുട്ടലില്‍ 3 സൈനികര്‍ വീരമൃത്യു വരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ജമ്മുവിലെ രാംഗഡ് മേഖലയില്‍ സെപ്റ്റംബര്‍ 18ന് പാക്ക് സേന ഇന്ത്യന്‍ ഭടന്‍ നരേന്ദര്‍ സിങ്ങിനെ കഴുത്തറുത്തു കൊന്നിരുന്നു.
അതിര്‍ത്തിയില്‍ ഈ വര്‍ഷം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച 1591 സംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ട് ഭീകരരുടെ വന്‍സംഘം അതിര്‍ത്തിക്കപ്പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരം ഈയിടെ ലഭിച്ചിരുന്നു.
അതേസമയം ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ 5 ബിഎസ്എഫ് ജവാന്‍മാര്‍ക്കു പരുക്കേറ്റു. പാന്താ ചൗക്കില്‍ ഇന്നലെ വൈകിട്ട് 6.15ന് ആണ് പട്രോളിങ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ചികില്‍സയില്‍ കഴിയുന്ന ജവാന്‍മാരില്‍ ഒരാളുടെ നില ഗുരുതരമാണ്
പഞ്ചാബിലെ ഫിറോസ്പുരില്‍ അതിര്‍ത്തി ഔട്‌പോസ്റ്റിനു സമീപത്തുനിന്ന് ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ച പാക്ക് സൈനികരെന്നു സംശയിക്കുന്ന 2 പേര്‍ ഞായറാഴ്ച പിടിയിലായി. ഇവരുടെ കൈയില്‍നിന്ന് പണവും മൊബൈല്‍ ഫോണും സൈനിക തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha
























