പരോൾ കഴിഞ്ഞ് കുഞ്ഞനന്തൻ ജയിലിലേയ്ക്ക് ഇല്ല; 40 ദിവസം കുഞ്ഞനന്തനെ വീട്ടിൽ പാർപ്പിച്ച സർക്കാർ വീണ്ടും അഞ്ച് ദിവസം ദീർഘിപ്പിച്ച് ഉത്തരവിറക്കി...

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തന് പരോൾ കഴിഞ്ഞു തിരികെ ജയിലിലേക്കു മടങ്ങാനിടയില്ല. രണ്ടുവട്ടം പരോൾ നീട്ടി നൽകി 40 ദിവസം കുഞ്ഞനന്തനെ വീട്ടിൽ പാർപ്പിച്ച സർക്കാർ ഇന്നലെ വീണ്ടും അഞ്ചു ദിവസം കൂടി ഭവനവാസം ദീർഘിപ്പിച്ച് ഉത്തരവിറക്കി. ഇതോടെ ഇക്കുറി മാത്രം പരോളിൽ കുഞ്ഞനന്തൻ കഴിയുന്നതു 45 ദിവസം.
2014 ജുവരിയില്‍ ജീവപര്യന്തം ശിക്ഷിച്ച കുഞ്ഞനന്തന് പരോള്‍ ആകെ കിട്ടിയിരിക്കുന്നത് 389 ദിവസമാണ്. ചട്ടലംഘനം നടത്തി പ്രത്യേക പരിഗണന നല്‍കുന്നതിനെ ജയിലിലും പുറത്തുമായി നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന് ഇതൊരു വിഷയമല്ല. നിരവധി തടവുകാരുടെ പരോള്‍ അപേക്ഷ നിലനില്‍ക്കുമ്പോഴാണ് കുഞ്ഞനന്ദന് വീണ്ടും വീണ്ടും പരോള്‍ നല്‍കുന്നത്.
ഇൗ അഞ്ചു ദിവസം കൂടി കഴിയുമ്പോൾ വീണ്ടും കുഞ്ഞനന്തനിൽ നിന്ന് അപേക്ഷ വാങ്ങി നീട്ടി നൽകാൻ സർക്കാർ ഇപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു. ചട്ടപ്രകാരം ജയിൽ വകുപ്പ് ഒരാൾക്കു പരോൾ അനുവദിച്ചു കഴിഞ്ഞാൽ അതു ദീർഘിപ്പിച്ചു നൽകാൻ ആഭ്യന്തര വകുപ്പിനു കഴിയും. ജയിൽ വകുപ്പ് ആദ്യം 10 ദിവസത്തേക്കു നൽകിയ പരോളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ആഭ്യന്തര വകുപ്പ് 25 ദിവസമായി ദീർഘിപ്പിച്ചത്.
ഇതു കഴിയാറായപ്പോൾ വീണ്ടും 15 ദിവസം കൂടി നൽകി. ഇതും പൂർത്തിയാക്കി കുഞ്ഞനന്തൻ ജയിലിലേക്കു മടങ്ങാൻ ഒരുങ്ങിയപ്പോൾ കണ്ണൂരിലെ പ്രമുഖ നേതാവും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനും ഇടപെട്ട് ഇന്നലെ വീണ്ടും അഞ്ചു ദിവസം കൂടി അനുവദിച്ച് ഉദ്യോഗസ്ഥരെക്കൊണ്ട് ഉത്തരവിറക്കിച്ചത്.
https://www.facebook.com/Malayalivartha
























