പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുവശത്ത് ശബരിമലയിലൊരുക്കുമ്പോള്‍ മറുവശത്ത് തന്ത്രമൊരുക്കി സിപിഎം ; ദേവസ്വം വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശബരിമലയില്‍ ശക്തമാക്കും

പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുവശത്ത്. ശബരിമലയിലൊരുക്കുമ്പോള്‍ മറുവശത്ത് തന്ത്രമൊരുക്കി സിപിഎം. മണ്ഡലകാല പൂജയ്ക്ക് നട തുറക്കുന്നതിന് മുമ്പ് കേസ് പരിഗണിക്കുന്ന നവംബര്‍ 13 ന് സുപ്രീംകോടതിയില്‍ നിന്ന് വിശ്വാസികള്‍ക്ക് അനുകൂലമായ എന്തെങ്കിലും നീക്കം ഉണ്ടായില്ലെങ്കില്‍ യുവതീ പ്രവേശനം സുഗമമാക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു.
വിശ്വാസികള്‍ക്ക് പ്രക്ഷോഭ സമരങ്ങളില്‍ ശക്തി സ്രോതസ്സായി നിലകൊള്ളുന്ന പന്തളം കൊട്ടാരത്തെയും, താഴ്മണ്‍ കുടുംബത്തെയും അനുനയിപ്പിക്കാനും, പ്രീണിപ്പിക്കാനുമുള്ള തന്ത്രങ്ങളാണ് സിപിഎം ഒരുക്കുന്നത്. അതിന്റെ ഭാഗമായി മലയര വിഭാഗത്തെ രംഗത്തെത്തിച്ചു കഴിഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ മലയരയര്‍ക്കും കൂടി പ്രാതിനിധ്യം ഉറപ്പിക്കണം എന്നത് ദേവസ്വം ബോര്‍ഡ് ഗൗരവമായി എടുക്കുന്നു.
മലയര വിഭാഗത്തിന് ശബരിമലയില്‍ ജോലി സംവരണമെന്ന് ദീര്‍ഘനാളത്തെ ആവശ്യമാണ്. ഇത് പന്തളം കൊട്ടാരത്തെയും, തന്ത്രി കുടുംബത്തിനെയും വെട്ടിലാക്കുന്ന തന്ത്രമാണ്. ദേവസ്വം വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശബരിമലയില്‍ ശക്തമാക്കുന്ന നടപടികള്‍ ബോര്‍ഡ് ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ തന്നെ തന്ത്രി കുടുംബവുമായി ബന്ധപ്പെട്ട് ധാരാളം ആക്ഷേപങ്ങളുണ്ട്. പണം നല്‍കിയാല്‍ പ്രത്യേക പരിഗണന സന്നിധാനത്തു ലഭിക്കും എന്ന് പലരും വെളിപ്പെടുത്തുന്നു. പൂജാദി കര്‍മ്മങ്ങളില്‍ മാത്രം തന്ത്രിയെ തളയ്ക്കുകയാണ് ഒരു നടപടി. സുനില്‍ സ്വാമിയെപ്പോലുള്ള വ്യവസായികള്‍ ശബരിമലയില്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നവരാണ്.
കണ്ഠരര് മോഹനര് ഇടതുപക്ഷവുമായി പൊതുവെ അടുപ്പമുള്ള ആളാണ്. എന്നാല്‍ കണ്ഠരര് രാജീവരാകട്ടെ സര്‍ക്കാരുമായി തുറന്ന യുദ്ധത്തിലും . മോഹനരെ ഉപയോഗിച്ച് രാജീവരെ അനുനയിപ്പിക്കാനാണ് സി.പി.എം ശ്രമം. കണ്ഠരര് മോഹനര്‍ക്കെതിരെ ചില കേസുകളുള്ളത് സര്‍ക്കാരിന് ഒരു പിടിവള്ളിയാണ് . കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെ താഴ്മണ്‍ കുടുംബം പരസ്യ നിലപാടെടുത്തത് കണ്ഠരര് മോഹനരാണ്. ഇതിനെതിരെ കുടുംബത്തില്‍ തന്നെ അനൈക്യമുണ്ട്. കണ്ഠരര് മോഹനര് സര്‍ക്കാരിനെ ഭയപ്പെട്ടാണിതു ചെയ്യുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആചാര ലംഘനമുണ്ടായാല്‍ നടയടക്കുന്ന നടപടികള്‍ കണ്ഠരര് രാജീവരുടെ ഭാഗത്തു നിന്നുണ്ടാവാതിരിക്കാനാണ് സിപിഎം ശ്രമം. പരികര്‍മ്മികളുടെ ഭാഗത്തു നിന്ന് പ്രതിഷേധമുയരാതിരിക്കാന്‍ ബോര്‍ഡും ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സന്നിധാനത്തുണ്ടായ പ്രതിഷേധങ്ങളില്‍ തന്ത്രിക്കും, പരികര്‍മ്മികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന മുന്നറിയിപ്പ് ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിയെങ്കിലും, ഭാവിയില്‍ ഇത്തരം നടപടികളുണ്ടാകില്ല എന്ന ഉറപ്പില്‍ നടപടി മരവിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ അതൊരു വിരട്ടു തന്ത്രമായിരുന്നു.
സിപിഎം ലെ ചില നേതാക്കള്‍ക്ക് പന്തളം കൊട്ടാരവുമായുള്ള അടുപ്പമുപയോഗിച്ചും അവരുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമം നടക്കുന്നു. തന്ത്രി കുടുംബത്തെയും, പന്തളം കൊട്ടാരത്തെയും പരസ്യ പ്രക്ഷോഭത്തില്‍ നിന്നു തിരിക്കാനായാല്‍ , വിശ്വാസി സമരത്തെ രാഷ്ട്രീയമാക്കി മാറ്റാന്‍ സര്‍ക്കാരിനു കഴിയും. ഈ ലക്ഷ്യത്തോടെയാണ് നീക്കം.
https://www.facebook.com/Malayalivartha
























