ജോലി വീട്ടിൽ തന്നെ;രേഖകളിൽ മന്ത്രിമന്ദിരത്തിലെ തോട്ടക്കാരി; ശമ്പളം പതിനേഴായിരത്തിലേറെ;ബന്ധു നിയമന വിവാദം പുകയവേ മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം

ബന്ധു നിയമന വിവാദം പുകയവേ മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം. മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ഗംഗയിലെ തോട്ടക്കാരിയായി നിയമിച്ച സ്ത്രീ ജോലിക്ക് ഹാജരാകാതെ മലപ്പുറത്തെ സ്വന്തം വീട്ടിലിരുന്ന് ശമ്പളം പറ്റുന്നുവെന്നാണ് ആരോപണം.തന്റെ ഔദ്യോഗിക വസതിയിൽ സഹായിയായി 2 വർഷമായി അവർ ജോലി ചെയ്യുന്നുണ്ടെന്നാണു മന്ത്രിയുടെ വിശദീകരണമെങ്കിലും വീട്ടമ്മ സ്ഥിരമായി വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നും എവിടെയും ജോലിക്കു പോകാറില്ലെന്നും പ്രദേശവാസികൾ പറയുന്നതായി മാധ്യമങ്ങൾ പറയുന്നു . ഔദ്യോഗിക വസതിയായ ‘ഗംഗ’യിൽ പൂന്തോട്ടം പരിചാരികയായാണു തൊഴുവാനൂർ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു വിവരാവകാശ നിയമപ്രകാരം നൽകിയ രേഖയിൽ പറയുന്നത്.വിവരാവകാശ രേഖകള്‍ പ്രകാരം ഇവര്‍ രണ്ടുവര്‍ഷമായി തോട്ടക്കാരി എന്ന നിലയിലുളള ശമ്പളം പറ്റുന്നുണ്ട്.ഇവർ അടക്കം 3 പേരാണു ‘ഗംഗ’യിൽ പൂന്തോട്ടം പരിചരിക്കാൻ മാത്രമുള്ളത്.
മന്ത്രിയുടെ സുഹൃത്തും കെഎസ്ആർടിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ ജനതാദൾ നേതാവിന്റെ ഭാര്യയാണു രേഖകളിൽ മന്ത്രിമന്ദിരത്തിൽ തോട്ടപ്പണിയെടുക്കുന്നത്. മാസം പതിനേഴായിരത്തിലേറെ രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് അവർക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്പളം കൈപ്പറ്റുന്നത് എന്നു വ്യക്തമല്ല.
ഭാര്യ വളാഞ്ചേരിയിലെ സ്വന്തം വീട്ടിലുണ്ടെന്നായിരുന്നു അവരുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടി. അതേസമയം തൊഴുവാനൂര്‍ സ്വദേശിനി അവധിയിലാണെന്നാണ് മന്ത്രിയുടെ ഓഫിസിലെ ചില ജീവനക്കാര്‍ അറിയിച്ചത്.അതേസമയം, എന്നു മുതലാണ് അവധിയില്‍ പോയതെന്നോ എന്നു തിരിച്ചു ജോലിയില്‍ പ്രവേശിക്കുമെന്നോ വിശദീകരിക്കാന്‍ അവര്‍ തയാറായില്ല.
https://www.facebook.com/Malayalivartha

























