സിപിഎമ്മിനോട് ഒരു തരത്തിലും മൃദുസമീപനം വേണ്ടെന്ന് എന്‍.എസ്.എസ്.; കാലങ്ങളായി എന്‍.എസ്.എസ്. സ്വീകരിച്ച സമദൂരം കൈവിടുന്നു; ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെ കളിയാക്കിയവര്‍ക്കെതിരെ പൊരുതാന്‍ സുകുമാരന്‍നായര്‍

സിപിഎമ്മിനോട് ഏറെ കൂറ് കാണിച്ച് സമദൂരത്തില്‍ നിന്ന സാമുദായിക സംഘടനയാണ് എന്‍എസ്എസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ സി.പി.എമ്മിനോടു പുലര്‍ത്തിയിരുന്ന മൃദുസമീപനം എന്‍.എസ്.എസ്. പൂര്‍ണമായി ഉപേക്ഷിക്കുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിലെ ഇടതു സര്‍ക്കാരന്റെ നിലപാടില്‍ പ്രതിഷേധിച്ചാണിത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്. നേതൃത്വത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. കാലങ്ങളായി എന്‍.എസ്.എസ്. ഇരുമുന്നണികളോടും സമദൂര നിലപാടിലായിരുന്നു.
എന്നാല്‍ പിണറായി അധികാരമേറ്റശേഷം, സമദൂരത്തിനൊപ്പം വിഷയാധിഷ്ഠിതമായി ഇടതു സര്‍ക്കാരിനോടു മൃദുസമീപനം പുലര്‍ത്തിയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ പിണറായിയെ പുകഴ്ത്തുകപോലും ചെയ്തു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെതിരേ സി.പി.എം. രംഗത്തുവന്നതാണു ബന്ധം വഷളാക്കിയത്.
അതേസമയം ശബരിമല വിഷയത്തില്‍ ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ നിലപാടിനോടും എന്‍.എസ്.എസ്. അതൃപ്തി പ്രകടിപ്പിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ബി.ജെ.പി. സംസ്ഥാനാധ്യക്ഷനായി നിയമിക്കപ്പെട്ടപ്പോഴും ശ്രീധരന്‍ പിള്ളയുമായി എന്‍.എസ്.എസിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട ജി. രാമന്‍ നായരെ ബി.ജെ.പി. ഉപാധ്യക്ഷനാക്കിയതും ശബരിമല തന്ത്രിയുടെ തീരുമാനം തന്റെ നിര്‍ദേശ പ്രകാരമായിരുന്നെന്ന പിള്ളയുടെ വെളിപ്പെടുത്തലുമാണ് എന്‍.എസ്.എസിനെ ചൊടിപ്പിച്ചത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും കെ.സി. വേണുഗോപാല്‍ ദേവസ്വം മന്ത്രിയുമായിരിക്കേയാണ് എന്‍.എസ്.എസ്. നോമിനിയായ ജി. രാമന്‍ നായരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്. പിന്നീട് എന്‍.എസ്.എസ്. നേതൃത്വവുമായി രാമന്‍ നായര്‍ അകന്നു.
എന്‍.എസ്.എസിന്റെ അഭ്യര്‍ഥനപ്രകാരം ദേവസ്വം ബോര്‍ഡ് ഭരണ സമിതിയുടെ കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്നു മൂന്നുവര്‍ഷമായി യു.ഡി.എഫ്. സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനാക്കിയ രാമന്‍ നായര്‍, എന്‍.എസ്.എസ്. നോമിനിയാണെന്ന പ്രചാരണമാണു നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ആചാര ലംഘനമുണ്ടായാല്‍ ശബരിമല നടയടയ്ക്കുമെന്നു തന്ത്രി പ്രഖ്യാപിച്ചത്, എന്‍.എസ്.എസ്. നേതൃത്വവും പന്തളം കൊട്ടാരവുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ ശ്രീധരന്‍ പിള്ള അവകാശവാദമുന്നയിച്ചതില്‍ എന്‍.എസ്.എസിനു കടുത്ത അമര്‍ഷമുണ്ട്.
https://www.facebook.com/Malayalivartha

























