ശബരിമലയിലെ സാഹചര്യം ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രോക്ഷോഭം നിയന്ത്രിക്കണമെന്നും ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ആചാരലംഘനം നടന്നെന്നും ചിത്തിര ആട്ടവിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും ദേവസ്വം ബോര്‍ഡ്. ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകും. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലാക്കും. കാരണം ശബരിമലയ്ക്ക് കുറേ വര്‍ഷങ്ങളായി സുരക്ഷാഭീഷണിയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയത് ആചാരലംഘനമാണ്.
പന്തളം കൊട്ടാരം അംഗങ്ങള്‍ക്കും തന്ത്രിക്കും മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ അവകാശം. തുടങ്ങിയ വിവരങ്ങളാണ് മണ്ഡലകാലത്തെ നടത്തിപ്പിനെ കുറിച്ചും ചിത്തിരആട്ട വിശേഷനാളിലെ സംഭവങ്ങളെ കുറിച്ചും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്തിര ആട്ടവിശേഷസമയത്ത് അന്‍പത്തിരണ്ട് വയസുളള തൃശൂര്‍ സ്വദേശി ദര്‍ശനത്തിനെത്തിയപ്പോള്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ആളുകള്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയിരുന്നു. പലരും പടിയില്‍ നിന്ന് ആക്രോശം നടത്തിയിരുന്നു.
ഒടുവില്‍ പൊലീസ് ഇടപെട്ടാണ് ലളിത എന്ന സ്ത്രീയെ ശ്രീകോവിലിലെത്തിച്ചത്. അവരുടെ മകനെയും ഭര്‍ത്താവ് രവിയേയും ഒരു കൂട്ടം ഭക്തര്‍ ആക്രമിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ രാഷട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചാല്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും തിരിച്ചടിയാകും.
https://www.facebook.com/Malayalivartha

























