അജ്‌മീര്‍ ദര്‍ഗ സ്ഫോടനക്കേസിൽ പ്രതിയായ മലയാളി അറസ്റ്റിൽ; കൊയിലാണ്ടി സ്വദേശി സുരേഷ് നായരെ പിടികൂടിയത് ഗുജറാത്ത് ഭീകരവിരുദ്ധസേന; നടപടി മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സ്‌ഫോടനത്തിനായി ബോംബ് എത്തിച്ചതിന്

നാടിനെ നടുക്കിയ അജ്‌മീര്‍ ദര്‍ഗ സ്ഫോടനക്കേസിൽ പ്രതിയായ മലയാളി അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി സുരേഷ് നായരാണ് പോലീസ് പിടിയിലായത്. 2007ല്‍ രാജ്യത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്‌ടിച്ച കേസിൽ ഒളിവിലായിരുന്ന സുരേഷിനെ ഗുജറാത്തിലെ ഭരൂച്ചില്നിന്നാണ് ഗുജറാത്ത് ഭീകരവിരുദ്ധസേന പിടികൂടിയത്. പ്രതി നര്‍മദ നദീതീരത്തെ തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്‌മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ സ്‌ഫോടക വസ്‌തുക്കള്‍ എത്തിച്ചത് സുരേഷ് നായരാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ സുരേഷ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ഒളിവിലായിരുന്നു.
സുരേഷിനെ പിടികൂടുന്നവര്‍ക്ക് പോലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ സന്ദീപ് ദാങ്കേ, രാമചന്ദ്ര എന്നിവരെ ഇനിയും പിടികൂടാനുണ്ട്. അതേസമയം, കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് ആരോപിച്ച സ്വാമി അസിമാനന്ദയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി 2017ല്‍ ജയ്പൂരിലെ എന്‍.ഐ.എ കോടതി കുറ്റവിമുക്തനാക്കിയിരുന്നു
ഇതിന് പുറമെ ഹര്‍ഷദ് സോളങ്കി, ലോകേഷ് ശര്‍മ, മെഹുല്‍ കുമാര്‍, മുകേഷ് വസാനി, ഭരത് ഭായ്, ചന്ദ്രശേഖര്‍ എന്നിവരയും കോടതി കുറ്റവിമുക്തരാക്കി. എന്നാല്‍ യു.എ.പി.എ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ നടത്തിയ മൂന്ന് പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്‌തു.
https://www.facebook.com/Malayalivartha

























