സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു

സംസ്ഥാനത്തെ തൃശ്ശൂരിലും ഷിഗല്ല രോഗബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. മാപ്രാണം സ്വദേശിയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചത്. കൊടകരയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്.
ഷിഗല്ല ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂര്‍ സ്വദേശി ആര്‍ജവ് ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 12ന് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 5 ആയി.
135 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കോഴിക്കോട് ജില്ലയിലും. രോഗത്തെ പ്രതിരോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ണൂര്‍ പാനൂരില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാര്‍ഡുകളിലെ 2 കുട്ടികള്‍ക്കാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ഡുകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























