പികെ ശശിയെ വിഎസ് വെറുതെ വിടില്ല ; നടപടിയിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയത് എം.ചന്ദ്രനും വി എസ് അച്യൂതാനന്ദനും; പി കെ ശശിയെ പാർട്ടി സസ്പെന്റ് ചെയ്തെങ്കിലും ഔദ്യോഗിക പക്ഷത്തോട് എതിർപ്പ് പുലർത്തുന്ന ചില സി പി എം നേതാക്കൾ ശശിക്കെതിരെ ഹൈക്കേടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് സൂചന

പി കെ ശശിയെ പാർട്ടി സസ്പെന്റ് ചെയ്തെങ്കിലും ഔദ്യോഗിക പക്ഷത്തോട് എതിർപ്പ് പുലർത്തുന്ന ചില സി പി എം നേതാക്കൾ ശശിക്കെതിരെ ഹൈക്കേടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് സൂചന. ഒരു വനിതാ സഖാവിനോട് മോശമായി ഫോണിൽ സംസാരിച്ചു എന്ന സി പി എമ്മിന്റെ കുറ്റസമ്മതം നിയമപരമായി നിലനിൽക്കുമെന്നാണ് ഇവർ കരുതുന്നത്.
പരാതിക്കാരിയെയും ചില സി പി എം നേതാക്കളെയും ഭയന്നാണ് ഇത്രയെങ്കിലും നടപടി പാർട്ടി സ്വീകരിച്ചത്. ശശിയെ പാർട്ടിയിൽ തരം താഴ്ത്താനായിരുന്നു ആദ്യ നീക്കം. ഒടുവിൽ പാർട്ടിക്ക് ശശി വിനയാകുമെന്ന് കണ്ടപ്പോഴാണ് ശശിക്കെതിരെ നടപടിയെടുത്തത്.
ശശിക്കെതിരെ കടുത്ത നടപടി എ കെ. ബാലൻ അധ്യക്ഷനായ കമ്മിറ്റി പോലും ശുപാർശ ചെയ്തില്ലെന്നാണ് അറിയുന്നത്. ലൈംഗികാതിക്രമം എന്ന വാക്ക് പോലും ബാലൻ കമ്മിറ്റി തന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല . ശശിക്കെതിരെ ചെറിയ നടപടി മാത്രം മതിയെന്നായിരുന്നു ബാലന്റെ ശുപാർശ. ആദ്യം ശശിക്കെതിരായി നീങ്ങിയവർക്കെതിരെ നടപടി നിർദ്ദേശിച്ചിരുന്നെങ്കിലും അത് വേണ്ടെന്ന് വച്ചത് പാർട്ടിയിലെ ബദൽ നേതാക്കളിൽ നിന്നും കൂടുതൽ ഉപദ്രവം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്.
ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തെ ശിക്ഷിക്കാൻ പാർട്ടിക്ക് എന്ത് അധികാരമുണ്ടെന്ന ചോദ്യം ബാക്കിയാവുന്നു. ഇത് പാർട്ടിയിൽ ഒതുങ്ങേണ്ട വിഷയമല്ല. അതായത് ശശിക്കെതിരെ ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ ശശിയും സി പി എമ്മും കുരുങ്ങും.
ശശിയുടെ ധാർമ്മികതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. കേസ് കോടതിയിലെത്തിയാൽ ശശിയുടെ നിയമസഭാംഗത്വം തന്നെ ഇല്ലാതാകും. എന്നാൽ കോൺഗ്രസ്സുകാർ ആരും ഹൈക്കോടതിയെ സമീപിക്കാതിരിക്കാൻ ശശി മാനേജ് ചെയ്യുന്നുണ്ട്. ബി ജെ പിയിലും സാധ്യതയില്ല.
എം.ചന്ദ്രനും വി എസ് അച്യൂതാനന്ദനുമാണ് ശശിക്കെതിരായ നടപടിയിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയത്. പരാതിക്ക് പിന്നിൽ പാർട്ടി ഗ്രൂപാണെന്നാണ് ആദ്യം പുറത്തുവന്നത്. ശശി ഔദ്യോഗിക പക്ഷത്തിലെ പ്രധാന നേതാവാണ്. അച്ചുതാനന്ദന്റെ അണികളെ ജില്ലയിൽ നിന്നും വെട്ടിമാറ്റിയ നേതാവാണ് ശശി. പി കെ ശശിക്കെതിരായ വനിതയുടെ പരാതി വി എസാണ് കേന്ദ്ര കമ്മിറ്റിക്ക് അയച്ചത്. വി എസും അദ്ദേഹത്തിന്റെ അണികളും ശശിയെ നടപടിയിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിൽ കോടിയേരിക്കും പിണറായിക്കുമെതിരെ കൂടുതൽ നടപടികളിലേക്ക് നീങ്ങുമായിരുന്നു.
ശശിക്കെതിരെ ലഘു നടപടിയുണ്ടായാൽ കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ നീക്കം. ഇപ്പോൾ അവരുടെ നിലപാട് എന്താണെന്ന് പുറത്തു വന്നിട്ടില്ല. ഫോണിലൂടെ വനിതാ നേതാവിനോട് മോശമായി സംസാരിച്ചു എന്ന ആരോപണമാണ് പാർട്ടി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ പരാതിക്കാരിയുടെ ആരോപണം ഇതായിരുന്നില്ല. ശശി തന്നെ ലൈംഗികമായി ആക്രമിച്ചു എന്നായിരുന്നു പരാതി. കേന്ദ്രകമ്മിറ്റിക്ക് പരാതി നൽകാൻ പരാതിക്കാരി തയ്യാറായത് ഇതു കൊണ്ടാണ്. ശശിക്കെതിരെയുള്ള ഓഡിയോ തെളിവ് പരാതിക്കാരി ഹാജരാക്കിയിരുന്നു.
പി കെ ശശിയെ വെറുതെ വിടാനാണ് സി പി എം തീരുമാനിച്ചിരുന്നത്. അതിന് വേണ്ടി അവർ കളമൊരുക്കുകയും ചെയ്തു. സി പി എമ്മിന്റെ പ്രധാന നേതാക്കൾ തന്നെ പരാതിക്കാരിയെ സ്വാധീനിക്കാനും സംസാരിക്കാനും ശ്രമിച്ചിരുന്നു. പരാതിക്കാരിയായ പെൺകുട്ടിക്ക് ചില ഉന്നത സ്ഥാനങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാണ് അച്ചടക്കമുള്ള വനിതാ സഖാവ് തന്റെ പാർട്ടി ഒരു പോറൽ പോലും ഏൽക്കാതെ പരാതിയുടെ അടിസ്ഥാനത്തിൽ ഉറച്ചു നിന്നു.
പി.കെ. ശശി നാളെ നിയമസഭയിലെത്തും. അങ്ങനെ എത്തുന്നതിൽ യാതൊരു നിയമതടസവുമില്ല. ശശിക്കെതിരെ പ്രതിപക്ഷം ബഹളമുണ്ടാക്കിയാൽ ഉമ്മൻ ചാണ്ടിയെയും സരിത കേസിൽ ആരോപണവിധേയരായ നേതാക്കളെയും സി പി എം നിർത്തി പൊരിക്കും. അതേസമയം പരാതി നൽകിയ പെൺകുട്ടി ഇതിൽ കൂടുതൽ പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുന്നവരെ വനിതാ നേതാവ് അനുകൂലിക്കുമോ എന്നാണ് കണ്ടറിയേണ്ടത് .!
https://www.facebook.com/Malayalivartha

























