പ്രതിഷേധം വന്‍ വിജയം; വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ മാറ്റി

വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ മാറ്റി. തന്റെ അനുമതി കൂടാതെ പ്രധാന ചുമതല നല്‍കിയതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. രക്ഷാധികാരിയായി തന്റെ പേരു വച്ചതു സാമാന്യ മര്യാദയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ചെന്നിത്തല പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ് പേരു നീക്കിയത്.
ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന പ്രത്യേകയോഗത്തിലാണു ജില്ലയില്‍നിന്നുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ചെന്നിത്തലയെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയാക്കിയത്. എന്നാല്‍ തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ രക്ഷാധികാരിയാക്കി പേരുവച്ചതില് കളക്ടറെ ചെന്നിത്തല പ്രതിഷേധമറിയിച്ചു. രണ്ടു തവണയാണ് പിആര്‍ഡി പത്രക്കുറിപ്പിറക്കിയത്. ആദ്യ പത്രക്കുറിപ്പില്‍ ചെന്നിത്തലയുടെ പേരില്ലായിരുന്നു. രണ്ടാമത്തേതില്‍ പേരുവച്ച് ഇറക്കുകയായിരുന്നു.
അതേസമയം,നിയമസഭയില്‍ വനിതാ മതിലിനെ ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞിരുന്നു. പ്രസംഗത്തിനിടെ വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്ന എം.കെ.മുനീറിന്റെ പ്രസ്ഥാവനയെ വിമര്‍ശിച്ച് ഭരണപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. മുനീര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഭരണപക്ഷം രംഗത്തെത്തിയത്. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എം.കെ.മുനീര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നിയമസഭ നിര്‍ത്തി വെച്ചത്.
യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം വിജയമാണെന്ന് ചെന്നിത്തല വ്യക്തമാക്കി. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























