പതിനഞ്ചു വർഷത്തിനുശേഷം രാജ്യത്ത് വീണ്ടും സെൻസസ് നടപടി.... പ്രാഥമിക ഘട്ടമായി വീടുകളുടെ കണക്കെടുപ്പ് ഏപ്രിൽ ഒന്നിന് തുടങ്ങും, കേരളത്തിൽ ജൂണിലാണ് തുടങ്ങുക . രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ്...

15 വർഷശേഷം രാജ്യത്ത് വീണ്ടും സെൻസസ് നടപടി. ഇതിന്റെ പ്രാഥമിക ഘട്ടമായി വീടുകളുടെ കണക്കെടുപ്പ് ഏപ്രിൽ ഒന്നിന് തുടങ്ങും. കേരളത്തിൽ ജൂണിലാണ് തുടങ്ങുക. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് നടപടി കൊവിഡ് കാരണം മുടങ്ങിപ്പോയിരുന്നു.
ജനസംഖ്യ കണക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിലാണ്. ജാതി സെൻസസും അതോടൊപ്പം നടത്തും. നടപടികൾ പൂർത്തിയാക്കി 2027 മാർച്ച് ഒന്നുമുതൽ രാജ്യത്താകെ പുതിയ സെൻസസ് പ്രാബല്യത്തിൽ വരും. രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസാണിത്. വിവരശേഖരണം സ്മാർട്ട് ഫോൺ വഴി. വീടിന്റെ വിവരങ്ങൾ പ്രത്യേക പോർട്ടൽ വഴി വീട്ടുകാർക്ക് സ്വയം ചേർക്കാവുന്നതാണ്. കേരളത്തിൽ ജൂൺ 16മുതൽ 30വരെ സ്വയം വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.
ജൂലായ് ഒന്നുമുതൽ 30വരെ എന്യുമറേറ്റർമാർ നേരിട്ടെത്തിയും വീടുകളുടെ കണക്കെടുപ്പ് നടത്തും. ഒന്നാംഘട്ടമായ വീടുകളുടെ കണക്കെടുപ്പ് മറ്റുപല സംസ്ഥാനങ്ങളിലും ഈ ഏപ്രിലിൽ തുടങ്ങും. ഡൽഹി, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലടക്കം സ്വയം വിവരം നൽകൽ ഏപ്രിൽ ഒന്നുമുതൽ 15 വരെയും വീടുകളുടെ കണക്കെടുപ്പ് ഏപ്രിൽ 16 മുതൽ മേയ് 15വരെയും നടക്കും.
തമിഴ്നാട്ടിൽ ജൂലായ് 17 മുതൽ 15 ദിവസം സ്വയം വിവരം നൽകലും ആഗസ്റ്റ് ഒന്നുമുതൽ 30വരെ വീടുകളുടെ കണക്കെടുപ്പും നടത്തും.
വിവരം നൽകൽ
ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ മൊബൈൽ നമ്പർ ഉപയോഗിച്ച് se.census.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യണം. 33 ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തണം. വിവരങ്ങൾ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന സെൽഫ് എന്യുമറേറ്റർ ഐ.ഡി (എസ്.ഇ ഐ.ഡി) വീട്ടിൽ വരുന്ന എന്യുമറേറ്റർക്ക് കൈമാറണം. എന്യുമറേറ്റർ പരിശോധിച്ച് കൃത്യമാക്കും.
ഒന്നാംഘട്ടം
വീടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മേൽക്കൂര (കോൺക്രീറ്റ്, ഓട്), തറ (മൊസൈക്ക്, മാർബിൾ), ഭക്ഷണരീതി, വാഹനങ്ങൾ, വീട്ടിലെ അംഗങ്ങൾ, ഗൃഹനാഥന്റെ വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇംഗ്ളീഷിലും മലയാളത്തിലുമടക്കം 16 ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ നൽകാം.
രണ്ടാം ഘട്ടം ജനസംഖ്യ, സാമൂഹികാവസ്ഥ, വിദ്യാഭ്യാസം, കുടിയേറ്റം, ജാതി തുടങ്ങിയ വിവരങ്ങൾ
ലിവിംഗ് ടുഗദർ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന(ലിവിംഗ് ടുഗദർ) പങ്കാളികളെ വിവാഹിതരെന്ന പോലെ കണക്കാക്കും. ബന്ധം സ്ഥിരതയുള്ളതാണെന്ന് അവർക്ക് ബോദ്ധ്യമുണ്ടെങ്കിൽ ദമ്പതികളായി പരിഗണിക്കുമെന്ന് സെൻസസ് വകുപ്പ് വ്യക്തമാക്കി.
ഒന്നാംഘട്ടത്തിനായി പ്രസിദ്ധീകരിച്ച ചോദ്യങ്ങളിൽ വീട്ടിലെ വിവാഹിതരുടെ എണ്ണത്തിൽ ഒന്നിച്ചു കഴിയുന്നവരെയും ചേർത്താണ് മറുപടി നൽകേണ്ടത്.
https://www.facebook.com/Malayalivartha

























