ശബരിമലയില്‍ വത്സന്‍ തില്ലങ്കരി ആചാര ലംഘനം നടത്തിയതിന് പരിഹാരം ചെയ്‌തെന്ന വാദം തെറ്റ്; വെളിപ്പെടുത്തലുമായി ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ ആചാരം ലംഘിച്ചതിന് തന്ത്രി പറഞ്ഞ പരിഹാരപൂജ ചെയ്‌തെന്ന ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വാദം തെറ്റെന്ന് ദേവസ്വം ബോര്‍ഡ്. പരിഹാര പൂജയ്ക്ക് തുക ഈടാക്കാറുണ്ടെന്നും വത്സന്‍ തില്ലങ്കേരി അത് ചെയ്തിട്ടില്ലെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ചിത്തിര ആട്ട വിശേഷ നാളിൽ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും പടിയിൽ പുറം തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണെന്ന് ആക്ഷേപം ഉയർന്നപ്പോഴായിരുന്നു തില്ലങ്കേരിയുടെ ഈ വിശദീകരണം. എന്നാൽ തന്ത്രിയുടെ നിർദേശത്തിൽ പരിഹാര പൂജ നടത്തിയെന്ന വത്സൻ തില്ലങ്കേരിയുടെ വാദം തെറ്റാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.
ആചാരലംഘനം ഉണ്ടായെന്ന് തന്ത്രിക്ക് ബോധ്യപ്പെട്ടാൽ അക്കാര്യം ദേവസ്വം ബോർഡിനെ അറിയിക്കുകയാണ് പതിവ്. തുടർന്ന് പൂജാസമയങ്ങളിൽ മാറ്റം വരുത്തി പരിഹാര പൂജ ചെയ്യും. ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥർ കയറിയതിൽ ശുദ്ധിക്രിയ നടത്തിയതും ഇതേ രീതിയിലായിരുന്നു.
വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും പതിനെട്ടാം പടി പ്രസംഗ പീഠമാക്കിയതും വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പോലീസ് മൈക്കിലൂടെയായിരുന്നു വത്സൻ തില്ലങ്കേരി പ്രവർത്തകരുമായി സംസരിച്ചത്. എന്നാൽ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂവെന്നും തന്ത്രി വ്യക്തമാക്കിയിരുന്നു.
സന്നിധാനത്തേക്ക് യുവതികള്‍ പ്രവേശിക്കുന്നത് തടയുന്നതിനായാണ് ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയില്‍ കുത്തിയിരുന്നത്. ഭൂരിഭാഗം പ്രതിഷേധക്കാര്‍ക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ കയറി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ശ്രീകോവിലും സോപാനവും പോലെ ആചാരപരമായ പ്രത്യേകതകളുള്ളതാണ് പതിനെട്ടാംപടിയും. ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതും ശ്രീകോവിലിന് പിന്‍തിരിഞ്ഞ് പടിയിറങ്ങിയതും വിവാദമായിരുന്നു.
ശ്രീകോവിലിനു തൊട്ടടുത്ത് പൊലീസ് ബൂട്ടിട്ടു കയറിയതും വിവാദമായിരുന്നു. അരമണിക്കൂറിലേറെ ശ്രീകോവിലിന് തൊട്ടുപുറകില്‍ മാളികപ്പുറം ഫ്‌ളൈ ഓവറിലേക്ക് കയറുന്ന ഭാഗത്താണ് പോലീസുകാര്‍ ബൂട്ടിട്ട് നിന്നത്. ട്രാന്‍സ്ജന്‍ഡേഴ്‌സിന് സുരക്ഷ ഒരുക്കുന്നതിനിടയിലായിരുന്നു സംഭവം.
രാവിലെ 10മണിയോടെയാണ് ഭിന്നലിംഗക്കാര്‍ ദര്‍ശനത്തിന് സന്നിധാനത്ത് എത്തിയത്. അരമണിക്കൂര്‍ മുന്‍പേ ഇരുപതിലധികം പോലീസ് ഉദ്യോഗസ്ഥര്‍ ബൂട്ട് ഉള്‍പ്പടെയുള്ള ഡ്രസ് കോഡും ഷീല്‍ഡുമായി നിലയുറപ്പിച്ചു. തിരുമുറ്റം മുതല്‍ മാളികപ്പുറം വരെ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നിരിക്കെയാണ് ഷീല്‍ഡും ലാത്തിയും ഹെല്‍മറ്റും അടക്കമുള്ളവയുമായി ശ്രീകോവിലിന് സമീപത്ത് എത്തിയത്. ബൂട്ട് ശ്രദ്ധയില്‍പ്പെട്ട ഭക്തര്‍ പ്രതിഷേധം അറിയിച്ചിട്ടും പിന്മാറാന്‍ പോലീസ് തയാറായില്ല.
പോലീസ് ബൂട്ടിട്ട് നില്‍കുന്ന നില്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബൂട്ട് മാറ്റാന്‍ നിര്‍ദേശിച്ചു. പക്ഷെ ഊരിയ ബൂട്ട് നിന്നിടത്ത് തന്നെ അഴിച്ചിട്ടു. പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരത്തിന് സമീപത്തായി ആമവിളക്കിന്റെ ചുവട്ടില്‍ പത്തോളം ലാത്തികള്‍ കൂട്ടിയിട്ടു. മാളികപ്പുറത്തേക്കുള്ള ഫ്‌ളൈഓവറിന്റെ തുടക്കഭാഗത്ത് പോലീസ് ബൂട്ടിട്ട് നിന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. തിരുമുറ്റം മുതല്‍ മാളികപ്പുറം വരെ ക്ഷേത്രപരിധിയില്‍ പെടുന്നതാണെന്നും തന്ത്രി പറഞ്ഞു. തുടർന്ന് ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥർ കയറിയതിൽ ശുദ്ധിക്രിയ നടത്തി.
https://www.facebook.com/Malayalivartha
























