ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും പെടാപ്പാട് പെടുന്നു, കോടതി വിധി അംഗീകരിക്കില്ലെന്നും ഭൂരിപക്ഷം വിശ്വാസികളുള്ളവര്‍ക്ക് പള്ളി വിട്ട് കൊടുക്കണമെന്ന ഇ.കെ നായനാരുടെയും കെ.കരുണാകരന്റെയും നിലപാട് നടപ്പാക്കണമെന്നും യാക്കോബായ സഭ

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും പെടാപ്പാട് പെടുന്നു. ഇരുവിഭാഗവും വിട്ട് വീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് തര്‍ക്കം സര്‍ക്കാരിന് കീറാമുട്ടിയായത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കോടതി വിധി നടപ്പാക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സി.പി.എം ഉറപ്പ് നല്‍കിയിരുന്നെന്നാണ് വിവരം. കോതമംഗലം, പിറവം ഉള്‍പ്പെടെ 25ഓളം പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കണമെന്നാണ് 2017 ജൂലായില്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷെ പള്ളിക്കേസുകളില്‍ മൗനം തുടരുകയാണ്. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയരുന്നുണ്ട്.
മുഖ്യമന്ത്രിമാരായിരുന്ന പി.കെ വിസുദേവന്‍ നായരും കെ.കരുണാകരനും ഇ.കെ നായനാരും സ്വീകരിച്ചിരുന്ന നിലപാടാണ് തങ്ങള്‍ക്ക് സ്വീകാര്യമെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം വിശ്വാസികളുള്ള സഭയ്ക്ക് പള്ളികള്‍ വിട്ടുകൊടുക്കണമെന്ന നിലപാടാണ് ഈ മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചിരുന്നത്. തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഇക്കാര്യം അറിയിച്ചു. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭ. അതിനെ പ്രതിരോധിക്കാന്‍ യാക്കോബായ വിശ്വാസികള്‍ കോതമംഗലം പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്. വന്‍ പൊലീസ് സന്നാഹവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ഓര്‍ത്തഡോക്‌സ് റമ്പാന്‍ കോതമംഗലം പള്ളിയില്‍ എത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങിയിരുന്നു. വീണ്ടും പൊലീസ് സുരക്ഷയില്‍ അദ്ദേഹം മടങ്ങിയെത്തുകയും ചെയ്തു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 200ഓളം പൊലീസുകാര്‍ പള്ളിയിലും പരിസരത്തുമായി നിലയുറപ്പിച്ചിട്ടുണ്ട്. പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോള്‍ യാക്കോബായ വിശ്വാസികള്‍ പള്ളിക്ക് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. അന്ന് പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ അനുനയിപ്പിച്ചത്. സമാനമായ സാഹചര്യമാണ് കോതമംഗലത്തുമുള്ളത്.
ഓര്‍ത്തഡോക്‌സ് റമ്പാന്‍ രാവിലെ എത്തിയ ശേഷം മടങ്ങിയപ്പോള്‍ വിശ്വാസികള്‍ പിരിഞ്ഞ് പോകരുതെന്ന് പള്ളിയില്‍ നിന്ന് യാക്കോബായ പുരോഹിതന്‍മാര്‍ ആഹ്വാനം ചെയ്തു. അതോടെ വിശ്വാസികള്‍ തമ്പടിച്ചിരിക്കുകയാണ്. അക്രമസംഭവങ്ങളുണ്ടായാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. അതിനാല്‍ അത് ഒഴിവാക്കാനാണ് ശ്രമം.
ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകള്‍ വോട്ട് ബാങ്കായതിനാല്‍ ഇരുകൂട്ടരേയും പിണക്കാന്‍ സര്‍ക്കാരും സി.പി.എമ്മും തയ്യാറല്ല. യു.ഡി.എഫും കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്ന് അവര്‍ക്കറിയാം. എന്നാല്‍ പള്ളിക്കേസിലും ശബരിമലക്കേസിലും സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന ബി.ജെ.പിയുടെ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
https://www.facebook.com/Malayalivartha
























