ഫോണിലൂടെ തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ സംഭാഷണം റെക്കോഡ് ചെയ്ത് യുവതി കുടുക്കി, ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് മുസമില്‍ ഷെരീഫ് എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്

ഫോണിലൂടെ തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ സംഭാഷണം റെക്കോഡ് ചെയ്ത് യുവതി കുടുക്കി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് മുസമില്‍ ഷെരീഫ് എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ റെക്കോഡ് ചെയ്ത വിവരങ്ങളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.
2017 ജനുവരിയിലായിരുന്നു ഇരുവരുടെയും നിക്കാഹ് നടന്നത്. മാസങ്ങള്‍ക്ക് ശേഷം മുഹമ്മദിന്റെ അമ്മ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുമായി വഴക്കടിക്കാന്‍ തുടങ്ങി. അതിനിടെ ഗര്‍ഭിണിയായ യുവതി സ്വന്തം വീട്ടിലേക്ക് പോയി. പ്രസവശേഷം തിരിച്ചെത്തിയപ്പോള്‍ യുവതിയുടെ വീട്ടുകാരും ബന്ധുക്കളും ഇടപെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നു. ഇതോടെ മുഹമ്മദിന്റെ വീട്ടില്‍ നിന്നും മാറി താമസിച്ചു.
എന്നാല്‍ കഴിഞ്ഞമാസം 28ന് മുഹമ്മദ് മുസമില്‍ സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ഭാര്യയെ വിളിച്ചു. ദീര്‍ഘനേരത്തെ സംഭാഷണത്തിന് ശേഷം രണ്ട് പേരും വാക്കുതര്‍ക്കത്തിലായി. അവസാനം മുഹമ്മദ് മുസമില്‍ തലാഖ് ചൊല്ലുകയായിരുന്നു. ഇതോടെ പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഹൈദരാബാദില്‍ ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസും സന്നദ്ധപ്രവര്‍ത്തകരും സ്ത്രീ സംഘടനകളും പറയുന്നത്. ബോധവല്‍ക്കരണം നടത്തേണ്ട സമയം അതിക്രമിച്ചെന്നും വനിതാ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
തന്നെ തലാഖ് ചൊല്ലുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ത്രീധനം ആവശ്യപ്പെട്ട് മുഹമ്മഹ് മുസമില്‍ തന്റെ ബാപ്പയുമായി വഴക്കിട്ടിരുന്നെന്നും അവസാനം ഇറങ്ങിപോകുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. അതിന് ശേഷമാണ് ഫോണ്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയത്. ഇത്തരത്തില്‍ കഴിഞ്ഞ മാസം പഞ്ചായത്തിന്റെ മുന്നില്‍ വെച്ച് തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ കൈയ്യേറ്റം ചെയ്ത യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2018 സെപ്റ്റംബറില്‍ മുത്തലാഖ് കുറ്റകൃത്യമാക്കിയുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ മുസ്്‌ലിം സംഘടനകള്‍ വ്യാപകപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























