മൂലമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി കൊക്കയിലേക്ക് മറിഞ്ഞു... ഒമ്പതു മാസം പ്രായമായ കുഞ്ഞുള്‍പ്പെടെയുളള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂലമറ്റം പുളിയന്‍മല റോഡില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി കൊക്കയിലേക്ക് മറിഞ്ഞു. എന്നാല്‍ കൊക്കയിലേക്ക് മറിഞ്ഞ കാര്‍ സമീപത്തെ മരക്കുറ്റിയില്‍ തട്ടി നിന്നതിനാല്‍ ഒന്‍പതുമാസം പ്രായമായ കൈക്കുഞ്ഞുള്‍പ്പെടെയുള്ള കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂലമറ്റം കെ.എസ് ആര്‍.ടി.സി ഡിപ്പോയിലെ മെക്കാനിക്ക് രാജപുരം പൈനാട്ടോലിക്കല്‍ അനില്‍ കുമാറും ഭാര്യയും കൈക്കുഞ്ഞും എട്ട് വയസുള്ള മകളുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ പത്തിന് നിയന്ത്രണം വിട്ട കാര്‍ നാടുകാണിയില്‍ തലകീഴായി മറിയുകയായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ഒച്ചവച്ചതിനെ തുടര്‍ന്ന് പ്രദേശവാസിയായ സോമനാണ് ആദ്യമെത്തിയത്. കാറിനുള്ളിലുള്ളവര്‍ അനങ്ങിയാല്‍ കാര്‍ താഴെ കൊക്കയിലേക്ക് മറിയുന്ന സ്ഥിതിയായിരുന്നു. കുടുങ്ങിക്കിടന്നവരോട് അനങ്ങരുത് എന്ന് നിര്‍ദ്ദേശിച്ച സോമന്‍ റോഡിലെത്തി സഹായം അഭ്യര്‍ഥിച്ചെങ്കിലും വാഹനങ്ങള്‍ നിര്‍ത്താതെപോയി.
പിന്നാലെ വന്ന ഇടുക്കി എക്‌സൈസ് സംഘം വാഹനം നിര്‍ത്തി നാട്ടുകാരുടെ സഹായത്തോടെ കാറില്‍ കയര്‍ കെട്ടി സമീപത്തെ മരത്തില്‍ കെട്ടിനിര്‍ത്തിയ ശേഷമാണ് അനില്‍ കുമാറിനെയും കുടുംബാംഗങ്ങളെയും പുറത്തിറക്കി ആശുപത്രിയില്‍ എത്തിച്ചത്.
ഭാര്യയുടെ ചികിത്സ കഴിഞ്ഞ് തൊടുപുഴയില്‍ നിന്നു ഇടുക്കിക്ക് പോവുകയായിരുന്നു കുടുംബം. എക്‌സൈസ് ഉദ്യോഗസ്ഥരായ റെജി ജോര്‍ജ്, ടി.കെ വിനോദ് , വിശ്വനാഥന്‍, പി.ടി സിജു, ഹാം റേഡിയോ ഓപ്പറേറ്റര്‍ മനോജ് ഗ്യാലക്‌സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha


























