പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാൻ സംഘവും സ്വിറ്റ്‌സർലൻഡിൽ നിന്ന് മടങ്ങി.
ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ.എ.ഇ.എ) ഉദ്യോഗസ്ഥരെ വീണ്ടും പ്രവേശിപ്പിക്കാൻ ഇറാൻ സമ്മതിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് ശേഷമായിരുന്നു വാൻസിന്റെ പ്രസ്താവന. ഇത് അമേരിക്കൻ ജനതക്ക് വേണ്ടിയുള്ള ഒരു സുപ്രധാന നാഴികക്കല്ലാണെന്നും, ഇറാനിലെ ആണവായുധ പദ്ധതികൾ ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടിയാണെന്നും വാൻസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വാൻസിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്തുവന്നു.
വാൻസിന്റെ അവകാശവാദങ്ങൾ നിഷേധിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി, തങ്ങൾ ആണവ വിഷയത്തിൽ പുതിയ കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്നും ഇത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം സമാധാന ചർച്ചകളുടെ ഭാഗമായി ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവ് വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നതിനും ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനും ആഗസ്റ്റ് 21 വരെ അമേരിക്ക അനുമതി നൽകി. യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ഫലപ്രദമായ ചർച്ചകളെ തുടർന്നാണ് ലൈസൻസ് അനുവദിച്ചതെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.
ഇസ്രായേലിന്റെ സുരക്ഷയും ലബനന്റെ പരമാധികാരവും സംരക്ഷിക്കുന്നതിനൊപ്പം ഹിസ്ബുള്ള ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുകയുമാണ് അമേരിക്കയുടെ മുൻഗണനയെന്ന് ജെ.ഡി വാൻസ് പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ ഉന്നതതല ചർച്ചകൾ പൂർത്തിയായ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് വാൻസ് തന്റെ ആദ്യ പരസ്യ പ്രതികരണം നടത്തിയത്.
അമേരിക്കയുമായി 18 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് ഇറാൻ പ്രതിനിധി സംഘം സ്വിറ്റ്സർലൻഡ് വിട്ട് ടെഹ്റാനിലേക്ക് മടങ്ങിയത്. സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾ സമാപിച്ചെന്നും മധ്യസ്ഥതയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതിയായിരിക്കും ചർച്ചകളുടെ അടുത്ത ഘട്ടത്തിൽ പങ്കെടുക്കുകയെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അറിയിച്ചു. തങ്ങളുടെ ആണവ കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കാൻ ഇറാൻ തയ്യാറല്ല എന്നും അത്തരം ഒരു ചർച്ച ഉണ്ടായിട്ടില്ലെന്നുമാണ് ഇസ്മായിൽ ബഖായി പറയുന്നത് . ഇത് മേഖലയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്
ഇസ്രയേലിന്റെയും അമേരിക്കയുടെയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഇറാന്റെ ആണവ നിർവ്യാപനം ആണ് . എന്നാൽ ഇറാൻ തങ്ങളുടെ ആണവ പദ്ധതി പൂർണമായും സമാധാന പരമാണെന്നും തങ്ങളുടെ കൈവശം ആണവായുധങ്ങൾ ഇല്ലെന്നും, അത് നിർമ്മിക്കാൻ പദ്ധതിയില്ലെന്നും പറയുന്നുണ്ട് . അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച്, സമാധാനപരമായ ആണവ പദ്ധതികൾ തുടരാൻ ഇറാൻ തീരുമാനിക്കുകയും, അന്തിമ കരാറിലെത്തുന്നത് വരെ ആണവ നിരീക്ഷകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആണവ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാൻ അവർ തയ്യാറായിട്ടില്ല. ഇത് ഇസ്രയേലിനെ ചൊടിപ്പിച്ചിട്ടുണ്ട്
അധികം കളിച്ചാൽ ആഞ്ഞടിക്കുമെന്ന് ഇറാനു നേരെ ഇസ്രയേല്‍ നിരന്തരം വെല്ലുവിളി മുഴക്കുമ്പോഴെല്ലാം ലോകം ആശങ്കയോടെ ചിന്തിക്കുന്ന ഒന്നുണ്ട്; ഇറാന്റെ കീഴിലെ ആണവ കേന്ദ്രങ്ങൾ, അവയിൽ അതീവ രഹസ്യമായി നടക്കുന്ന ആണവ സംപുഷ്ടീകരണ പ്രവർത്തനങ്ങൾ... ഇതിനോടകം ഈ രഹസ്യകേന്ദ്രങ്ങളിലൊന്നിൽ ഇറാൻ ഒരു അണുബോംബ് നിർമിച്ചെടുത്തിട്ടുണ്ടാകുമോ? നിലവിലെ ആണവ സൗകര്യങ്ങളുപയോഗിച്ച് ഒരു അണുബോംബ് നിർമിച്ചെടുക്കാൻ ഇറാന് എത്ര സമയം വേണ്ടിവരും? എവിടെയെല്ലാമാണ് ഇറാന്റെ ആണവ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്? ഇവിടങ്ങളിൽ നടക്കുന്നത് എന്താണ്? ആരാണ് ഇറാനെ സഹായിക്കുന്നത്? ഈ ചോദ്യങ്ങൾക്കൊന്നും ലോകത്തിനു ഉത്തരമില്ല ..ഇസ്രയേൽ അപ്രഖ്യാപിത ആണവായുധ ശക്തിയായി ഇറാനെ കണക്കാക്കുന്നുമുണ്ട്
നിരവധി ചർച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന് എത്രമാത്രം സാധിക്കും എന്നതിലാണ് ചർച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് ഇറാൻ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും ആശങ്കകൾ ഉയർത്തുന്നതാണ്.
ഇറാന്റെ ആണവ പദ്ധതിക്ക് കീഴിലുള്ള പ്ലാന്റുകളും സ്ഥാപനങ്ങളുമെല്ലാം രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുകയാണ്. ഇതെല്ലാം എവിടെയാണെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര ആറ്റമിക് എനർജി ഏജൻസിക്കോ (ഐഎഇഎ) ഇറാന്റെ മുഖ്യ ശത്രുക്കളായ ഇസ്രയേലിനോ യുഎസിനോ അറിയില്ല. യുറേനിയം സംപുഷ്ടീകരണ കേന്ദ്രങ്ങൾ, ഗവേഷണ റിയാക്ടറുകൾ, ഹെവി വാട്ടർ പ്രൊഡക്‌ഷൻ പ്ലാന്റുകൾ, ഖനികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഐഎഇഎയ്ക്ക് മുൻപിൽ വെളിപ്പെടുത്തിയ പ്രധാന ആണവ കേന്ദ്രങ്ങളെല്ലാം വൻ മലകൾക്ക് അകത്തും ഒറ്റപ്പെട്ട പ്രദേശങ്ങളിലുമാണ്. നടാൻസ്, ഫോർദോ, ഇസ്ഫഹാൻ, ഖോണ്ടാബ്, ബുഷെർ എന്നിവയാണ് പുറത്തറിയാവുന്ന ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾ.
2003ൽ ഇറാന് ഏകോപിതവും രഹസ്യവുമായ ആണവായുധ പദ്ധതി ഉണ്ടായിരുന്നുവെന്ന് യുഎസും യുഎൻ ആണവ നിരീക്ഷക സംഘവും കണ്ടെത്തിയിരുന്നു. ശക്തമായ വിമർശങ്ങളെത്തുടർന്ന് 2003ൽ ഇതു നിർത്തുകയും ചെയ്തു. യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള ലോകശക്തികളുമായുള്ള 2015ലെ കരാർ പ്രകാരം ഇറാൻ ആണവ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സമ്മതിക്കുകയായിരുന്നു. പകരം ഇറാനു മേലുള്ള രാജ്യാന്തര ഉപരോധങ്ങൾ പിൻവലിച്ചു.
എന്നാൽ 2018ൽ അന്നത്തെ യുഎസ് പ്രസിഡന്റ ഡോണൾഡ് ട്രംപ് ആ കരാറിൽനിന്ന് പിൻമാറി. തൊട്ടുപിന്നാലെ, 2019ൽ ഇറാൻ ആണവ കേന്ദ്രങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു. ആണവ സംപുഷ്ടീകരണത്തിലേക്കു കടക്കുകയാണെന്നും വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളിൽതന്നെ ഇറാൻ അണ്വായുധം സ്വന്തമാക്കുമെന്നു വരെ റിപ്പോർട്ടുകൾ പുറത്തുവന്നു.
ട്രംപ് കരാറിൽനിന്നു പിൻവലിഞ്ഞതോടെ ഇറാന്റെ ആണവ പ്രവത്തനങ്ങളിലും വലിയ മാറ്റംവന്നു. ഇറാന് ഒരു അണുബോംബ് നിർമിക്കാൻ എത്ര സമയമെടുക്കുമെന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെല്ലാം പ്രധാന ചർച്ച. യഥാർഥത്തിൽ നിലവിലെ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഒരു ബോംബ് നിർമിക്കാൻ പ്രതീക്ഷിക്കുന്നതിലും കൂടുതൽ സമയമെടുക്കുമെന്നാണ് മിക്ക ശാസ്ത്രജ്ഞരും പറയുന്നത്. അതേസമയം, സാഹചര്യങ്ങളും സംവിധാനങ്ങളും ലഭ്യമാണെങ്കിൽ ആഴ്ചകൾക്കുള്ളിൽതന്നെ ബോംബുകൾ നിർമിക്കാൻ കഴിയുമെന്ന് ചില വിദഗ്ധർ വാദിക്കുന്നുണ്ട്. റഷ്യ പോലുള്ള ഒരു ആണവ രാഷ്ട്രത്തിന്റെ സഹായം ലഭിച്ചാൽ ആഴ്ചകൾക്കുള്ളിൽ ഇറാന് അണുബോംബുകൾ നിർമിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
യുറേനിയത്തിന്റെ ഐസോടോപ്പുകളിലൊന്നായ യുറേനിയം–235ന്റെ (യു–235) അളവ് കൂട്ടുന്നതാണ് സംപുഷ്ടീകരണം എന്നറിയപ്പെടുന്നത്. പ്രകൃതിദത്ത യുറേനിയത്തിൽ യു–235ന്റെ അളവ് 0.7 ശതമാനത്തോളം മാത്രമേ ഉണ്ടാവുകയുള്ളൂ. ബാക്കി 99.3 ശതമാനവും യുറേനിയം–238 എന്ന ഐസോടോപ്പായിരിക്കും. വിവിധ പരീക്ഷണ പ്രക്രിയകളിലൂടെയാണ് യു–235ന്റെ അളവ് കൂട്ടുന്നത്. ആണവ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുവയിൽ 3 മുതൽ 5 ശതമാനം വരെയായിരിക്കും യു–235 സാന്നിധ്യം. എന്നാൽ ആയുധ നിർമാണത്തിനാണെങ്കിൽ യു–235 90% വരെയുണ്ടാകും. നിലവിൽ 60% വരെ ഇറാൻ സംപുഷ്ടീകരണം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ആണവകേന്ദ്രങ്ങളിൽ വിജയകരമായി സംപുഷ്ടീകരണം തുടരാനായാൽ ഏകദേശം 4 ബോംബുകളെങ്കിലും നിർമിക്കാൻ ആവശ്യമായ യു–235 ലഭിക്കുമെന്ന് ഐഎഇഎയും മുന്നറിയിപ്പ് നല്‍കുന്നു.
ഇറാന്റെ സംപുഷ്ടീകരണ പ്രവർത്തനങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ആണവ കേന്ദ്രമാണ് നടാൻസ്. ടെഹ്‌റാന് തെക്കു ഭാഗത്തായി ഷിയ മുസ്‌ലിംകളുടെ പുണ്യനഗരമായ കോമിന് പുറത്ത് മലനിരകളോട് ചേർന്നുള്ള സമതലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. രണ്ട് സംപുഷ്ടീകരണ പ്ലാന്റുകൾ ഉൾപ്പെടെയുള്ള നിരവധി ആണവ ഗവേഷണ സംവിധാനങ്ങൾ നടാൻസിൽ ഉണ്ട്. ഭരണകൂടത്തോട് എതിർപ്പുള്ള ഒരുവിഭാഗം തന്നെയാണ് 2002ൽ ഇറാൻ രഹസ്യമായി നടാൻസിൽ ചില പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ പശ്ചാത്യ രാജ്യങ്ങളും ഇസ്രയേലും ഏറ്റെടുത്തതോടെ ഇറാനെതിരായ ഉപരോധ നീക്കങ്ങളും ശക്തമായി.
യുറേനിയം സംപുഷ്ടമാക്കുന്നതിനായി അതിവേഗത്തിൽ കറങ്ങുന്ന ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ അടങ്ങിയ, ഇറാന്റെ പ്രാഥമിക യുറേനിയം സംപുഷ്ടീകരണ കേന്ദ്രം കൂടിയാണ് നടാൻസ്. സംപുഷ്ടീകരണത്തിനിടെ യുറേനിയം ഐസോടോപ്പുകളെ വേർതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് സെൻട്രിഫ്യൂജുകള്‍...നിലയത്തിന് ഭൂമിക്ക് പുറത്തും അകത്തും സംവിധാനങ്ങളുണ്ട്. ഇറാന്റെ ആണവ ശേഷിയെക്കുറിച്ചുള്ള ചർച്ചകളിൽ പ്രധാന ശ്രദ്ധാകേന്ദ്രമാണിന്ന് നടാൻസ്.
ടെഹ്‌റാനിൽ തന്നെ കോമിന്റെ എതിർവശത്തായി പർവതത്തിൽ കുഴിയെടുത്ത് അതിനകത്ത് സ്ഥാപിച്ച ആണ സംപുഷ്ടീകരണ കേന്ദ്രമാണ് ഫോർദോ. അതിനാൽ നടാൻസിനേക്കാൾ മികച്ച രീതിയിൽ ഫോർദോ ആണവ കേന്ദ്രത്തെ വ്യോമാക്രമണത്തിൽ നിന്ന് സംരക്ഷിക്കാനും സാധിക്കും. ഇപ്പോൾ ഫോർദോയിൽ ആയിരത്തിലധികം സെൻട്രിഫ്യൂജുകൾ പ്രവർത്തിക്കുന്നുണ്ട്.
വർഷങ്ങളായി ഫോർദോയിൽ രഹസ്യ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവിടുത്തെ കാര്യങ്ങൾ ഐഎഇഎയെ അറിയിക്കുന്നതിന് ഇറാൻ തയാറാകുന്നില്ലെന്നും യുഎസും മറ്റു ചില രാജ്യങ്ങളും ആരോപിക്കുന്നുണ്ട്. 2009ൽ ഫോർദോയിലെ രഹസ്യ നീക്കങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസും ബ്രിട്ടനും ഫ്രാൻസും യുഎൻ ഏജൻസിയെ സമീപിച്ചിരുന്നു. ഈ കേന്ദ്രത്തിന്റെ വലുപ്പവും സംവിധാനങ്ങളും സമാധാനപരമായ ദൗത്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞത്.
നിലവിൽ സാധ്യമായ എല്ലാ വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാവുന്ന രീതിയിൽ പർവതത്തിന്റെ ആഴങ്ങളിലാണ് ഫോർദോ നിർമിച്ചിരിക്കുന്നത്. ഇറാനിലെ ഏറ്റവും സുരക്ഷിതമായ സംപുഷ്ടീകരണ സംവിധാനങ്ങളും ഇവിടെയാണെന്ന് പറയാം
ഇറാന്റെ രണ്ടാമത്തെ വലിയ നഗരമായ ഇസ്ഫഹാന്റെ പ്രാന്തപ്രദേശത്തും വലിയൊരു ആണവ കേന്ദ്രമുണ്ട്. ആണവ റിയാക്ടറുകളിൽ ഉപയോഗിക്കാനാകുന്ന ഫ്യുവൽ പ്ലേറ്റുകൾ നിർമിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടുത്തെ പ്രത്യേകതകളിലൊന്ന്. അസംസ്കൃത യുറേനിയത്തെ സംപുഷ്ടീകരണത്തിനു പാകപ്പെടുത്തിയെടുക്കാനുള്ള സൗകര്യവും ഇസ്ഫഹാനിലുണ്ട്. യുറേനിയം അയിരിനെ (യെല്ലോ കേക്ക്) യുറേനിയം ഹെക്സാഫ്ലൂറൈഡ് (യുഎഫ്6) ആക്കി മാറ്റി സംപുഷ്ടീകരണത്തിനു പാകപ്പെടുത്തുന്ന സംവിധാനമാണ് ആണവ കേന്ദ്രത്തിലുള്ളത്. സെൻട്രിഫ്യൂജ് ഭാഗങ്ങൾ നിർമിക്കുന്നതിനുള്ള യന്ത്രങ്ങളുമുണ്ട്.
എന്തായാലും ഇപ്പോൾ ഒപ്പിട്ട ഭരണ പത്രമനുസരിച്ച് ഇറാൻ ആണവ നിർവ്യാപനത്തിനു തയ്യാറാകുമോ എന്ന് ഉറപ്പില്ല. എന്നാൽ ഇരുപക്ഷവും തങ്ങളുടെ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും കൃത്യമായും നടപ്പിലാക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും അമേരിക്കയുമായുള്ള കരാറിന്റെ വിജയം എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു .
ലബ്‌നാന്‍ ഉള്‍പ്പെടെ എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികള്‍ ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കുക. പരസ്പരം യാതൊരുവിധ ആക്രമണങ്ങളും പാടില്ല, ഇരുരാജ്യങ്ങളും പരസ്പരമുള്ള പരമാധികാരത്തെയും അതിര്‍ത്തികളെയും ബഹുമാനിക്കുക. ആഭ്യന്തര കാര്യങ്ങളില്‍ ഒരുതരത്തിലുമുള്ള ഇടപെടലുകള്‍ പാടില്ല, പരമാവധി 60 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ സമാധാന കരാറില്‍ എത്തിച്ചേരാന്‍ ഇരു രാജ്യങ്ങളും ബാധ്യസ്ഥരാണ്, അമേരിക്ക ഇറാനെതിരെയുള്ള നാവിക ഉപരോധം ഉടന്‍ അവസാനിപ്പിക്കുകയും, 30 ദിവസത്തിനകം കപ്പല്‍ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്യും. അന്തിമ കരാറിന് ശേഷം 30 ദിവസത്തിനകം ഇറാന്റെ സമീപപ്രദേശങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കും എന്ന് തുടങ്ങി 14 ഇന വ്യവസ്ഥകള്‍ പ്രകാരമാണ് ഇറാനും അമേരിക്കയും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























