അച്ഛന്റേയും മകന്റേയും മനസിലിരുപ്പ്... എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍; കേരളത്തിലെ പോപ്പാണ് എന്നാണ് ചിലരുടെ ധാരണ; അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ്; കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിയുന്നില്ല

വനിത മതിലില്‍ വന്‍ ജനപങ്കാളിത്തമുണ്ടായതോടെ പൂര്‍ണമായി കാലുമാറി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും. ആളെക്കൂട്ടിയതിന്റെ ക്രഡിറ്റ് തട്ടിയെടുത്ത് ഇടത്തേക്ക് ചായാനുള്ള മതിലായാണ് അവര്‍ ഇതിനെ കാണുന്നത്. മാത്രമല്ല പിണറായിയുടെ തണലില്‍ എന്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിക്കാനും മറന്നില്ല.
കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിയുന്നില്ല. എന്‍എസ്എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് അവരെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
ഒരു നിലപാട് എടുത്താല്‍ താന്‍ അതില്‍നിന്ന് മാറില്ല. നുണപ്രചാരണങ്ങള്‍ക്ക് ആശയങ്ങളെ തകര്‍ക്കാനാവില്ല. മതിലില്‍ കേരളത്തിലുടനീളം എസ്.എന്‍.ഡി.പി പങ്കാളിത്തമുണ്ടാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നത്. യുവതി പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്. മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വനിതാ മതിലിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ച വനിതാ മതിലായിരിക്കും ഇത്. ഇന്നും പിന്നാക്കക്കാരന് അമ്പലത്തില്‍ കയറാന്‍ കഴിയുന്നില്ല. ശബരിമലയിലെ പല അവകാശങ്ങളും പിന്നാക്കാരന് നഷ്ടമായി. അമ്പലങ്ങളെ ചിലര്‍ സ്വകാര്യ സ്വത്താക്കുകയാണ്. ഇടതുപക്ഷം പിന്നാക്കക്കാരനെ ശാന്തിക്കാരനായി നിയമിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വനിതാമതിലില്‍ പങ്കെടുക്കാമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വനിതാ മതില്‍ ശബരിമലയ്ക്ക് എതിരല്ല. അയ്യപ്പജ്യോതിയോട് വിയോജിപ്പില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പജ്യോതി നടത്തിയത് എന്‍ഡിഎയോ ബിജെപിയോ അല്ല. എന്‍ഡിഎ നടത്തുന്ന പരിപാടിയില്‍ മാത്രം പങ്കെടുക്കാനാണ് ബിഡിജെഎസ് തീരുമാനം. ജ്യോതിയുടെ നേതാക്കള്‍ ആരാണെന്ന് പോലും അറിയില്ല. വിശ്വാസികള്‍ക്ക് ഒപ്പമാണ് ബിഡിജെഎസ്. എന്നാണ് തുഷാര്‍ പറയുന്നത്യ
അതേസമയം വനിതാ മതിലിന്റെ പിന്നില്‍ ശബരിമല തന്നെയാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും ഇതേക്കുറിച്ചെഴുതിയ ലേഖനത്തില്‍ പിണറായി അഭിപ്രായപ്പെട്ടു. ഇടതുപാര്‍ട്ടികള്‍ സമുദായ സംഘടനകളെ കൂട്ടുപിടിക്കുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനെടുക്കുന്ന നിലപാടിന് പരോക്ഷ മറുപടിയാണ് മുഖ്യമന്ത്രിയുടേത്. ലിംഗസമത്വത്തിനൊപ്പം നില്‍ക്കുന്നതും ജാതീയ അടിച്ചമര്‍ത്തലിനെതിരെ പോരാടുന്നതും വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും പിണറായി വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍പും സമുദായ സംഘടനകളുമായി ചേര്‍ന്നു സമരങ്ങള്‍ നടത്തിയിട്ടുണ്ട്. വിമര്‍ശനങ്ങളുമായെത്തുന്നതു നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവരാണ്. ശബരിമല വിധിയാണു വനിതാമതില്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയത്. വിധിക്കു പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇവരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വനിതാമതിലുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലോ മറ്റു യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശം സര്‍ക്കാര്‍ നടത്തിയിരുന്നില്ല. വനിതാമതില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്താനാണെന്നും ശബരിമലയില്‍ യുവതികള്‍ കയറരുതെന്നാണ് നിലപാടെന്നുമായിരുന്നു പ്രധാന സംഘാടകരിലൊരാളായ എസ്എന്‍ഡിപി വ്യക്തമാക്കിയത്. ഇതിനിടെയാണ് ശബരിമല വിധിയും വനിതാമതിലും ബന്ധമുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























