ഹിന്ദുശാസ്ത്രത്തില്‍ ശബരിമല സ്ത്രീപ്രവേശനം വിലക്കിയിട്ടില്ല ; മുന്‍ വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍

ഹിന്ദുശാസ്ത്രത്തില്‍ ശബരിമല യുവതി പ്രവേശനം വിലക്കിയിട്ടില്ലെന്ന് മുന്‍ വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍. പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥയാണ് ഇക്കാരം വ്യക്തമാക്കിയത്. നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശം അനുവദനീയമാണ്. അതുകൊണ്ടു തന്നെ യുവതീപ്രവേശനം ഒരുവിഷയമായി തോന്നിയിട്ടില്ല. മുമ്പ് ആചാരത്തിന്റെ ഭാഗമായി ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം വിലക്കിയിരുന്നു. പക്ഷേ ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ ഈ ആചാരം ഇല്ലാതായി എന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീയും പുരുഷനും തുല്യരാണെന്നും അതുകൊണ്ട് തന്നെ വിവേചനം പാടില്ലെന്നും ബെലഗാവി ശ്രീശൈല മഠത്തിലെ ഡോ. ചെന്ന സിദ്ധരാമ പണ്ഡിതാരാധ്യയും പറഞ്ഞു. ആരാധന കാര്യത്തില്‍ സ്ത്രീ പുരുഷ വിവേചനം കടന്നു വരാന്‍ പാടില്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ തന്നെ ആരാധിക്കാനുള്ള അവകാശമുണ്ട്. കാലം മാറുന്നതിനനുസരിച്ച് ക്ഷേത്രങ്ങളുടെ നിയമങ്ങളിലും മാറ്റം വരണം. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് വികസനമായാണ് കാണുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിന്ദു, കനകദുര്‍ഗ എന്നി യുവതികൾ ശബരിമല പ്രവേശനം നടത്തിയതില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്.
അതേസമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഇലവുങ്കല്‍ മുതല്‍ ശബരിമല വരെ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിയ്ക്കും. യുവതി പ്രവേശനത്തില്‍ കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതീവസുരക്ഷയാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഇനിയും യുവതികള്‍ എത്തിയാല്‍ തടയാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തും പമ്പയിലും തമ്പടിക്കുന്നുണ്ട്.
യുവതി പ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവും അക്രമവും തുടര്‍ന്ന സാഹചര്യത്തിലാണ് മണ്ഡലകാലം തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ശബരിമല, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീടിത് പലതവണകളിലായി നീട്ടി. ഇപ്പോഴും എല്ലാദിവസവും ശരണപ്രതിഷേധം സന്നിധാനത്ത് തുടരുന്നുണ്ട്. സംഘര്‍ഷ സാധ്യത സന്നിധാനത്ത് നിലനില്‍ക്കുന്നുവെന്നാണ് പൊലിസ് റിപ്പോര്‍ട്ടുകള്‍. മകരവിളക്ക് തീരുന്നതു വരെ നിരോധനാജ്ഞ നീട്ടുന്ന സാഹചര്യമാണ് നിലവില്‍.
ശബരിമല യുവതീപ്രവേശനത്തെത്തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂർ ജില്ലയിൽ വ്യാപിക്കുന്നു. കണ്ണൂരിൽ സിപിഎം, ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറുണ്ടായി. സംഘർഷം നിയന്ത്രണാതീതമായി മാറിയതോടെ എല്ലാ പൊലീസുകാരോടും അവധി റദ്ദാക്കി ഡ്യൂട്ടിക്കെത്താൻ നിർദേശിച്ചു. തലശ്ശേരിയിലും ഇരിട്ടിയിലും കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചു. രാത്രിയിൽ 19പേരെ കരുതൽ തടങ്കലിലെടുത്തു. ജില്ലയിൽ പൊലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി.
തലശ്ശേരി എം.എൽ.എ. എ.എൻ. ഷംസീർ , വി. മുരളീധരൻ എം.പി., സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശി എന്നിവരുടെ വീടുകൾക്ക് ബോംബാക്രമണമുണ്ടായി. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന്റെ വീട് ആക്രമിക്കാനും ശ്രമം നടന്നു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ തലശ്ശേരി എം.എൽ.എ. എ.എൻ. ഷംസീറിന്റെ മാടപീടികയിലുള്ള വീടിനുനേരെ ബോംബേറുണ്ടായി. ഈ സമയം എംഎൽഎ വീട്ടിലിലില്ലായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. അക്രമത്തിന് പിന്നിൽ ആർഎസ്എസാണെന്ന് ഷംസീർ പറഞ്ഞു.
സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിനു നേരെ രാത്രി വൈകിയാണ് ബോംബേറുണ്ടായത്. രാത്രി 12 മണിയോടെ വി. മുരളീധരൻ എം.പിയുടെ എരഞ്ഞോളി വാടിയിൽ പീടികയിലെ തറവാട്ടുവീട്ടിന് നേരെ ബോംബേറുണ്ടായി. ഇരിട്ടിക്കടുത്ത് പെരുവംപറമ്പിൽ സി.പി.എം. പ്രവർത്തകൻ വി.കെ.വിശാഖിന് വെട്ടേറ്റു. വിശാഖിനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ കണ്ണൂർ ചെറുതാഴത്ത് ആർഎസ്എസ് കാര്യാലയത്തിന് തീയിട്ടു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തുള്ള ആർഎസ്എസ് കാര്യാലയമാണ് രാത്രി തീവെച്ച് നശിപ്പിച്ചത്.
കണ്ണൂർ എ ആർ ക്യാമ്പിൽ നിന്ന് കൂടുതൽ സേനയെ തലശ്ശേരി ഇരിട്ടി മേഖലയിൽ വിന്യസിച്ചു. അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ തിരിച്ചു വിളിച്ചു. കണ്ണൂർ എസ് പി തലശ്ശേരിയിൽ ക്യാമ്പ് ചെയ്ത് പൊലീസ് നീക്കത്തിന് നേതൃത്വം നൽകുന്നു
https://www.facebook.com/Malayalivartha



























