വന്നുകയറിയ കുരങ്ങനെ കൊണ്ട് പൊറുതിമുട്ടി ജനം

പോത്തന്‍കോട് വന്നുചേര്‍ന്ന ഒരു കുരങ്ങനെ കൗതുകത്തോടെ കണ്ട പ്രദേശവാസികള്‍ പഴവും മറ്റും വാങ്ങി സത്ക്കരിച്ചത് ഇപ്പോള്‍ നാട്ടുകാര്‍ക്ക് തന്നെ വിനയായി. വേങ്ങോടും സമീപ പ്രദേശത്തുമുള്ളവരാണ് കുരങ്ങന്റെ വികൃതികളില്‍ പൊറുതിമുട്ടിക്കഴിയുന്നത്. എങ്ങനെയോ ഈ ഭാഗത്ത് എത്തപ്പെട്ട കുരങ്ങന്‍ ജംക്ഷനില്‍ എകെജി സ്മാരകത്തിനു സമീപമാണ് താവളമുറപ്പിച്ചിട്ടുള്ളത്.
വീടുകള്‍ക്കു മുകളില്‍ സ്ഥാപിച്ചിട്ടുള്ള വെള്ളം നിറച്ച ടാങ്കിനുളളില്‍ ഇറങ്ങി കുളിച്ചു രസിക്കുകയും മൂടി പഴയപടി വയ്ക്കുകയും ചെയ്യുകയാണ് പ്രധാന വിനോദം. പൈപ്പിലൂടെ കുരങ്ങന്റെ രോമം വന്നപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.
വാഴ ഉള്‍പ്പെടെ കൃഷികള്‍ക്കു നാശനഷ്ടം വരുത്തുന്നതും പതിവാണ്. വീടിനു പുറത്ത് അലക്കിയിടുന്ന തുണികളും പാത്രങ്ങളും എടുത്തു കൊണ്ടുപോകുന്നുണ്ട്. ഷീറ്റിട്ട വീടിന്റെ മുകളില്‍ ചാടി ശബ്ദം ഉണ്ടാക്കുകയാണ് മറ്റൊരു വിനോദം. വീടിനു പുറത്ത് ഒന്നും വയ്ക്കാനാകാത്ത സ്ഥിതിയിലാണ്.വാതിലോ ജനലോ തുറന്നു കിടന്നാല്‍ അതിലൂടെ വീടിനുള്ളിലെത്തിയാണ് പരാക്രമം.
വികൃതി കൂടിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.ആക്രമിക്കുമോ എന്നു ഭയന്ന് ആരും സമീപിക്കാറുമില്ല. വനപാലകര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
https://www.facebook.com/Malayalivartha

























