തൂങ്ങിയ കയറും മറ്റും ഒരു മുറിയിലും മൃതദേഹം കസേരയില്‍ ഇരുന്ന നിലയിലുമായി കാടാച്ചിറയിലെ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയെ കണ്ട സംഭവത്തില്‍ പോലീസ് തെരഞ്ഞ അജ്ഞാത യുവാവ് പിടിയില്‍

കാടാച്ചിറയിലെ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കായലോട് സ്വദേശിയായ യുവാവിനെ എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു.
പാലയാട്ടെ ശങ്കരന്‍-അമ്മാളു ദമ്പതികളുടെ മകള്‍ നിഷ (36) മരിച്ച സംഭവത്തിലാണ് യുവാവ് കസ്റ്റഡിയില്‍ ഉള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ 30 തിനാണ് നിഷയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ക്വാര്‍ട്ടേഴ്‌സില്‍ ഒരാള്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.
എന്നാല്‍ ഇയാള്‍ വന്നപ്പോള്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ മനസ്സിലായത്. തൂങ്ങിമരിച്ച യുവതിയെ കസേരയില്‍ ഇരുത്തിയശേഷം വീടുപൂട്ടി ഇയാള്‍ പുറത്തോട്ടു പോവുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.യുവതിയുമായി നാലു വര്‍ഷത്തോളം ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
നിഷ മക്കളുമായി ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിഞ്ഞിരുന്നു. ബന്ധുവീട്ടിലായിരുന്ന കുട്ടികള്‍ 30-ന് വൈകുന്നേരം സ്‌കൂള്‍ കഴിഞ്ഞു വന്നപ്പോള്‍ നിഷയെ കണ്ടില്ല.തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. കസേരയില്‍ ഇരുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ തൂങ്ങിയ കയറും മറ്റും കണ്ടതു മറ്റൊരു മുറിയിലായിരുന്നു.
https://www.facebook.com/Malayalivartha





















