അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോലൈഫ് സയന്‍സ് പാര്‍ക്കില്‍ സജ്ജമാകുന്നു, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോലൈഫ് സയന്‍സ് പാര്‍ക്കില്‍ സജ്ജമാകുന്നു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിപ ഉള്‍പ്പെടെ വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകള്‍ തിരിച്ചറിഞ്ഞ് പ്രതിവിധി സ്വീകരിക്കാനും ഇന്‍സ്റ്റിറ്റിയൂട്ട് യാഥാര്‍ഥ്യമാകുന്നതോടെ കഴിയും. 80,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നൂതന സൗകര്യങ്ങളുള്ള മന്ദിരമാണ് നിര്‍മിക്കുന്നത്.
ആദ്യഘട്ടം 25,000 ചതുരശ്ര അടി പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘമാണ് കെട്ടിടം നിര്‍മിച്ചത്. വിശാലമായ, പ്രധാന സമുച്ചയത്തിന്റെ നിര്‍മാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എല്‍.എല്‍.എല്‍ ലൈറ്റ്‌സിനാണ് നല്‍കിയിരിക്കുന്നത്. ഇത് ആഗസ്‌റ്റോടെ പൂര്‍ത്തിയാകും. രോഗനിര്‍ണയവും ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുഖ്യ ചുമതല. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സേഫ്റ്റി ലെവല്‍3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍4ലേക്ക് ഉയര്‍ത്തും. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റിവൈറല്‍ ഡ്രഗ് റിസര്‍ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജിവെക്ടര്‍ ഡൈനാമിക്‌സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ ലാബുകളാണ് ആരംഭിക്കുക.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അന്താരാഷ്ട്ര വൈറോളജി സമ്മേളനവും ഇന്‍സ്റ്റിറ്റിയൂട്ട് എസ്റ്റാബ്ലിഷ്മന്റെ് അവലോകനവും ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനുള്ള പാനല്‍ ചര്‍ച്ചയും നടക്കും. 2018 മേയ് 30നായിരുന്നു ശിലാസ്ഥാപനം.
https://www.facebook.com/Malayalivartha
























