വകുപ്പുതല പരീക്ഷ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി പരീക്ഷാകേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വെട്ടിക്കുറച്ച് പി.എസ്.സി

വകുപ്പുതല പരീക്ഷ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി പരീക്ഷാകേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വെട്ടിക്കുറച്ചു. 74ഓളം സെന്ററുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി 27 എന്‍ജിനീയറിങ് കോളജുകളും പി.എസ്.സിയുടെ നാല് ഓണ്‍ലൈന്‍ സന്റെറുകളുമടക്കം 31 കേന്ദ്രങ്ങളില്‍ മാത്രമേ പരീക്ഷാസൗകര്യം ഉണ്ടാകൂ. ആദ്യഘട്ടത്തില്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷയുമായി സഹകരിക്കാന്‍ നിരവധി എന്‍ജിനീയറിങ് കോളജുകള്‍ വന്നെങ്കിലും പരീക്ഷ നടത്തിപ്പിലെ സാങ്കേതികതയും സുരക്ഷാവീഴ്ചയും ഭയന്ന് നല്ലൊരുശതമാനം കോളജുകളും പിന്മാറി. ജീവനക്കാരുടെ പ്രബേഷന്‍ പ്രഖ്യാപിക്കാനും ഉദ്യോഗക്കയറ്റത്തിനുമാണ് വകുപ്പുതല പരീക്ഷ.
താലൂക്ക് അടിസ്ഥാനത്തില്‍ അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് സന്റെര്‍ അനുവദിക്കുകയായിരുന്നു ഇതുവരെ. ഈ വര്‍ഷം മുതലാണ് പരീക്ഷ ഓണ്‍ലൈന്‍ ആക്കിയത്. ഇതോടെ, മേഖലാകേന്ദ്രങ്ങള്‍ അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ കോഴിക്കോട് റീജ്യനിലും പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവര്‍ എറണാകുളത്തും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ളവര്‍ തിരുവനന്തപുരം റീജിയനിലും പത്തനംതിട്ട ഓണ്‍ലൈന്‍ സെന്ററിലും പരീക്ഷ എഴുതേണ്ടിവരും. ഇതിനുപുറമെയാണ് 27 കോളജുകളില്‍ സൗകര്യം.
31 സന്റെറുകളില്‍ 5000 ഉദ്യോഗസ്ഥര്‍ക്കാണ് സൗകര്യമൊരുക്കാനാകുക. 12,000ത്തോളം ഉദ്യോഗസ്ഥരാണ് ഒരുദിവസം പരീക്ഷ എഴുതാന്‍ എത്തുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ രാവിലെയും ഉച്ചക്കും വൈകീട്ടും പരീക്ഷ നടത്താനുള്ള നീക്കത്തിലാണ് പി.എസ്.സി. ഇങ്ങനെ വന്നാല്‍ പരീക്ഷാദിവസം ഉദ്യോഗസ്ഥര്‍ക്ക് അവധി എടുക്കണം. ഇതോടെ സര്‍ക്കാര്‍ ഓഫിസ് പ്രവര്‍ത്തനം താളംതെറ്റും.
https://www.facebook.com/Malayalivartha
























