സബ് കലക്ടര്‍ക്കെതിരെ എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്ന് സിപിഐ എം; ജനപ്രതിനിധി എന്ന നിലയില്‍ എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്

ദേവികുളം സബ് കലക്ടര്‍ക്കെതിരെ എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്ത്രീശാക്തീകരണത്തിനും സ്ത്രീപുരുഷ സമത്വത്തിനും വേണ്ടിയാണ് സിപിഐ എം നിലകൊള്ളുന്നത്. പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമായാണ് എംഎല്‍എ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല. മൂന്നാര്‍ പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഇടുക്കി ഡിസിസി അംഗമായ കറുപ്പുസ്വാമിയാണ് പഞ്ചായത്ത് പ്രസിഡന്റ്. അറുപതു ദിവസമായി നടന്നുവരുന്ന നിര്‍മാണപ്രവര്‍ത്തനത്തിന് തഹസില്‍ദാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കുന്നത് ഫെബ്രുവരി ആറിനാണ്. ഈ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് ആറ്, ഏഴ് തീയതികളില്‍ അവിടെ നിര്‍മാണം തുടര്‍ന്നു.
എട്ടാം തീയതിയാണ് റവന്യൂ സംഘവും ദൗത്യസംഘവും വീണ്ടും നിര്‍മാണം നിര്‍ത്തിവയ്പ്പിക്കാന്‍ എത്തിയത്. ഈ സമയം പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, ജില്ലാ പഞ്ചായത്തംഗം വിജയകുമാര്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ വിരട്ടി ഓടിച്ചത്. ഇതിനുശേഷം എംഎല്‍എ യെ പ്രസിഡന്റും സംഘവും വിളിച്ചുവരുത്തുകയായിരുന്നു.
ജനപ്രതിനിധി എന്ന നിലയില്‍ എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്.എന്നാല്‍, ദൗര്‍ഭാഗ്യകരമായി സബ് കലക്ടര്‍ക്കെതിരെ അദ്ദേഹത്തില്‍നിന്നും മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























