മിസ്ഡ്‌കോള്‍ മിസാക്കിയാല്‍ പിടിവിഴും; മുന്നറിയിപ്പുമായി ബി ജെ പി

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു ചില്ലറ പണിയൊന്നുമല്ല കേന്ദ്രം നല്‍കിയിരിക്കുന്നത്. വീടുവീടാന്തരം പട്ടികനോക്കി വോട്ടു തേടണം. തീര്‍ന്നില്ല, വോട്ടു ചോദിച്ചു ചെല്ലുന്ന വീട്ടുകാരുടെ മൊബൈലില്‍നിന്നു കേന്ദ്ര നമ്പറിലേക്കു മിസ്ഡ് കോള്‍ അടിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെയും മിസ്ഡ്‌കോള്‍ അംഗങ്ങളെയും നേരിട്ടുകാണുന്ന മഹാസമ്പര്‍ക്ക പരിപാടി ഫലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു പിടിപ്പിതു പണിയായി.
മിസ്ഡ് കോള്‍ മിസ്സാക്കാമെന്നു കരുതിയാല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഐടി സെല്‍ പിടികൂടും. താഴെത്തട്ടുമുതല്‍ പണിയെടുക്കാതെ ആരും ആളാകേണ്ടെന്നാണു മുന്നറിയിപ്പ്. 15 ലക്ഷം ഗുണഭോക്താക്കള്‍, 22 ലക്ഷം മിസ്ഡ് കോൾ അംഗങ്ങള്‍ എന്നിവരെയാണു പ്രവര്‍ത്തകര്‍ നേരിട്ടു കാണേണ്ടത്. . ഗുണഭോക്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പദ്ധതി പേര്, ഏരിയ, ബൂത്ത് നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന വിശദമായ പട്ടിക കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകത്തിനു കൈമാറി.ഈ പട്ടിക ഏറ്റുവാങ്ങുന്നതുമുതല്‍ പാക്കറ്റുകളാക്കി ബൂത്ത് ഭാരവാഹികളെ ഏല്‍പ്പിക്കുന്നതുവരെയുളള നടപടികള്‍ ഫോട്ടോ എടുത്തു മേല്‍ഘടകങ്ങള്‍ക്കു അയക്കണം. പട്ടിക ഏറ്റുവാങ്ങുന്ന ജില്ലാ നേതാക്കള്‍ കേന്ദ്രകമ്മിറ്റി നല്‍കിയ മൊബൈൽ നമ്പറിലേക്കു മിസ്ഡ് കോൾ അടിക്കണം. താഴെത്തട്ടില്‍ പാക്കറ്റ് ഏറ്റെടുക്കുന്ന മണ്ഡലം പ്രസിഡന്റുമാരും ബൂത്തു പ്രസിഡന്റുമാരും ഇങ്ങനെ ചെയ്യണം. ഇല്ലെങ്കില്‍ ഈ ഘടകങ്ങളില്‍ ക്യാംപെയ്ന്‍ നടക്കുന്നില്ലെന്നു രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കും.
ഗുണഭോക്താക്കളുടെയും അംഗങ്ങളുടെയും വീട്ടിലെത്തി പദ്ധതിയെക്കുറിച്ച് അവരുടെ വിലയിരുത്തലും വിമര്‍ശനവും കേള്‍ക്കണം. വീട്ടുകാരുടെ മൊബൈലില്‍ നിന്നുതന്നെ വേണം കേന്ദ്ര മൊബൈലിലേക്ക് മിസ്ഡ് കൊള്ള കൊടുക്കാൻ. പ്രവര്‍ത്തകര്‍ വീടുകളിലെത്തി എന്നു ഉറപ്പാക്കാനാണിത്. ഗുണഭോക്താവ് നേരിടുന്ന തടസ്സങ്ങള്‍, ആവശ്യങ്ങള്‍ തുടങ്ങിയവ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തണം. കഴിഞ്ഞദിവസം തുടങ്ങിയ സമ്പര്‍ക്ക പരിപാടി മാര്‍ച്ച് 12ന് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha
























