തനിക്കെതിരെ വ്യക്തിപരമായി പരാമര്‍ശം നടത്തിയ എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ ദേവികുളം സബ്കളക്ടര്‍ ഡോ.രേണുരാജ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പരാതി നല്‍കി

തനിക്കെതിരെ വ്യക്തിപരമായി പരാമര്‍ശം നടത്തിയ എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ ദേവികുളം സബ്കളക്ടര്‍ ഡോ.രേണുരാജ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പരാതി നല്‍കി. കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചു. വ്യക്തിപരമായി അധിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്നലെ എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കുന്നില്ലെന്നാണ് സബ്കളക്ടര്‍ പറഞ്ഞിരുന്നത്. ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അതിന് മറുപടി നല്‍കിയെന്നും വ്യക്തമാക്കിയിരുന്നു. ഇന്ന് നിയമസഭയില്‍ പരാതി ചര്‍ച്ചയായി. അനധികൃത ഭൂമികയ്യേറ്റവും നിര്‍മാണവും യാതൊരുവിധത്തിലും അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ സഭയില്‍ മറുപടി നല്‍കി.
പൊതുസമൂഹത്തിന്റെയും റവന്യൂമന്ത്രിയുടെയും സി.പി.ഐയുടെയും പിന്തുണയും സി.പി.എം എസ്.രാജേന്ദ്രനെതിരെ രംഗത്ത് വരുകയും ചെയ്തതോടെയാണ് സബ്കളക്ടര്‍ നിയമപരമായ രീതിയില്‍ എം.എല്‍.എയ്‌ക്കെതിരെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. എംഎല്‍എയെ അനധികൃത നിര്‍മാണത്തിന് കൂട്ടുനിന്നെന്ന് കാട്ടി രേണുരാജ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോടതിയലഷ്യം, സ്ത്രീ വിരുദ്ധ പരാമര്‍ശം, കൈയ്യേറ്റത്തിന് കൂട്ടു നില്‍ക്കല്‍ എന്നിവയായിരുന്നു എംഎല്‍എയ്ക്ക് എതിരായ ആരോപണങ്ങള്‍. കോടതി റിപ്പോര്‍ട്ടില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കോടതിഅലക്ഷ്യം എന്ന കാര്യം എ.ജിയുടെ ഓഫീസ് ഇടപെട്ട് ഒഴിവാക്കിയിരുന്നു.
സബ് കളക്ടര്‍ നിലപാട് കടുപ്പിക്കുകയും വ്യാപക പ്രതിഷേധം ഉണ്ടാവുകയും ചെയ്തതോടെ മാപ്പ് പറയില്ലെന്ന് ഉറച്ചു നിന്ന എംഎല്‍എ നാട്ടുകാര്‍ക്ക് വേദനിച്ചെങ്കില്‍ ക്ഷണിക്കണം എന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിച്ചു. സി.പി.എമ്മും സി.പി.ഐയും തള്ളിപ്പറഞ്ഞതോടെയാണ് ഖേദ പ്രകടനവുമായി എംഎല്‍എ എത്തിയത്. ഇടുക്കി ജില്ലാ കമ്മിറ്റി എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. സ്ത്രീശാക്തീകരണത്തിനായി നിലകൊള്ളുന്ന പാര്‍ട്ടിയുടെ നേതാവില്‍ നിന്നും ഇത്തരം സമീപനം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിനെതിരായ നടപടി പിന്നീട് തീരുമാനിക്കുമെന്നും ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത് റവന്യു വകുപ്പില്‍നിന്ന് ആവശ്യമായ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിര്‍മാണം തടഞ്ഞതിന്റെ പേരിലാണ് 'അവള്‍ ബുദ്ധിയില്ലാത്തവള്‍..., ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു...' എന്നിങ്ങനെ രാജേന്ദ്രന്‍ അധിക്ഷേപിച്ചത്. രേണു രാജ് ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി.
കെട്ടിടനിര്‍മാണത്തിന് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010ലെ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് അവഗണിച്ചതും ജനപ്രതിനിധികള്‍ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങള്‍ വിശദമാക്കി ഇന്നലെ രേണുരാജ് ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എം.എല്‍.എക്കെതിരേ താന്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുണ്ടായ പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























