ഇന്ത്യന്‍ നാവികസേന നടത്തിവന്ന അഭ്യാസപ്രകടനം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി നിര്‍ത്തിവെച്ചു

ഇന്ത്യന്‍ നാവികസേന നടത്തിവന്ന അഭ്യാസപ്രകടനം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി നിര്‍ത്തിവെച്ചു. ആയുധം നിറച്ച് സര്‍വസജ്ജരാകാന്‍ യുദ്ധക്കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. അവധിയിലുള്ള നാവികസേന ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും ഉത്തരവുണ്ട് .
പുല്‍വാമയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന യുദ്ധസമാന സാഹചര്യം കണക്കിലെടുത്താണ് നടപടി. നാല്‍പതിലധികം യുദ്ധക്കപ്പലുകള്‍ പങ്കെടുക്കുന്ന 'ട്രോപ്പക്‌സ്' അഭ്യാസപ്രകടനമാണ് നിര്‍ത്തിവെച്ചത്. രണ്ടായി തിരിഞ്ഞ് ഒരു സംഘം കൊച്ചിക്ക് സമീപവും എതിര്‍ സംഘം ചെന്നൈക്കും വിശാഖപട്ടത്തിനുമിടയിലും നിലയുറപ്പിച്ച് ജനുവരി 30നാണ് അഭ്യാസപ്രകടനം തുടങ്ങിയത്.
കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവന്ന നാവികസേനയുടെ ഏറ്റവും വലിയ അഭ്യാസപ്രകടനം മാര്‍ച്ച് 14 വരെയാണ് നിശ്ചയിച്ചത്. അഭ്യാ സപ്രകടനത്തില്‍ പങ്കെടുക്കുന്ന യുദ്ധക്കപ്പലുകളോട് പരിശീലനം നിര്‍ത്തിവെച്ച് മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം തീരങ്ങളിലെത്തി ആയുധം നിറച്ച് സജ്ജമാകാനാണ് നിര്‍ദേശം.ചില കപ്പലുകള്‍ മുംബൈയില്‍ വെടിക്കോപ്പുകള്‍ നിറച്ചുതുടങ്ങിയതായാണ് സൂചന.
നാവികസേനയുടെ എല്ലാ യുദ്ധക്കപ്പലുകളും പങ്കെടുക്കുന്ന 'ട്രോപ്പക്‌സ്' അഭ്യാസപ്രകടനം രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് നടക്കാറുള്ളത്. ആശയവിനിമയ സംവിധാനങ്ങളുടെ സഹായമില്ലാതെ കപ്പലുകളെ തിരഞ്ഞു കണ്ടുപിടിക്കുന്ന യുദ്ധമുറയുടെ ഭാഗമായ പരിശീലനമാണ് നടന്നുവന്നത്. യുദ്ധക്കപ്പലുകളില്‍ അടിയന്തരമായി വെടിക്കോപ്പുകള്‍ നിറക്കുന്നത് അസാധാരണ നടപടിയാണ്. പുതിയ സാഹചര്യം കണക്കിലെടുത്ത് അന്തര്‍വാഹിനികളുടെയും കപ്പലുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാനും നാവികസേന നടപടി തുടങ്ങി.
അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ അഭ്യാസപ്രകടനങ്ങള്‍ നിര്‍ത്തിവെക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് നാവികസേന വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോഴത്തെ നടപടി പുല്‍വാമ ഭീകരാക്രമണ പ്രത്യേക പശ്ചാത്തലത്തിലാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
വെടിക്കോപ്പുകള്‍ നിറക്കാന്‍ നിര്‍ദേശമുണ്ട്. എന്നാല്‍, യുദ്ധക്കപ്പലുകളില്‍ പരിശീലനത്തിന്റെ ഭാഗമായും ആയുധം നിറക്കാറുണ്ടെന്നും നിലവിലെ സാഹചര്യവുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha






















