എല്ലാവിധ അക്രമങ്ങള്‍ക്കും കോണ്‍ഗ്രസ് എതിര് ; നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചു; സാമ്പത്തികത്തകര്‍ച്ചയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയുമടക്കമുള്ള മൂന്ന് വിഷയങ്ങളാവും വോട്ടെടുപ്പിനെ സ്വാധീനിക്കുകയെന്ന് രാഹുല്‍ ഗാന്ധി

നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. സാമ്പത്തികത്തകര്‍ച്ചയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയുമടക്കമുള്ള മൂന്ന് വിഷയങ്ങളാവും വോട്ടെടുപ്പിനെ സ്വാധീനിക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാവിധ അക്രമങ്ങള്‍ക്കും കോണ്‍ഗ്രസ് എതിരെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. റഫാലിലെ സുപ്രീംകോടതി നോട്ടീസ് സംബന്ധിച്ച് വിഷയം പഠിച്ച് വരികയാണെന്ന് രാഹുല്‍ ഗാന്ധി കണ്ണൂരില്‍ പറഞ്ഞു.
വിശ്വാസ, ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമലയുടെ പേരു പറയാതെ, വിശ്വാസ സംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട് പത്തനംതിട്ടയില്‍ രാഹുല്‍ വ്യക്തമാക്കി. ഒരു സംസ്‌കാരം, ഒരു ഭാഷ, ഒരു മതം, ഒരു ചരിത്രം എന്നു പഠിപ്പിക്കുന്ന സംഘ് പരിവാര്‍ ആശയമല്ല, രാജ്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ പരമ്പര്യമാണ് കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.ഇടതിനോട് മൃദുഭാവം തന്നെയാണ് രാഹുല്‍ ആവര്‍ത്തിച്ചതും
ബിജെപിയെയും ആര്‍എസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തന്റെ പ്രസംഗങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ച, രാഹുല്‍ സിപിഎമ്മിനെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചോ മിണ്ടിയില്ല. സിപിഎം തനിക്കെതിരെ എന്തു പറഞ്ഞാലും അവര്‍ക്കെതിരെ ഒരു വാക്കുപോലും താന്‍ പറയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ചടങ്ങില്‍ പ്രസംഗിച്ച മറ്റെല്ലാവരും സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചപ്പോള്‍ രാഹുല്‍ മാത്രം അക്കാര്യത്തില്‍ മൗനം പാലിച്ചു
ഇടതു സുഹൃത്തുക്കളോട് എന്ന ആമുഖത്തോടെയായിരുന്നു ഇടതുപക്ഷത്തെയും ആര്‍എസ്എസിനെയും പറ്റിയുള്ള പ്രസംഗഭാഗം. 'ഇടതുപക്ഷത്തെയും ആര്‍എസ്എസിനെയും ഞാന്‍ വേര്‍തിരിച്ചാണു കാണുന്നത്. തീര്‍ച്ചയായും കേരളത്തില്‍ ഞങ്ങള്‍ ഇടതുപക്ഷത്തോടാണു പൊരുതുന്നത്. പക്ഷേ, ആര്‍എസ്എസ് ചെയ്തുകൊണ്ടിരിക്കുന്നത് ഇടതുപക്ഷം ഒരിക്കലും ചെയ്തിട്ടില്ല. ഇടതുപക്ഷം ഒരിക്കലും ഭരണഘടനയെയും രാജ്യത്തെ സ്ഥാപനങ്ങളെയും ചോദ്യം ചെയ്തിട്ടില്ല. സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ഈ സ്ഥാപനങ്ങളെ ആര്‍എസ്എസില്‍നിന്നും ബിജെപിയില്‍നിന്നും നരേന്ദ്ര മോദിയില്‍ നിന്നും രക്ഷിക്കാനാണു ഞങ്ങളുടെ പോരാട്ടം' രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍, കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയിലില്‍ കഴിയേണ്ടി വരില്ല. 20,000 രൂപ കടമുള്ള കര്‍ഷകന്‍ ജയിലില്‍ കിടക്കുകയും 2000 കോടി രൂപ കടമുള്ളവര്‍ പുറത്തു നടക്കുകയും ചെയ്യുന്ന സാഹചര്യം കോണ്‍ഗ്രസ് ഭരണത്തിലുണ്ടാകില്ല.
ആര്‍എസ്എസിനെയും ബിജെപിയെയും പോലെ ജനങ്ങളുടെ മേല്‍ ഒരു ആശയ സംഹിതയും അടിച്ചേല്‍പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. 'നിങ്ങളാണു ഞങ്ങളുടെ പ്രത്യയശാസ്ത്രം, നിങ്ങളുടെ ശബ്ദമാണു ഞങ്ങളുടെ പ്രത്യയശാസ്ത്രം. നിങ്ങളുടെ ശബ്ദമില്ലാതെ ഈ രാജ്യത്തിന് അര്‍ഥമില്ല...'
ആര്‍എസ്എസും ബിജെപിയും പറയുന്ന ആശയങ്ങളോടു യോജിക്കുന്നില്ലെങ്കില്‍ അവര്‍ നശിപ്പിച്ചു കളയും. കോണ്‍ഗ്രസ് എന്ന ആശയത്തെ തന്നെ തുടച്ചുനീക്കുമെന്നു നരേന്ദ്ര മോദി പറയുന്നു. മോദീ, നിങ്ങളെയും നിങ്ങളുടെ ആശയങ്ങളെയും ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തോല്‍പിക്കും. നിങ്ങള്‍ ഞങ്ങളെ എത്ര അധിക്ഷേപിച്ചാലും ആക്രമിച്ചാലും അതേ ഭാഷയില്‍ മറുപടി ഉണ്ടാകില്ല. സ്‌നേഹത്തിന്റെയും അഹിംസയുടെയും മാര്‍ഗത്തിലൂടെ നിങ്ങള്‍ തെറ്റാണെന്നു ഞങ്ങള്‍ ബോധ്യപ്പെടുത്തും- രാഹുല്‍ പറഞ്ഞു.
മധ്യവര്‍ഗത്തിന്റെ കീശ കാലിയാക്കാന്‍ ലക്ഷ്യമിട്ടാണ് ന്യായ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ന്യായ് പദ്ധതി നടപ്പാക്കുമ്പോള്‍ ഒരു മധ്യവര്‍ഗക്കാരെന്റെയും കീശ കാലിയാകില്ലെന്ന് ഉറപ്പു നല്‍കുന്നു രാഹുല്‍ പറഞ്ഞു
15 ലക്ഷം നല്‍കുമെന്നു മോദി പറഞ്ഞതു പോലുള്ള പെരും നുണയല്ല, നല്‍കാനാവുന്ന പണത്തിന്റെ കാര്യമാണ് കോണ്‍ഗ്രസ് പറയുന്നത്. 5 വര്‍ഷം കൊണ്ട് 3.6 ലക്ഷം രൂപ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടെത്തും. ദാരിദ്ര്യത്തിനു മേലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ന്യായ് പദ്ധതി. അതിനുള്ള പണം ഇടത്തരക്കാരില്‍ നിന്നല്ല, അനില്‍ അംബാനിമാരില്‍ നിന്നാണ്. നോട്ട് നിരോധിച്ച മോദി നിങ്ങളുടെ കീശയിലെ പണമെടുത്ത് അംബാനിയുടെ കീശയിലിട്ടു. ന്യായ് പദ്ധതി ചെയ്യുന്നതു തിരിച്ചാണ്. നിങ്ങളുടെ കീശയില്‍ നിന്നു മോദി എടുത്ത പണം ഞങ്ങള്‍ തിരിച്ചു തരാന്‍ പോകുന്നു രാഹുല്‍ പറഞ്ഞു. 'ഗബ്ബര്‍ സിങ് ടാക്‌സി'നെ (ജിഎസ്ടി) ഉടച്ചു വാര്‍ത്ത് ലളിതമായ കുറഞ്ഞ നിരക്കിലുള്ള പുതിയ ചരക്കു സേവന നികുതി നടപ്പാക്കും.
https://www.facebook.com/Malayalivartha
























