പൊതുസമ്മേളനത്തില്‍ തന്നെ വ്യക്തിപരമായി അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് കോടതിയില്‍ പരാതി നല്‍കി

പൊതുസമ്മേളനത്തില്‍ തന്നെ വ്യക്തിപരമായി അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് കോടതിയില്‍ പരാതി നല്‍കി. പിണറായി സര്‍ക്കാരിന്റെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് രമ്യ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇതുവരെ കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. നീതി നിഷേധം ഉണ്ടായതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് നേതാക്കളും പറഞ്ഞു.
പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് വിജയരാഘവന്‍ രമ്യയെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ പോകുന്നുണ്ട്. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചാരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നത്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ല. എന്നാണ് വിജയരാഘവന്‍ പറഞ്ഞത്.
പൊന്നാനിയില്‍ ഏപ്രില്‍ ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് എടുക്കണോ, വേണ്ടയോ എന്ന് പൊലീസ് നിയമോപദേശം തേടിയിട്ട് രണ്ടാഴ്ചയായി. തിരൂര്‍ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൃത്യമായ സൂചനകളൊന്നുമില്ലാതെ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്നും കേരളത്തില്‍ സ്ത്രീ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഇടത് സഹയാത്രികരടക്കം രംഗത്തെത്തി. പരസ്യമായി മാപ്പ് പറയണമെന്ന് സുനില്‍ പി.ഇളയിടം ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്ന ന്യായീകരണവുമായി വിജയരാഘവന്‍ രംഗത്തെത്തി. പിന്നീട് മാപ്പ് പറയാതെ ഖേദം പ്രകടിപ്പിച്ചു. വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡി.ജിപിക്ക് പരാതി നല്‍കിയിരുന്നു. അതിലും അന്വേഷണം എങ്ങുമെത്തിയില്ല.
വിജയരാഘവന്റെ പരാമര്‍ശം ആസൂത്രിതമായിരുന്നെന്ന് രമ്യ ആരോപിച്ചു. നേരത്തെയും തനിക്കെതിരെ സമാനപരാമര്‍ശം നടത്തിയിട്ടുണ്ടെന്നും രമ്യ ചൂണ്ടിക്കാട്ടി. തന്റെ എതിര്‍ സ്ഥാനാര്‍ഥി പി.കെ ബിജു വിജയരാഘവന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് ഞെട്ടിച്ചു. അദ്ദേഹത്തിന്റെ നിലപാട് ജനം വിലയിരുത്തട്ടെ. എനിക്കും അച്ഛനും അമ്മയും സഹോദരങ്ങളുമുണ്ട്. വിജയരാഘവന്റെ പരാമര്‍ശം അവര്‍ എങ്ങിനെ കാണുമെന്ന് കൂടി ചിന്തിക്കണം. വിജയരാഘവന് എന്നെ പോലൊരു മകളുണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംസാരിക്കുമോ എന്നും രമ്യ ചോദിച്ചു.
തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നാളെ തുടങ്ങാനിരിക്കെ ഇടത് മുന്നണി കണ്‍വീനര്‍ കോടതി കയറുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ലിംഗനീതിക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി വനിതാ മതില്‍ തീര്‍ക്കുകയും അതിനായി പരിപാടികളും പ്രസംഗങ്ങളും നടത്തുകയും ചെയ്ത പാര്‍ട്ടിയുടെ മുന്നണി അധ്യക്ഷന്‍ ഇത്തരത്തിലൊരു പ്രസംഗം നടത്തിയത് പല നേതാക്കള്‍ക്കും അവമതിപ്പുളവാക്കി. വിജയരാഘവന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. നിയമോപദേശം ലഭിക്കാന്‍ വൈകുന്നത് കൊണ്ടാണ് കേസെടുക്കാത്തതെന്ന് അന്വേഷണ ചുമതലയുള്ള തിരൂര്‍ ഡിവൈഎസ്പി അറിയിച്ചു. എന്നാല്‍ കോടതി നിലപാട് നിര്‍ണായകമാകും.
https://www.facebook.com/Malayalivartha
























