ഞെട്ടിപ്പിച്ച് കോടിയേരി... രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പുകഴ്ത്തിയതോടെ വല്ലാത്ത അവസ്ഥയില്‍ സിപിഎം; രാഹുല്‍ ഗാന്ധിയുടേത് ഇരട്ടത്താപ്പ്; ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്നെന്ന് കോടിയേരി

ഈ രാഹുല്‍ ഗാന്ധിയെ കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തോറ്റു. കേരളത്തിലെ മുഖ്യ എതിരാളികളായ സിപിഎമ്മിനെ പറ്റി രാഹുല്‍ ഗാന്ധി കുറ്റം പറയാത്തത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നു. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പുകഴ്ത്തുന്നത് സിപിഎമ്മിനേയും അലട്ടുന്നുണ്ട്. അതിനാല്‍ തന്നെ പ്രതിഷേധമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തി.
ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് വന്‍വിജയം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് രാഹുല്‍ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ മേല്‍ക്കൈ നേടിയ എല്‍ഡിഎഫ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും കൂടുതല്‍ സീറ്റും വോട്ടും നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിലെത്തില്‍ രാഹുല്‍ ഗാന്ധി ചുവടുമാറ്റി ചവിട്ടുന്നത്. ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ഇടതുപക്ഷവുമായി മത്സരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പാണ്. ബിജെപി ശക്തികേന്ദ്രങ്ങളില്‍ ശക്തമായ മത്സരം നടത്താനാകാത്തതിനാലാണ് രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നത്. കാസര്‍കോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
കേരളത്തില്‍ മതനിരപേക്ഷ സര്‍ക്കാരാണുള്ളത്. ബിജെപിക്കെതിരെ വിശാലസഖ്യമുണ്ടാക്കാനുള്ള താല്‍പര്യം കോണ്‍ഗ്രസിനില്ല. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ ശക്തമായ കൂട്ടുക്കെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസിനായില്ല. ഇത് സന്തോഷിപ്പിക്കുന്നത് ബിജെപിയെയാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതില്‍ സന്തോഷം ബിജെപിക്കാണ്. ആറു സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര കക്ഷികളാണ് ബിജെപിയുമായി ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 38.5 ശതമാനം വോട്ട് നേടിയപ്പോള്‍ യുപിഎ ഇതര കക്ഷികള്‍ക്ക് 39 ശതമാനം വോട്ട് ലഭിച്ചു. യുപിഎക്ക് ലഭിച്ചത് 23 ശതമാനം വോട്ട് മാത്രം. ബിജെപി, കോണ്‍ഗ്രസ് ഇതര കക്ഷികള്‍ ശക്തി തെളിയിച്ചു.
ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദലുയര്‍ത്തുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ പിന്തുണയില്‍ മതേതര സര്‍ക്കാര്‍ നിലവില്‍ വരും. 2004 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ അധികാരത്തില്‍ നിന്നിറക്കാന്‍ കേരളം 18 സീറ്റുകള്‍ ഇടതുപക്ഷത്തിന് നല്‍കി. ലോകസഭായില്‍ 61 സീറ്റ് ലഭിച്ചു. ഇടതിന് വോട്ട് നല്‍കുന്നത് ബിജെപി സഹായിക്കലാകുമെന്ന വാദം 2004 ലെ അനുഭവമുള്ള കേരളത്തിലെ ജനങ്ങള്‍ വകവെക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാകുമെന്ന് കോടിയേരി പറഞ്ഞു.
അതേസമയം രാഹുലിന് എതിരേയുള്ള പ്രചാരണം ശക്തിപ്പെടുത്താന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. ബത്തേരിയില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.സുനീറിനൊപ്പം റോഡ് ഷോയിലും യച്ചൂരി പങ്കെടുക്കും.
ബത്തേരിയിലെ പരിപാടിക്കു ശേഷം വണ്ടൂരിലും യച്ചൂരിയുടെ പൊതുയോഗമുണ്ട്. കേന്ദ്രനേതാക്കളുടെ പര്യടനത്തെക്കുറിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റി തയാറാക്കിയ പട്ടികയില്‍ വയനാട്ടില്‍ ആദ്യം യച്ചൂരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീടാണ് യച്ചൂരി വരുമെന്ന തീരുമാനം വന്നത്.
https://www.facebook.com/Malayalivartha
























