മൂന്നര വയസുകാരന്റെ ചികിത്സയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘം എറണാകുളത്തേയ്ക്ക്; കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഹാരിസ് എന്നീ വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഈ സംഘം രാത്രി ഏഴ് മണിയോടെ രാജഗിരി ആശുപത്രിയിലെത്തുന്നതാണ്. കൂടാതെ സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ആശുപത്രിയുമായി ബന്ധപ്പെടുകയും കുട്ടിയുടെ ചികിത്സയ്ക്കും സുരക്ഷയ്ക്കുമാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രി അധികൃതരുമായും സംസാരിച്ചിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ മറ്റാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്തായാലും പ്രത്യേക മെഡിക്കല്‍ സംഘം കുട്ടിയുടെ ആരോഗ്യ നില വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂര മര്‍ദനമുണ്ടാകുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ തണല്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണ്. ബന്ധുക്കളും അയല്‍ വീട്ടുകാരും ഇത് ശ്രദ്ധിക്കണമെന്നും കുട്ടികള്‍ക്ക് നേരെ എന്തെങ്കിലും അതിക്രമം കണ്ടാല്‍ ഈ നമ്പരില്‍ വിളിച്ച് അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha























