കേരള കോൺഗ്രസിന്റെ(എം) പുതിയ ചെയർമാൻ ജോസ് കെ.മാണി; കോട്ടയത്ത് ചേര്‍ന്ന സമാന്തര യോഗത്തിലാണ് തീരുമാനം; പാർട്ടി സെക്രട്ടറി കെ.ഐ. ആന്റണി വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം

ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന സമാന്തര യോഗത്തിലാണ് തീരുമാനം. ഏഴു ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തിനെത്തി. പാർട്ടി സെക്രട്ടറി കെ.ഐ. ആന്റണി വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം. സിഎസ്ഐ റിട്രീറ്റ് സെന്ററിലായിരുന്നു യോഗം. ഇന്നു ചേരുന്നതു ബദൽ കമ്മിറ്റിയല്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഭരണഘടനപ്രകാരം വ്യവസ്ഥാപിതമാര്‍ഗത്തിലൂടെയാണ് യോഗം വിളിച്ചത്. ഇത് ഫാൻസ് അസോസിയേഷൻ യോഗമാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. കമ്മിറ്റി യോഗത്തെപ്പറ്റി പി.ജെ. ജോസഫ് ഉൾപ്പെടെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്.
മുതിര്‍ന്ന അംഗം ഇ ജെ ആഗസ്തിയാണ് പേര് നിര്‍ദേശിച്ചത്. പികെ സജീവ് പിന്താങ്ങി. 2 എം എല്‍ എ മാരും പാര്‍ട്ടിയുടെ 2 എംപിമാരും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയിലെ 343 അംഗങ്ങള്‍ പങ്കെടുത്തതായാണ് വിവരം . 450 ആണ് സംസ്ഥാന കമ്മിറ്റിയുടെ അംഗബലം. ഓരോ ജില്ല തിരിച്ചുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി , രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ യോഗം നടന്ന സി എസ് ഐ ഓഡിറ്റോറിയത്തിലേയ്ക്ക് കടത്തിവിട്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് മാത്രമായിരുന്നു ഹാളിനുള്ളിലേയ്ക്ക് പ്രവേശനം. പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഹാളിനുള്ളില്‍ പ്രവേശിക്കുന്നതിന് മുന്‍പേ തന്നെ ഇവര്‍ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
ജോസഫ് വിഭാഗത്തിന്റെ ഭാഗത്തു നിന്നു പ്രതിഷേധത്തിനു സാധ്യതയുള്ളതിനാൽത്തന്നെ, സംസ്ഥാന സമിതി യോഗം നടക്കുന്ന ഹാളിലേക്കു പരിശോധനയ്ക്കു ശേഷമാണ് അംഗങ്ങളെ കടത്തി വിട്ടത്. ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ജോസ് കെ.മാണിയെ ആനയിച്ചു കൊണ്ടുപോകാനുള്ള വാഹനം ഉൾപ്പെടെ തയാറായിരുന്നു. അടച്ചിട്ട ഹാളിലായിരുന്നു യോഗം. മുതിർന്ന നേതാവ് സി.എഫ്.തോമസ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. പി.ജെ.ജോസഫ് തൊടുപുഴയിൽ തുടരുകയാണ്. വൈകിട്ടു തിരുവനന്തപുരത്തേക്കു പോകും.
കെ.എം.മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ പദവിയെച്ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെ.ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ.മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. ഇത് പിളര്‍പ്പുതന്നെയാണെന്ന നിലപാടിലാണ് പി.ജെ.ജോസഫ്.
പാർട്ടി ഘടകങ്ങളിൽ മുൻതൂക്കം ജോസ് വിഭാഗത്തിനാണ്. കമ്മിറ്റികളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ട്. കുറച്ചു പേർ ജോസഫ് വിഭാഗത്തിലേക്കു മാറിയാലും ഭൂരിപക്ഷം ലഭിക്കും. സംസ്ഥാന കമ്മിറ്റി (450), സ്റ്റിയറിങ് കമ്മിറ്റി (111), ഉന്നതാധികാര സമിതി (29), പാർലമെന്ററി പാർട്ടി (എംഎൽഎ, എംപി) എന്നിവയിൽ ഭൂരിപക്ഷമുണ്ട്.
https://www.facebook.com/Malayalivartha


























