കുളി കഴിഞ്ഞിറങ്ങുമ്പോള്‍ വീടിനു മുന്നില്‍ ഒരു സ്ത്രീയുടെ അലര്‍ച്ച.... നോക്കിയപ്പോള്‍ തൊട്ടയല്‍പക്കത്തെ ചേച്ചി കണ്‍മുന്നില്‍ പിടഞ്ഞുവീഴുന്നു.... നടുക്കം വിട്ടുമാറാതെ തസ്‌നി

അയല്‍പക്കത്തുള്ള ചേച്ചി കണ്‍മുന്നില്‍ പിടഞ്ഞുവീണതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറാതെ തസ്‌നി. വള്ളികുന്നം കരിപ്പുറത്ത് യുസ്‌റ മന്‍സിലില്‍ മുസ്തഫയുടെ ഭാര്യ തസ്‌നിയുടെ (25) മുഖത്ത് ഭയം ഇതുവരെ വിട്ടുമാറിയിട്ടില്ല. 'ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ജോലിയെല്ലാം കഴിഞ്ഞ് മുന്നിലെ വാതിലും അടച്ച് കുളിക്കാന്‍ കയറിയിരുന്നു.
കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് പുറത്ത് സ്ത്രീയുടെ അലര്‍ച്ച കേള്‍ക്കുന്നത്. ജനാല തുറന്നുനോക്കുമ്പോള്‍ അയല്‍ക്കാരിയായ സൗമ്യയുടെ മുഖം മിന്നായംപോലെ കണ്ടു. രക്തം വാര്‍ന്ന് ഓടിയെത്തിയ അവര്‍ എന്റെ വീടിന് മുന്നിലേക്ക് നിലംപതിക്കുകയായിരുന്നു. പിന്നെ തീയാളുന്നതാണ് കണ്ടത്. കൊടുവാളുമായി നില്‍ക്കുന്ന അക്രമി. ഞാനൊന്നമ്പരന്നു. ഭയപ്പെട്ട എനിക്ക് പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാനായില്ല.
ബഹളംകേട്ട് പരിസരത്തുനിന്ന് ആരൊക്കെയോ ഓടി അടുക്കുന്നത് കണ്ടപ്പോള്‍ ഒരു ബക്കറ്റ് വെള്ളവുമായാണ് ഞാനും കതക് തുറന്ന് പുറത്തേക്ക് എത്തുന്നത്. ഇത് സൗമ്യയുടെ ദേഹത്തേക്ക് ഒഴിച്ചു. അപ്പോള്‍ പൈപ്പിന്‍ ചുവട്ടിലിരിക്കുകയായിരുന്ന കൊലയാളിയുടെ എന്റെ നേരയുള്ള ക്രൂരമായ നോട്ടം ഇപ്പോഴും മനസ്സിലുണ്ട്. വെള്ളം ഒഴിക്കരുതെന്ന ഭാവത്തോടെ അയാള്‍ കൈകളും ചലിപ്പിച്ചിരുന്നു. അയല്‍വാസിയെന്ന നിലയില്‍ നല്ല സൗഹൃദമാണ് സൗമ്യയുമായി ഉണ്ടായിരുന്നത്. മാന്യമായ പെരുമാറ്റമായിരുന്നു. അക്രമിയെപോലൊരാളെ ഒരിക്കല്‍പോലും കണ്ടിട്ടില്ല. മുമ്പ് ഇങ്ങനൊരാള്‍ ഇവിടെ വന്നിട്ടേയില്ല'' എന്ന് തസ്‌നി തറപ്പിച്ചുപറയുന്നു.
https://www.facebook.com/Malayalivartha

























